കേരളത്തിൽ റോയൽ എൻഫീൽഡ് ഇഷ്ടമല്ലാത്തവർ വിരളമാണ്. ആയകാലത്ത് ബുള്ളറ്റിൽ ചെത്തി നടന്ന പലരും ഇന്ന് കൊച്ചുമക്കളുടെ കൈയിലെ ബുള്ളറ്റ് കണ്ട് സന്തോഷിക്കുന്നവരാണ്. വളരെ ചുരുക്കം ചിലർ ബുള്ളറ്റ് പ്രേമത്തിൽ ഇപ്പോഴും ഒപ്പം കൊണ്ടു നടക്കുന്നുമുണ്ട്.
അങ്ങനെയൊരു വ്യക്തിത്വമാണ് ചങ്ങനാശേരിക്കാരുടെ സ്വന്തം 'ബുള്ളറ്റ് കറിയാച്ചൻ'. ചങ്ങനാശേരി ഇത്തിത്താനം വലിയപറമ്പിൽ സ്‌കറിയ ആന്റണി എന്നാണ് ശരിക്കുള്ള പേരെങ്കിലും ബുള്ളറ്റ് കറിയാച്ചൻ എന്നു പറഞ്ഞാലേ ആളുകൾക്ക് ഇദ്ദേഹത്തെ അറിയൂ. കാരണം 45 വർഷമായി ഈ ബുള്ളറ്റിനെ ഇങ്ങനെ ഒപ്പം കൂട്ടിയിട്ട്. ഇപ്പോൾ കറിയാച്ചൻ ചേട്ടന് 69 വയസായി. ഇന്നും അദ്ദേഹം യാത്ര ചെയ്യുന്നത് ഈ ബുള്ളറ്റിലാണ്.
1979 നവംബർ 22നാണ് മരക്കാർ മോട്ടോർസിൽ നിന്നും റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് വാങ്ങിയത്. ബുക്ക് ചെയ്യുമ്പോൾ 9999 രൂപയായിരുന്നു വില. ആറ് മാസത്തിന് ശേഷം വാഹനം കയ്യിൽ കിട്ടിയപ്പോൾ 500 രൂപ കൂടി 10499 രൂപയായി. എന്ന് പറയുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് അതിന്റെ മൂല്യം എത്രയെന്ന് ചിന്തിക്കാൻ ആവില്ല. അന്ന് അത്രമേൽ ഇഷ്ടം തോന്നിയിട്ടാവാം അത്രയും വലിയ തുകയ്ക്ക് ഇഷ്ടവാഹനം സ്വന്തമാക്കിയത്. ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ് ഈ വാഹനം. 45 വർഷത്തിനിടയിൽ അദ്ദേഹവും മകനും മാത്രമേ ആ ബുള്ളറ്റ് ഉപയോഗിച്ചിട്ടുള്ളൂ.
താൻ 40 കിലോമീറ്റർ വേഗത്തിലാണ് സാധാരണയായി യാത്ര ചെയ്യാറുള്ളതെന്ന് അദ്ദേഹം പറയുന്നു. ബുള്ളറ്റ് പ്രേമം മൂത്ത് ബുള്ളറ്റ് ഓടിക്കുന്നവർ ചേർന്ന് ഒരു ബുള്ളറ്റ് കൂട്ടായ്മയും തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു. അതാണ് ചങ്ങനാശേരി ബുള്ളറ്റ് ക്ലബ്. ഒട്ടേറെ സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികൾ സംഘടിപ്പിച്ച ക്ലബ്ബിന്റെ സെക്രട്ടറി ആയിരുന്നു അദ്ദേഹം.
1995 ൽ മദ്യപാനം എന്ന ദുശീലത്തോട് വിടപറഞ്ഞ് ലഹരിക്കെതിരായി സ്‌കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ എടുത്തു തുടങ്ങി. അത് ഇന്നും തുടരുന്നു. അന്നും ഇന്നും അദ്ദേഹത്തിന്റെ പ്രണയവും ലഹരിയുമെല്ലാം ഈ ബുള്ളറ്റാണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കെ.ആർ.കെ 306 എന്ന 1979 മോഡൽ ബുള്ളറ്റ് ഒരു പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം വിട്ടുകളഞ്ഞില്ല.
കുടുംബപരമായി ടെക്‌സ്‌റ്റൈൽസ് ബിസിനസ് ആയിരുന്നു. പിതാവിനൊപ്പം തുണിക്കച്ചവടം ചെയ്തിരുന്ന അദ്ദേഹം 79 ൽ സ്വന്തമായി ഒരു ടെക്‌സ്‌റ്റൈൽസ് ഷോപ്പ് ആരംഭിച്ചു. സോണ ഫെബ്രിക്‌സ് എന്നൊരു സ്ഥാപനം ആരംഭിച്ചു. അതിൽ നിന്നും വരമാനം കണ്ടെത്തിയാണ് മൂന്നു മക്കളേയും നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യിച്ചത്. മൂന്ന് മക്കളേയും മംഗലാപുരത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അദ്ദേഹം പഠിപ്പിച്ചത്. മൂന്ന് പേരും ഇപ്പോൾ മൂന്ന് രാജ്യങ്ങളിലുമാണ്. മൂത്തമകൻ സോണ(ഇംഗ്ലണ്ട്) അഡ്വക്കേറ്റാണ്. രണ്ടാമത്തെ മകൾ വീണ(കാനഡ) എംബിഎ ബിരുദ ധാരിയും മൂന്നാമത്തെ മകൾ ഡോണ(യു.എസ്.എ) നഴ്‌സുമാണ്.
എല്ലാ ഉത്തരവാദിത്തങ്ങളും നിരവധി ത്യാഗങ്ങൾ സഹിച്ചാണെങ്കിലും ഭംഗിയായി നിവർത്തിച്ചു എന്ന ആത്മാഭിമാനത്തോടെ ഇപ്പോൾ ചങ്ങനാശേരിയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. അന്നത്തെ കാലത്ത് തുണിക്കച്ചവടം മുന്നോട്ട് കൊണ്ടുപോകുക എന്നത് വളരെ ശ്രമകരമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ജൗളിക്കച്ചവടക്കാരനായ കറിയാച്ചനെ സോണ കറിയാച്ചനെന്നും ബുള്ളറ്റ് പ്രേമിയായ കറിയാച്ചനെ ബുള്ളറ്റ് കറിയാച്ചനെന്നുമാണ് നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്നത്. ടെക്‌സ്റ്റേൽസ് ഷോപ്പ് ഉടമയായ അദ്ദേഹത്തിന് ബുള്ളറ്റിനോടുള്ള പ്രണയത്തിന് അന്നും ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഭാര്യ തങ്കമ്മയും കട്ട സപ്പോർട്ടാണെന്ന് അദ്ദേഹം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്