ഇടുക്കി: ഡീൻ കുര്യാക്കോസ് എംപിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിനെതിരെ കടുത്ത ആക്ഷേപങ്ങളുമായി കൂടുതൽ ഡിസിസി ഭാരവാഹികൾ. ഡീൻ കുര്യാക്കോസിന്റെ ഔദാര്യത്തിലാണ് സി.പി. മാത്യു ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹത്തെ നിലയ്ക്ക് നിർത്താൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും ഡിസിസി ജനറൽ സെക്രട്ടറി അരുൺ പൊടിപാറ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികളിൽ നിന്ന് പണം വാങ്ങിയത് മാത്രമാണ് സി.പി. മാത്യുവിന് തെരഞ്ഞെടുപ്പുമായുള്ള ഏക ബന്ധമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ഒ.ആർ. ശശി അതിരൂക്ഷമായി പരിഹസിച്ചു. സി.പി. മാത്യുവിന് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അടിയന്തരമായി അദ്ദേഹത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്നും ശശി തുറന്നടിച്ചു.
പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന ചർച്ചകൾക്കിടെ വി.ഡി. സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ ഇടുക്കിയിലെ പ്രവർത്തകർക്കെതിരെ ഡിസിസി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഈ നടപടിയെ ഡീൻ കുര്യാക്കോസ് എംപി പരസ്യമായി ചോദ്യം ചെയ്തതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും അമിതമായി അച്ചടക്കത്തിന്റെ വാൾ ഉയർത്താൻ കോൺഗ്രസ് കേഡർ പാർട്ടി അല്ലെന്നുമായിരുന്നു ഡീന്റെ നിലപാട്.
ഇതിന് മറുപടിയായി, ഡീൻ കുര്യാക്കോസിന് "മൂക്കാതെ പഴുത്തതിന്റെ" പ്രശ്നമാണെന്നും എംപി സ്വന്തം പണി നോക്കിയാൽ മതിയെന്നും സി.പി. മാത്യു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റ് ജില്ലകളിലെ എംപിമാർ ഡിസിസിയെ സഹായിക്കുമ്പോൾ ഡീൻ ഒന്നും ചെയ്യുന്നില്ലെന്നും, എംപി എന്നാൽ 'മെമ്പർ ഓഫ് പാർലമെന്റ്' ആകണം അല്ലാതെ 'മെമ്പർ ഓഫ് പഞ്ചായത്ത്' ആകരുതെന്നും മാത്യു പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംപിയെ അനുകൂലിക്കുന്ന ഭാരവാഹികൾ പ്രസിഡന്റിനെതിരെ കൂട്ടത്തോടെ രംഗത്തെത്തിയത്.
Newstags: Idukki DCC Crisis, Dean Kuriakose MP, C.P. Mathew, Arun Podipara, O.R. Sashi, Congress Group Feud, V.D. Satheesan Support, Discipline Action, Kerala Congress Politics, Idukki Congress Dispute.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
