കണ്ണൂര്‍: കുന്നംകുളം മുന്‍ എം.എല്‍.എ പി.ആര്‍ കൃഷ്ണന്റെ ഭാര്യയായി നടിച്ച് താന്‍ പെന്‍ഷന്‍ കൈപ്പറ്റിയെന്ന രീതിയില്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി.കെ ശ്രീമതി. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വ്യക്തിഹത്യ നടത്താനും സമൂഹത്തില്‍ അവമതിപ്പുണ്ടാക്കാനും ലക്ഷ്യമിട്ട് വ്യാജവാര്‍ത്ത ചമച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ സിവില്‍, ക്രിമിനല്‍ മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി. പി.കെ ശ്രീമതി നല്‍കിയ പരാതിയില്‍ അടിയന്തര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പേരിന്റെ സാമ്യം ദുരുപയോഗം ചെയ്ത് അരനൂറ്റാണ്ടിലേറെ നീണ്ട പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന രീതിയിലാണ് സൈബര്‍ ഇടങ്ങളില്‍ വ്യാജ പ്രചാരണം നടന്നതെന്ന് പി.കെ ശ്രീമതി പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകയുടെ നേര്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് ഈ പ്രായത്തിലും കേള്‍ക്കേണ്ടി വന്നു. വസ്തുത പരിശോധിക്കാനോ തന്റെ ഭാഗം ചോദിക്കാനോ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തയ്യാറായില്ല. വാര്‍ത്ത പ്രചരിച്ചതോടെ വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷമാണ് നേരിട്ടത്. തൃശ്ശൂരിലെ മുന്‍ എം.എല്‍.എ പി.ആര്‍ കൃഷ്ണന്റെ ഭാര്യയുടെ പേരും പി.കെ ശ്രീമതി എന്നാണെന്നും, ആ തുക കൈപ്പറ്റുന്നത് യഥാര്‍ത്ഥത്തില്‍ അവരാണെന്നും അവരുടെ മകന്‍ തന്നെ വെളിപ്പെടുത്തിയതോടെയാണ് വസ്തുത പുറത്തുവന്നതെന്നും ശ്രീമതി ചൂണ്ടിക്കാട്ടി. നിയമസഭാ സെക്രട്ടറിയേറ്റും ഇരുവരും രണ്ടാണെന്നും വെവ്വേറെ അക്കൗണ്ടുകളിലേക്കാണ് തുക പോകുന്നതെന്നും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
ജനം ടി.വി., ഭാരത് ലൈവ്, കര്‍മ ന്യൂസ്, സുദിനം സായാഹ്നപത്രം തുടങ്ങി വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വെബ്സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ ചാനലുകള്‍ക്കുമെതിരെ കേസ് നല്‍കുമെന്ന് അവര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമേ, പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി, ഡി.ജി.പി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും അവര്‍ പരാതി നല്‍കിയിട്ടുണ്ട്. സ്പീക്കര്‍, ബി.ജെ.പി നേതാക്കള്‍ അടക്കം രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകള്‍ തന്നെ വിളിച്ച് പിന്തുണ അറിയിച്ചതായും ഇനി മറ്റൊരു സ്ത്രീക്കും ഇത്തരം അനുഭവമുണ്ടാകാതിരിക്കാനാണ് നിയമപോരാട്ടത്തിന് ഇറങ്ങുന്നതെന്നും പി.കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
