അർബുദത്തെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ പൂർണ്ണ പിന്തുണ  ആവശ്യം : കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻറർ നാടിന് സമർപ്പിച്ചു

FEBRUARY 9, 2026, 9:40 AM

അർബുദത്തെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ ശക്തമായ പിന്തുണയും സഹകരണവും  ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  കളമശ്ശേരിയിലെ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ( സി.സി.ആർ.സി )  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് ആയിട്ടുണ്ട്. എങ്കിലും  വളരെ ഗൗരവത്തോടെ നാം സമീപിക്കേണ്ട  ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പകർച്ചവ്യാധികളും  ജന്തുജന്യ രോഗങ്ങളും ജീവിതശൈലി രോഗങ്ങളും വെല്ലുവിളിയായി തുടരുന്നു.

ഇതിൽ ജീവിതശൈലി രോഗങ്ങളുടെ ഗണത്തിലാണ് അർബുദത്തെ പൊതുവേ കാണുന്നത്. എല്ലാ അർബുദ രോഗങ്ങളും  ജീവിതശൈലി  മൂലം ഉണ്ടാകുന്നതാണ് എന്ന് പറയാൻ കഴിയില്ലെങ്കിലും, ഭൂരിഭാഗം കേസുകളും ആ ഗണത്തിൽ  പെടുന്നവയാണ്.

vachakam
vachakam
vachakam

ജീവിതശൈലിയിൽ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ നാം ഓരോരുത്തരും തയ്യാറാകണം. മികച്ച ആരോഗ്യപരിപാലന ശീലങ്ങൾ പിന്തുടരാൻ  നമുക്ക് കഴിയണം. ഓരോരുത്തരും അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തമായി തന്നെ രോഗപ്രതിരോധത്തെ കാണണം. എങ്കിൽ മാത്രമേ നമ്മുടെ സമൂഹത്തിനും നാടിനും ഭീഷണിയായി തുടരുന്ന അർബുദം പോലുള്ള   പല രോഗങ്ങളെയും ഫലപ്രദമായി നേരിടാൻ കഴിയൂ.

രോഗമുണ്ടായതിനുശേഷമുള്ള ചികിത്സയ്ക്ക് പകരം രോഗ പ്രതിരോധത്തിനും  മുൻകൂട്ടിയുള്ള  രോഗ നിർണയത്തിനും സർക്കാർ കൂടുതൽ ഊന്നൽ നൽകുകയാണ്. അർബുദ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധവും ഏകോപനവും ഉറപ്പാക്കണം. അതിനായി സർക്കാർ തലത്തിൽ ക്യാൻസർ കൺട്രോൾ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.

അർബുദ രംഗത്ത് കേരളത്തിൽ  ആദ്യം ഉണ്ടായിരുന്ന പ്രധാന  ചികിത്സാ കേന്ദ്രം  തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്റർ ആയിരുന്നു. പിന്നീട് മലബാർ ക്യാൻസർ സെന്ററും   നിലവിൽ വന്നു. അതിന്റെ തുടർച്ചയിലാണ് ഇപ്പോൾ  മധ്യകേരളത്തിൽ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ  യാഥാർത്ഥ്യമായിരിക്കുന്നത് - മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

*മധ്യകേരളത്തിലെ പ്രധാന അർബുദ ചികിത്സാ കേന്ദ്രം

കിഫ്‌ബിയിൽ നിന്ന് ലഭ്യമാക്കിയ 449 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടസമുച്ചയം നിർമ്മിച്ചിരിക്കുന്നത്.  6.3 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ  ഒരുക്കിയിരിക്കുന്ന കെട്ടിടത്തിൽ 387  കിടക്കകളാണ്  ഉള്ളത്. അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്ന കേന്ദ്രം  ഈ മേഖലയ്ക്ക് തന്നെ വലിയ പിന്തുണ നൽകും. 2016 നവംബറിൽ ചെറിയതോതിൽ പ്രവർത്തനം ആരംഭിച്ച കൊച്ചിൻ ക്യാൻസർ സെന്റർ ഇപ്പോൾ മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അർബുദ ചികിത്സാ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

*കിഫ്‌ബിയുടെ സംഭാവന

vachakam
vachakam
vachakam

കൊച്ചിയിൽ ക്യാൻസർ റിസർച്ച് സെന്റർ വേണമെന്നത്   ഒരു വലിയ ബഹുജന ആവശ്യമായിരുന്നു.   ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരും പ്രൊഫ എം.കെ സാനുവും ഡോ. സി.കെ രാമചന്ദ്രനുമൊക്കയാണ് ആ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

കൊച്ചിയിൽ ക്യാൻസർ സെന്റർ വേണമെന്ന കാര്യത്തിൽ ആർക്കും വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നില്ല.  എന്നാൽ ഇത്തരം ബൃഹത്തായ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ പണമായിരുന്നു പ്രധാന  പ്രശ്നം.  അതിനു പരിഹാരമായിട്ടാണ് ബജറ്റിനു പുറമേ ഒരു സമാന്തര ധന സ്രോതസ്സ് എന്ന നിലയിൽ 2016 ൽ കിഫ്ബിയെ സർക്കാർ പുനരുജ്ജീവിപ്പിക്കുന്നത്.

കിഫ്‌ബി വഴി കേരളത്തിന്റെ ഒരുപാട് ആവശ്യങ്ങളാണ് നിറവേറിയത്. ഇന്ന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിന്റെ സാക്ഷ്യപത്രങ്ങൾ കാണാൻ സാധിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ദേശീയപാത വികസനം, തീരദേശ- മലയോര ഹൈവേകൾ,  മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം നിറവേറ്റാൻ കിഫ്ബി വഴി  നമുക്കായി.

പ്രത്യേകിച്ച് ആരോഗ്യ മേഖലയ്ക്ക് കിഫ്ബി നൽകിയ സംഭാവനകൾ വളരെ വലുതാണ്. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ വരെ പലവിധത്തിലുള്ള  സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കാനും കഴിഞ്ഞു. കേവലം ബജറ്റിന്റെ മാത്രം പിന്തുണയോടെയല്ല ഇതൊന്നും യാഥാർത്ഥ്യമായത്. അങ്ങനെ ആകെ വിവിധ മേഖലകളിലായി  90,000 കോടി രൂപയുടെ  വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി ഏറ്റെടുത്തത്. ആ കിഫ്‌ബി തന്നെയാണ് ക്യാൻസർ സെന്ററിനും ഫണ്ട് ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam