ഇക്കൊല്ലത്തെ വേനൽചൂട് ചിലരെയൊക്കെ വല്ലാതെ ബാധിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ചൂടിലൂടെ കൊടുമുടി കയറിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുണ്ട്. ഇന്ന് ടെലിവിഷൻ മേഖലയിൽ അങ്ങിനെ ഒരുത്തനേയുള്ളു. അനിൽ അയിരൂർ. പൊതുവേ, മലയാള ന്യൂസ്ചാനൽ രംഗത്തെ ചൂട് അത്ര ചെറുതല്ലെന്നു നമുക്കറിയാം. എന്നാലും ഇത്രവലിയ ചൂടൻ കളിക്ക് കുടപിടിക്കാൻ മലയാളക്കരയിൽ ആണായി ഒറ്റയൊരുത്തനെയുള്ളു.
ആ മാന്യദേഹത്തെ മലയാളം ടെലിവിഷൻ രംഗത്തെ തന്നെ മിടുക്കിയായ ലക്ഷ്മി പദ്മ വിശേഷിപ്പിച്ചത് മലയാളത്തിന്റെ രാജമൗലി എന്നാണ്. അതേ വേദിയിൽവച്ച് ലക്ഷ്മി പദ്മയെ മലയാളം ടെലിവിഷൻ രംഗത്തെ ദേവസേനയെന്ന് വിളിക്കണമെന്ന് അനിൽ അയിരൂരിനുണ്ടായിരുന്നു. എന്നാൽ സുജയാ പാർവ്വതി അതിനെ എങ്ങനെ പ്രതികരിക്കുമെന്നറിയാത്തതിനാൽ ഇടയ്ക്കുവച്ചത് വിഴുങ്ങിക്കളഞ്ഞു. അതിന്റെ ഒരസ്‌കിത അനിലിന്റെ തൊണ്ടക്കുഴിയിൽ ഇപ്പോഴുമുണ്ട്. എന്തായാലും മലയാളം മാധ്യമ രംഗത്തെ ഈ അതികായന്റെ മറ്റൊരു സ്വപ്നമാണ് ബിഗ് ടിവി എന്നാണ് പറയപ്പെടുന്നത്.
മലയാളത്തിൽ തൊട്ടതെല്ലാം വമ്പൻ ഹിറ്റാക്കിയ പാരമ്പര്യം അനിൽ അയിരൂരിനുണ്ടെന്നത് നേരാണ്. ഏഷ്യാനെറ്റ് പ്ലസ്, മഴവിൽ മനോരമ, ഫ്‌ളവേഴ്‌സ് ചാനലും 24 ന്യൂസ് ചാനലും മുൻനിരയിൽ എത്തിയപ്പോൾ അനിലിന്റെ പങ്ക് ആരും മറന്നില്ല. പിന്നീട് റിപ്പോർട്ടർ ടിവി റീ ലോഞ്ച് ചെയ്തപ്പോഴും അനിലിന്റെ സാന്നിധ്യമുണ്ടായിരുന്നു. അവിടെ നിന്നും സീ കേരളയിലേക്ക് പോയി. അവിടെ വേണ്ടവണ്ണം ക്ലച്ച് പിടിച്ചില്ല. എന്തിനും ഏതിനും കണക്കുകാണിക്കണം. പരിപാടികളുടെ പ്രോഗ്രസ് അപ്പപ്പോൾ ഉണ്ടാകണം. ഇക്കണക്കിനു പോയാൽ സീ കേരളയുടെ വടക്കേ ഇന്ത്യൻ മുതലാളിമാർ ശമ്പളമായി കൊടുക്കുന്ന എട്ടു ലക്ഷം രൂപയുടെ കണക്കുകൂടി താമസിയാതെ ചോദിക്കുമോ എന്ന ശങ്കയിൽ ടിയാൻ കളം കാലിയാക്കി എന്നുപറഞ്ഞാൽ മതിയല്ലോ..!
കൊച്ചിയിൽ വച്ചുണ്ടായൊരു കൂട്ടുകെട്ടിൽ നിന്നുമാണ് അനിലിന്റെ നേതൃഗുണത്തിന്റെ മാറ്റ് ഉരക്കപ്പെട്ടത്. കൃഷ്ണന്റെ 'യുണിക് ' എന്നൊരു ചെറിയ സ്റ്റുഡിയോയിൽ എഡിറ്ററായി ജോലിചെയ്യവെയാണ് ശ്യാമും ബിനു നൈനാനും ഉറ്റചങ്ങാതികളായത്. അങ്ങിനെയിരിക്കെ നേവൽ ബേസിനെ കഠാരിബാഗിൽ നേവീക്കാർക്കായി ഒരു കെബിൾ നെറ്റ് വർക്ക് ഉണ്ടായിരുന്നു. എങ്ങിനെയൊ ആതിന്റെ ചുമതല ഈ മൂവരിലും വന്നു ചേർന്നു. 150 കണക്ഷനുകൾ മാത്രമാണുള്ളതെങ്കിലും നേവി ഉദ്യോഗസ്ഥന്മാരും അവരുടെ ഭാര്യമാരും മക്കളും പരാതിപറഞ്ഞ് ഈ മൂവർസംഘത്തെ വെള്ളം കുടിപ്പിക്കാൻ തുടങ്ങി.
ഒരാൾ ഇഞ്ചി പക്ഷത്തു നിൽക്കുമ്പോൾ മറ്റേയാൾ കൊഞ്ചുപക്ഷത്തായിരിക്കും എവല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ അനിൽ കാണിക്കുന്ന ഞാണിന്മേൽ കളികൾ കണേണ്ടതുതന്നെ ആയിരുന്നു. ഒരു തിരുവോണത്തിന് ഉണ്ണാൻ ഇലയുടെ മുന്നിലിരിക്കുന്ന അനിലിന് നേവൽ ബേസിൽ നിന്നുമൊരു ഫോൺവിളി വരുന്നു. അതോടെ ഓണസദ്യ കഴിക്കാതെ ഓടിയിറങ്ങിയ അനിൽ, പിന്നെ ഓടിക്കയറുന്നതെല്ലാം വിജയശ്രീലാളിതനാകാൻ വേണ്ടിയായിരുന്നു. എറണാകുളം എസിവിയിൽ നിന്നു തുടങ്ങിയ വളർച്ച ബിഗ്ടിവിയിലെത്തി നിൽക്കുന്നു.
ഇനി നമുക്ക് ഇമ്മിണി ബല്യ ബിഗ് ടിവിയിലൂടെ പലതും കാണാൻ കാത്തിരിക്കാം. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പല ചാനലുകൾക്കും പുതുജീവൻ നൽകുകയും, ചുരുങ്ങിയ കാലംകൊണ്ട് അവയെ റേറ്റിങ്ങിൽ മുൻനിരയിലെത്തിക്കുകയും ചെയ്ത അഭ്യാസിയാണ് അനിൽ. എന്നാൽ മറ്റു മാധ്യമങ്ങളിൽ നിന്ന് കണ്ടംചാടി പുറത്തുവന്നവരുടെ ഡയലോഗുകൾ അവരുടെ തന്നെ വിശ്വസ്തതയെ പണയം വയ്ക്കുന്നതാവുന്നു. ബിഗ് ടിവി ആരുടേയും പിആർ ഡിപ്പാർട്ട്‌മെന്റായിരിക്കില്ലെന്ന് എസ്. വിജയകുമാറിന്റെ സാക്ഷ്യം പറച്ചലിൽ നിന്നും ഇവരുൾപ്പെടുന്ന മുൻ ചാനലുകൾ അങ്ങിനെ പിആർ പണി എടുത്തിരുന്നു എന്നല്ലേ വെളിവാകുന്നത്. എന്തായാലും ഇത്തരം പുതിയ ദൃശ്യ മാധ്യമോദയങ്ങൾ നവീന രീതിയിലുള്ള വാർത്തകളുടേയും ജേണലിസത്തിന്റേയും മെച്ചപ്പെടുത്തലുകളൊന്നും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല,,!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
