ഫ്രഞ്ച് ചലച്ചിത്ര ലോകത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതച്ച താരമാണ് ബ്രിജിത്ത് ബര്‍ദോത്ത് (91) അന്തരിച്ചു. 1950കളിലും 60കളിലും സ്‌ക്രീനില്‍ വിപ്ലവം സൃഷ്ടിച്ച താരമാണ് മറഞ്ഞിരിക്കുന്നത്. ലൈംഗിക വിമോചനത്തിന്റെ പ്രതീകമായാണ് ബ്രിജിത്തിനെ ചലച്ചിത്ര ലോകം അടയാളപ്പെടുത്തുന്നത്. ഗായിക കൂടി ആയിരുന്നു ബ്രിജിത്ത്.
സ്വതന്ത്രവും ആകര്‍ഷകവുമായ സ്ത്രീ കഥാപത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടായിരുന്നു അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം. മിനിസ്‌കര്‍ട്ട്, ഹെയര്‍ സ്‌റ്റൈല്‍ എന്നിവയൊക്കെ വിവാദം സൃഷ്ടിച്ചിരുന്നു. വിവാഹം, ജീവിത ശൈലി എന്നിവയിലും സ്വതന്ത്ര നിലപാടുകളെടുത്തു. അതിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെയും ആഗ്രഹങ്ങളെയും തുറന്നും സ്വതന്ത്രമായും അംഗീകരിക്കാനുള്ള പ്രചോദനമായിരുന്നു അവര്‍ പകര്‍ന്ന് നല്‍കിയത്.
മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിലൂടെയും ഏറെ ശ്രദ്ധ നേടിയിരുന്നു. തീവ്രവലത് പക്ഷ ചിന്തകള്‍ പുലര്‍ത്തിയിരുന്ന വ്യക്തിത്വവും ആയിരുന്നു. ബ്രിജിത്ത് ബാര്‍ദോത്ത് ഫൗണ്ടേഷനാണ് അവരുടെ മരണ വാര്‍ത്ത അറിയിച്ചത്. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അവര്‍ ചലച്ചിത്ര ലോകം വിട്ടതെന്നും ഫൗണ്ടേഷന്‍ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഒക്ടോബറില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബിബി എന്നാണ് ഫ്രഞ്ച് ചലച്ചിത്രലോകത്ത് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.
1934 സെപ്റ്റംബര്‍ 28ന് ഒരു യാഥാസ്ഥിതിക കത്തോലിക്ക കുടുംബത്തിലാണ് ബ്രിജിത്ത ജനിച്ചത്. നാല് തവണ വിവാഹം കഴിച്ച ബ്രിജിത്തയ്ക്ക് രണ്ടാമത്തെ ഭര്‍ത്താവ് ചലച്ചിത്രതാരം ജാക്വസ് ചാരിയറില്‍ ഒരു മകനുണ്ട്- നിക്കോളാസ് ജാക്വിസ് ചാരിയര്‍. 1956ലെ ആന്‍ഡ് ഗോഡ് ക്രീയേറ്റഡ് വുമണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ബാര്‍ദോത്ത് ആഗോളതലത്തില്‍ ശ്രദ്ധേയ ആകുന്നത്. 1973ല്‍ ചലച്ചിത്ര രംഗം വിടുന്നതിന് മുമ്പായി അന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉപേക്ഷിക്കപ്പെട്ട മൃഗങ്ങള്‍ക്ക് വേണ്ടി തന്റെ ജീവിതം നീക്കി വയ്ക്കുകയായിരുന്നു പിന്നീട് ബ്രിജിത്ത്.
മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അഞ്ച് തവണ ഇവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് ദ്വീപായ റീയൂണിയനിലെ മനുഷ്യരെ അവര്‍ കാട്ടാളനെന്ന് വിശേഷിപ്പിച്ചതിനും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തീവ്രവലത് പക്ഷ രാഷ്ട്രീയ നേതാവായിരുന്ന മാരിന്‍ ലെ പെന്നിന്റെ അനുയായി ആയിരുന്ന ഇവര്‍ രാജ്യത്തെ ഇസ്ലാമികവത്ക്കരണത്തെ തുറന്നെതിര്‍ത്തിരുന്നു. നമ്മുടെ മുത്തച്ഛന്‍മാരും പിതാക്കളും നൂറ്റാണ്ടുകളായി ജീവന്‍ നല്‍കിയാണ് നമ്മെ കീഴടക്കാനെത്തിയവരെ ചെറുത്തതെന്ന് 2003ല്‍ പുറത്തിറങ്ങിയ അവരുടെ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ആഴ്ചകള്‍ക്ക് മുമ്പാണ് ഇവരുടെ അവസാന പുസ്തകം പുറത്തിറങ്ങിയത്. മോണ്‍ ബിബി സിഡെയര്‍( മൈ ബിബി ആല്‍ഫബെറ്റ്) എന്ന പേരുള്ള പുസ്തകത്തില്‍ സ്വവര്‍ഗരതിക്കാരെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. തന്റെ ജന്മനാടായ സെന്റ് ട്രോപെസ് സഞ്ചാരികളെ കൊണ്ട് ശ്വാസം മുട്ടുന്നെന്നും അവര്‍ ഈ പുസ്തകത്തില്‍ ആരോപിക്കുന്നു. ബാര്‍ദോത്തിന്റെ ഫൗണ്ടേഷനില്‍ ഇന്ന് 70000ത്തിലേറെ ദാതാക്കളും മൂന്നുറോളം തൊഴിലാളികുമുണ്ട്. തന്റെ ജീവിതത്തിന്റെ പ്രഥമ അധ്യായത്തില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് 2024ല്‍ എഎഫ്പിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു. ഇത് തനിക്ക് പേരും പ്രശസ്തിയും നല്‍കി. ഇപ്പോള്‍ മൃഗങ്ങളെ സംരക്ഷിക്കാന്‍ അനുവദിക്കുകയും ചെയ്തു. താന്‍ പ്രകൃതിയോട് ചേര്‍ന്ന് നിശബ്ദമായൊരു ഏകാന്തതയിലാണ് ജീവിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തന്റെ മരണാനന്തര ചടങ്ങുകളില്‍ ആളുകള്‍ തടിച്ച് കൂടുന്നതിനെ അവര്‍ വിലക്കിയിരുന്നു. തന്റെ പൂന്തോട്ടത്തില്‍ തന്റെ മൃഗങ്ങളെ അടക്കം ചെയ്തത് പോലെ തികച്ചും ലളിതമായൊരു സംസ്‌കാരമാകണം തന്റേതെന്നും അവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
