ചെന്നൈ: ക്ഷേത്രങ്ങളിലെ വിഐപി ദർശനത്തെക്കുറിച്ചു നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി.ദൈവത്തിന് മുന്നിൽ എല്ലാ വിശ്വാസികളും തുല്യരാണ്.വിഐപികൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ ദർശന ക്രമീകരണങ്ങൾ മറ്റ് വിശ്വാസികൾക്ക് അസൗകര്യത്തിനും കാലതാമസത്തിനും കാരണമാകുമെന്ന് കോടതി വ്യക്തമാക്കി.
"കൂടുതൽ പണം നൽകിയാൽ എനിക്ക് ചെന്ന് ദൈവത്തെ കെട്ടിപ്പിടിക്കാൻ കഴിയുമോ? ദൈവത്തിന് മുന്നിൽ രാഷ്ട്രപതി പോലും സാധാരണക്കാരനാണ്. പിന്നെ എന്തിനാണ് നമുക്ക് വിഐപി ദർശനം? ദൈവത്തിന് മുൻപിൽ എല്ലാവരും തുല്യരല്ലേ?"- കോടതി ചോദിച്ചു.വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡൻ്റ് പി ചൊക്കലിംഗം സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് നിരീക്ഷണം.
പണം വാങ്ങി സ്പെഷ്യൽ ദർശനം അനുവദിക്കുന്നതും വിഐപി ദർശനവും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, നവദമ്പതികൾ, ഗർഭിണികൾ തുടങ്ങിയവർക്കുള്ള സ്പെഷ്യൽ ദർശനം നിലനിർത്തി, പണം വാങ്ങിയുള്ള സ്പെഷ്യൽ ദർശനവും വിഐപി ദർശനവും നിർത്തലാക്കണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം.
സംസ്ഥാനത്തെ വലിയ ക്ഷേത്രങ്ങളിൽ അടക്കം വിഐപി ദർശനം, സ്പെഷ്യൽ ദർശനം തുടങ്ങിയ പേരുകളിൽ ക്രമീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും സാധാരണക്കാരായ വിശ്വാസികൾക്ക് ദർശനത്തിനുള്ള കാത്തിരിപ്പ് സമയത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
