സിദ്ധാർത്ഥനു പിന്നാലെ നിതിൻരാജും, കരയാൻ കണ്ണീരില്ലാതെ അമ്മമാർ!

APRIL 15, 2026, 8:34 AM

കള്ളവോട്ടും, വോട്ടിന് നോട്ടുമെല്ലാം ഇന്ന് പഴങ്കഥ. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ പുതിയ വഴികൾ തേടുകയാണ് ഭരണകൂടങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പ് പഞ്ചായത്ത് മന്ത്രി എം.ബി. രാജേഷ് നടത്തിയ വാർഡ് പുനർ നിർണ്ണയം എങ്ങനെ മറക്കാനാണ്? ഇപ്പോൾ കേന്ദ്രസർക്കാർ വനിതാ സംവരണത്തിനായി മണ്ഡല പുനർനിർണയത്തിനായുള്ള രാജേഷിന്റെ മാജിക്കൽ ഫോർമുല നടപ്പാക്കാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.

വനിതകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്നതിനായി ലോകസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. വനിതകളോടുള്ള സ്‌നേഹമല്ല ഇതിനു പിന്നിലെന്ന് അവർ പറയുന്നു. ഉത്തരേന്ത്യയിൽ സീറ്റുകൾ കൂട്ടിയും തെക്കേ ഇന്ത്യയിൽ സാരമായി കുറച്ചും അധികാരം ഉറപ്പിക്കാനാണ് ബി.ജെ.പിയുടെ ലാക്കെന്നും അവർ കരുതുന്നു.

നിഷ്പക്ഷവും സുതാര്യവുമായ ഇലക്ഷൻ പ്രക്രിയയെന്നത് ജനാധിപത്യത്തിന്റെ ജീവവായു ആണ്. എന്നാൽ എസ്.ഐ.ആർ. എന്ന പേരിൽ ഇലക്ഷൻ കമ്മീഷൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'വോട്ട് വെട്ടി നിരത്തൽ' കേന്ദ്രത്തിലെ ഭരണകക്ഷിയെ സഹായിക്കാനാണെന്ന ആക്ഷേപമുയർന്നിരുന്നു. ഈ പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് പറഞ്ഞുകൊണ്ട് രാഹുൽഗാന്ധി നടത്തിയ വാർത്താ സമ്മേളനങ്ങളാകട്ടെ ഇലക്ഷൻ കമ്മീഷൻ പൂർണ്ണമായും അവഗണിക്കുകയാണുണ്ടായത്.

vachakam
vachakam
vachakam

മനഃപൂർവം പല കാരണങ്ങളാൽ ചില പ്രത്യേക സമുദായക്കാരുടെ വോട്ടുകൾ കൂട്ടത്തോടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് പശ്ചിമബംഗാളിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള മൂർഷിദാബാദടക്കമുള്ള പ്രദേശങ്ങളിലെ 91 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നീക്കം ചെയ്തതിനെക്കുറിച്ച് പരാതി പറയാൻ ചെന്ന ബംഗാളിൽ നിന്നുള്ള തൃണമൂൽ പാർട്ടി നേതാക്കളെ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ 'ഗെറ്റൗട്ട്' അടിക്കുകയാണുണ്ടായത്. ഇതെല്ലാം ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നു ചിന്തിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇലക്ഷൻ തീയതികളിൽ പോലും 'തരികിട'

അഞ്ച് സംസ്ഥാനങ്ങളിൽ ഇലക്ഷൻ തീയതികൾ പ്രഖ്യാപിക്കൻ ഭരണകക്ഷി നേതാക്കളുടെ പ്രചരണ പര്യടനത്തിനുള്ള സൗകര്യം പോലും കമ്മീഷൻ നോക്കിയിരുന്നുവത്രെ. പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ ഇലക്ഷൻ പ്രചാരണത്തിന് തടസ്സമുണ്ടാകാതിരിക്കാൻ ഗുജറാത്ത് കേഡറിൽനിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ കമ്മീഷണർ ഗ്യാനേഷ്‌കുമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പ്രതിപക്ഷം ആരോപണമുയർന്നിരുന്നു. 

vachakam
vachakam
vachakam

കേരളത്തിലെ ഇലക്ഷൻ തീയതിയും വോട്ടെണ്ണൽ തീയതിയും തമ്മിലുള്ള അകലം ശ്രദ്ധിക്കേണ്ടതുണ്ട്. 27 ദിവസം പ്രചരണം, 24 ദിവസം ബാലറ്റ് പെട്ടി പൊട്ടിക്കാൻ കാത്തിരിപ്പ് എന്നതിലെല്ലാം പ്രതിപക്ഷം ഗൂഢാലോചന മണക്കുന്നു. ബാലറ്റ് പെട്ടികൾ ഇത്രയും ദിവസങ്ങളിൽ സുരക്ഷിതമായിരിക്കുമോ, അതല്ലെങ്കിൽ ദീർഘമായ ഈ കാലയളവിൽ എന്തെങ്കിലും കുതന്ത്രങ്ങൾ കമ്മീഷനെ സ്വാധീനിച്ച് കമ്മീഷൻ പയറ്റുമോ എന്ന ചങ്കിടിപ്പ് പ്രതിപക്ഷത്തിനുണ്ട്. വോട്ടിങ്ങ് ശതമാനം അന്തിമമായി ഇനിയും കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വോട്ടിംഗ് ശതമാനം പൂർണ്ണമല്ലെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയ ബൂത്തുകളും പരിശോധനാ വിഷയമാക്കണം. അന്തിമമായ വോട്ടിംഗ് ശതമാനം പ്രഖ്യാപിക്കാൻ ഇത്രയേറെ വൈകിയ ചരിത്രം ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ഇരുപത്തിനായിരത്തോളം പോളിംഗ് ഉദ്യോഗസ്ഥരുടെ വോട്ടുകളും ഒരർത്ഥത്തിൽ കമ്മീഷൻ മരവിപ്പിക്കുകയായിരുന്നുവെന്ന് വിവിധ സർവീസ് സംഘടനകൾ ആരോപിക്കുന്നു. ചോദ്യം കേരളത്തിൽ ചോദിച്ചാലും കമ്മീഷന് ഉത്തരം പറയണമെങ്കിൽ ഡെൽഹിയിൽ നിന്നുള്ള 'ഗ്രീൻ സിഗ്‌നൽ' വേണമെന്നു കൂടി ജനാധിപത്യവാദികൾ ചിന്തിക്കുന്നത് നല്ലതാണ്.

vachakam
vachakam
vachakam

എന്റെ തല, എന്റെ പോസ്റ്റർ... 'തല' എവിടെ?

സി.പി.എമ്മും സി.പി.ഐയും തുടർഭരണമുണ്ടാകുമെന്ന് വിളിച്ചുകൂവുന്നുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് പാർട്ടി 'ഊരു വിലക്ക്' ഏർപ്പെടുത്തിയ പാർട്ടി സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കാണുകയുണ്ടായി. മലയാള ഭാഷയിലാണ് ഗോവിന്ദൻ മാഷ് സംസാരിച്ചത്. പക്ഷെ, അദ്ദേഹം തുടർഭരണമുണ്ടാകുമെന്നും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മാധ്യമ പ്രവർത്തകർക്ക് പിടികിട്ടിയതേയില്ല. 'മണ്ണിനെയും മനുഷ്യരെയും' തൊടാത്ത പാർട്ടി ക്ലാസിൽ പങ്കെടുത്ത പ്രതീതിയിലായിരുന്നു മാ. പ്ര.കൾ.

1200 ആണോ 1600 ആണോ എന്നറിയില്ല അത്രയും ഫ്‌ളക്‌സുകൾ സ്വന്തം ചിത്രവുമായി കേരളത്തിൽ അങ്ങോളമിങ്ങോളം പിണറായി വച്ചിരുന്നു. വീട് കയറി വോട്ടർമാരെ പേടിപ്പിക്കാനും പാർട്ടിയുടെ വരുതിയിൽ കൊണ്ടുവരുവാനും കോടിക്കണക്കിന് നികുതിപ്പണമെടുത്തു വീശിയതിന്റെ റെക്കോഡ് ഏതായാലും പിണറായിക്ക് സ്വന്തമായിരിക്കും. സർക്കാരിന്റെ നേട്ടങ്ങൾ 'വില പിടിച്ചവ' യായുതു കൊണ്ടാകാം ആ കത്ത് തയ്യാറാക്കാൻ 1 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതത്രെ. സുപ്രീം കോടതിയിൽ സമർപ്പിച്ച കണക്കിലാണ് ഈ തുകയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

തെരഞ്ഞെടുപ്പിൽ തുടർഭരണമുണ്ടാകുമെന്ന് ഗോവിന്ദൻമാഷ് പറഞ്ഞിട്ടുണ്ട്. ജില്ലകളിൽ നിന്ന് പാർട്ടി സെക്രട്ടറിമാർ സെക്രട്ടറിയേറ്റിനു നൽകിയ കണക്കിലും വോട്ട് വിഹിതത്തിന്റെ വിവരങ്ങളുണ്ടെങ്കിലും പിണറായി അത് വിശ്വസിച്ച മട്ടില്ല. അതുകൊണ്ടാകാം, അദ്ദേഹം ഇപ്പോൾ മാധ്യമങ്ങളെ കാണുന്നതേയില്ല. ഇതിനിടെ തുടർചികിത്സകൾക്കായി 19ന് (ഞായറാഴ്ച) മുഖ്യമന്ത്രി യു.എസ്സിലേക്ക് പോകുമെന്ന് തലസ്ഥാനത്തുള്ളവർ പറയുന്നു. അങ്ങനെ വന്നാൽ, ക്ലിഫ് ഹൗസിൽ നിന്ന് പിണറായി 'പൊറുതി' മാറിയതായി വേണം കരുതാൻ.

എസ്.ഐ.ടി.യുടെ കുറ്റപത്രം ലേറ്റാകുന്നതെന്തേ? 

ശബരിമല സ്വർണ്ണക്കൊള്ളയിലെ അവസാനത്തെ പ്രതിക്കും 'സ്വാഭാവിക ജാമ്യം' ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ശബരിമല സ്വർണ്ണപ്പാളി കേസിലും ദ്വാരപാലകക്കേസിലുമാണ് എസ്.ഐ.ടി. കുറ്റപത്രങ്ങളുടെ കരട് തയ്യറാക്കിയിട്ടുള്ളത്. രണ്ടിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ഈ പ്രതി സോണിയാഗാന്ധിയുടെ വീട്ടിൽ പോയ കാര്യമോ, അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട് സന്ദർശിച്ച കാര്യമോ എസ്.ഐ.ടി. അന്വേഷിച്ചിട്ടില്ല. കുറ്റപത്രത്തിന്റെ കരട് വേണമെങ്കിൽ പ്രോസിക്യൂഷന് കൈമാറാമായിരുന്നുവെങ്കിലും അതിന് അന്വേഷണ സംഘം തയ്യാറായിട്ടില്ല.

പ്രതികളിൽ ചിലർ മാപ്പു സാക്ഷിയാകാനുള്ള സാദ്ധ്യത ഏതായാലും എസ്.ഐ.ടി. തള്ളിക്കളയുന്നുമില്ല. കൊള്ളയടിക്കപ്പെട്ട സ്വർണ്ണത്തിന്റെ തൂക്കം ഇതുവരെ എസ്.ഐ.ടി. കണ്ടെത്തിയിട്ടില്ല. മാത്രമല്ല ഇതിനായി സ്വർണ്ണത്തിന്റെ മാറ്റും തൂക്കവുമെല്ലാം പരിശോധിക്കാൻ ജംഷെഡ്പൂരിലെ ദേശീയ ലാബറട്ടറിയിലേയ്ക്കയച്ച 'തൊണ്ടിമുതൽ' സംഭവിച്ച റിപ്പോർട്ട് ശേഖരിക്കുന്നതിലും എസ്.ഐ.ടി. മെല്ലെപ്പോക്കിലാണ്. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചവർ ഇലക്ഷൻ കഴിയുമ്പോൾ ചിലപ്പോൾ പ്രതികളല്ലാതാകാനും സാധ്യതയുണ്ട്.

ദേവസ്വം ബോർഡിലെ കണക്കെഴുത്തിനെ പോലും അതിനിശിതമായി വിമർശിച്ച ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിലെ ജഡ്ജിമാർക്കും മാറ്റമുണ്ടാകാം. അങ്ങനെയെങ്കിൽ സി.പി.എംനെ രക്ഷിക്കാൻ പുതിയതായി രൂപീകരിക്കപ്പെടുന്ന ബെഞ്ച് ശബരിമല സ്വർണ്ണക്കൊള്ള കേസുകൾ ഇനി കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെയെന്ന് ഒറ്റ വിധി പ്രസ്താവന നടത്തിയാൽ മതി. പിന്നെയെല്ലാം ശുഭം! അങ്ങനെയല്ലേ കൂട്ടരേ?

അമ്മമാരേ, സംഘടിക്കാൻ നേരമായി...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലമായ ധർമ്മടത്താണുള്ളത്. മുഖ്യമന്ത്രിയെന്ന നിലയിലും സ്ഥലം എം.എൽ.എ. എന്ന നിലയിലും ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തെ സംബന്ധിച്ച് പിണറായി നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു. ബാബാ അബേദ്ക്കറുടെ ഓർമ്മ ദിനത്തിലേക്കായി ഈ സംഭവം സംബന്ധിച്ച പ്രതികരണം പിണറായി മാറ്റിവച്ചതിന് പല കാരണങ്ങളുണ്ട്.

നിതിൻരാജിന്റെ മരണവീട്ടിലേക്ക് സിദ്ധാർത്ഥന്റെ അമ്മ എത്തിയിരുന്നു. ആ വീട്ടമ്മ ഒരു കാര്യം പറഞ്ഞു: ഡെന്റൽ കോളജിലെ വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തതുകൊണ്ടൊന്നും വലിയ കാര്യമില്ലെന്ന് ആ 'പാവം സ്ത്രീ' പറഞ്ഞു. സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദിയെന്നു കരുതുന്ന ഡീനിനെ ഇപ്പോൾ സർവീസിൽ തിരിച്ചെടുത്തു കഴിഞ്ഞു. കാരണം ഡീൻ സി.പി.ഐ. നിയന്ത്രണത്തിലുള്ള സംഘടനയിൽ അംഗമാണത്രെ.

വെളുത്ത നിറമുണ്ടായിട്ടും 'കാട്ടുമാക്കാന്റെ' കൈയ്യിലിരുപ്പാണ് ചില കോളേജ് അധ്യാപകരുടേതെന്ന് ഡെന്റൽ കോളജിലെ വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു. വിവാദ പുരുഷനായ എച്ച്.ഒ.ഡി. (ഹെഡ് ഓഫ് ദ ഡിപ്പാർട്ടുമെന്റ്) ക്ക് ചിറക്കുനിയടക്കമുള്ള പ്രദേശങ്ങളിൽ സ്വന്തമായ ഡെന്റൽ ക്ലിനിക്കുകളുണ്ട്. സർക്കാർ ജോലിയും സ്വന്തം ക്ലിനിക്ക് ശൃംഖലയുമെല്ലാമുള്ള ഈ 'കുരുശ്രേഷ്ഠനെ'ഇങ്ങനെ വളർത്തിയതിനു പിന്നിൽ ഭരണകക്ഷിക്ക് പങ്കുണ്ടാകാം. സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള വിദ്യാർത്ഥി സംഘടനയുടെ 'ഊത്ത് വിഭാഗം' വിവാദ അധ്യാപകന്റെ ക്ലിനിക് പൂട്ടിയതുപോലും പ്രതിക്ക് അനുകൂലമായ രക്ഷാപ്രവർത്തനമായി കരുതുന്നവരുണ്ട്.

ആരോഗ്യ സർവ്വകലാശാലയുടെ കീഴിലാണ് ഈ ഡെന്റൽ കോളജ്. എന്നാൽ മലബാറിലെ മറ്റൊരു ഉന്നത കലാപീഠമായ കാലിക്കട്ട് വാഴ്‌സിറ്റിയിലെ ചില യാഥാർത്ഥ്യങ്ങൾ 2026 ഫെബ്രുവരിയിൽ മാധ്യമങ്ങളിൽ വന്നിരുന്നു. വാഴ്‌സിറ്റിയിലെ സ്വയം ഭരണ പഠന കേന്ദ്രങ്ങളുടെ കെടുകാര്യസ്ഥതയെക്കുറിച്ചായിരുന്നു ഈ മാധ്യമവാർത്ത. ഈ പഠന കേന്ദ്രങ്ങളിൽ ഒന്നിന്റെ നഷ്ടം 6.32 കോടി രൂപയാണ്!

2023-24 കാലഘട്ടത്തിൽ അധ്യാപകർ മുൻകൂറായി കീശയിലാക്കിയ 6.79 കോടി രൂപയ്ക്ക് ഇപ്പോഴും കണക്കില്ല. 63 അധ്യാപകർക്ക് 'നെറ്റ്' യോഗ്യതയില്ലെന്നും, അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള 74 കോളേജുകളിലെ 2035 ഗസ്റ്റ് ലെക്ച്ചറർമാർക്ക് യു.ജി.സി. യോഗ്യതയില്ലെന്നും രേഖകളിലുണ്ട്. വിരമിച്ച 13 അധ്യാപകർക്ക് ചട്ടം ലംഘിച്ച് പ്രൊഫസർ പദവി നൽകി. പരീക്ഷാഫലം പ്രഖ്യാപിക്കാൻ 576 ദിവസങ്ങൾ വരെ വൈകിയ ചരിത്രവും കാലിക്കറ്റ് വാഴ്‌സിറ്റിക്ക് പറയാനുണ്ട്.

വാഴ്‌സിറ്റി സ്ഥാപിതമായിട്ട് 47 വർഷങ്ങൾ കഴിഞ്ഞു. ഇനിയും ഇവിടെ പെൻഷൻ ഫണ്ട് രൂപീകരിച്ചിട്ടില്ല. വാഴ്‌സിറ്റിയിലെ 169 കെട്ടിടങ്ങളിൽ 74 എണ്ണത്തിനും തദ്ദേശ സ്ഥാപനങ്ങളുടെ വക നമ്പറിട്ടിട്ടില്ല ! 'ഉന്നത' വിദ്യാഭ്യാസ മേഖലയിലെ ഒരു വാഴ്‌സിറ്റിയിലെ സ്ഥിതിയാണിത്. ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.

ഇനി പാടാവുന്ന ഒരു പാട്ടേയുള്ളു: 'ബിന്ദു'വിൽ നിന്ന് 'ബിന്ദു' വിലേക്കൊരു ...!!! ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെ ഈ പാട്ടിൽ ആരും ഓർമ്മിക്കരുതേ, പ്ലീസ്!

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam