75 പിന്നിട്ട ഒരു ദാമ്പത്യകാവ്യം

JANUARY 9, 2026, 12:24 AM

ദാമ്പത്യം ഒരു മഹാകാവ്യമാണ്. വായിക്കുംതോറും കൂടുതൽ കൂടുതൽ അർത്ഥതലങ്ങൾ മുളപൊട്ടുന്ന ഒരു മഹാകാവ്യം. വിവാഹജീവിതം ഒരു വർഷം പോലും പൂർത്തിയാക്കുന്നതിന് മുമ്പു രണ്ടുപേരും രണ്ടുവഴിക്കാകുന്ന ഇന്നത്തെ ചില ദാമ്പത്യങ്ങൾക്കിടയിൽ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ 75 വർഷം ഒരുമിച്ചു ജീവിച്ചു എന്നുപറയുന്നത് തന്നെ ഏറ്റവും വലിയ വിസ്മയവും അത്ഭുതവുമാണ്.

മനുഷ്യന്റെ ആയുസ് ഏറിയാൽ എഴുപത് എന്നൊക്കെയാണല്ലോ ബൈബിൾ പറയുന്നത്. ഈ അത്ഭുതങ്ങൾ ചേർത്തുവച്ചുകൊണ്ടുവേണം കളപ്പുരയ്ക്കൽ കരോട്ട് കുര്യൻ മറിയാമ്മ ദമ്പതികളുടെ ദാമ്പത്യപ്രയാണത്തിലെ 75 വർഷങ്ങളെ കാണേണ്ടത്.

ദാമ്പത്യജീവിതത്തിലെ മഴയും വെയിലും മഞ്ഞും അനുഭവിച്ച് മുന്നോട്ടുകടന്നുപോയ 75 വർഷങ്ങളിലൂടെയാണ് ഇവർ കടന്നുപോയിരിക്കുന്നത്. ഇക്കാലയളവിൽ ലഭിച്ച നന്മകളെ അനുസ്മരിച്ചു ദൈവത്തിന് മുമ്പിൽ കൃതജ്ഞതയർപ്പിക്കാനായി മക്കളും മരുമക്കളും കൊച്ചുമക്കളും മറ്റ് പ്രിയപ്പെട്ടവരുമായി അവർ ഷിക്കാഗോയിലെ ബെൻസൻവിൽ ദേവാലയത്തിൽ ഈ ശനിയാഴ്ച ഒരുമിച്ചുകൂടുമ്പോൾ അത് പുതിയതലമുറയെ സംബന്ധിച്ചിടത്തോളം പുതിയൊരു പാഠവും  തിരിച്ചറിവുമായിത്തീരുകയാണ്. ദൈവാശ്രയബോധത്തിൽ അടിയുറച്ചും അധ്വാനിച്ചും ക്ഷമിച്ചും സഹിഷ്ണുതപുലർത്തിയും മുന്നോട്ടുപോയാൽ മാത്രമേ കുടുംബജീവിതം വിജയിക്കാനാവൂ എന്നാണ് ഈ ദമ്പതികൾ ലോകത്തോട് പറയുന്നത്, മൂല്യബോധമുള്ളവരായി മക്കളെ വളർത്തേണ്ടതിന്റെ ആവശ്യകതയും ഈ ദമ്പതികൾക്ക് പറയാനുണ്ട്.

vachakam
vachakam
vachakam

പഴകുംതോറും വീര്യമേറുന്ന വീഞ്ഞുകണക്കെയാണ് ഇവർക്കിടയിലെ സ്‌നേഹം. ഈ സ്‌നേഹവും അടുപ്പവും മാംസനിബദ്ധമല്ല പ്രണയം എന്ന രഹസ്യത്തിനു കൂടിയാണ് അടിവരയിടുന്നത്. ആയൂരാരോഗ്യത്തോടെ ഇനിയും ദീർഘകാലം ജീവിച്ചിരിക്കാൻ ഇവർക്ക് കഴിയട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യാം.  ആലപ്പുരയ്ക്കൽ കുടുംബാംഗമായ മറിയാമ്മയെ കുര്യൻ വിവാഹം കഴിക്കുമ്പോൾ കുര്യനു വയസ് 21. മറിയാമ്മയ്ക്ക് 16. ഷിക്കാഗോയിൽ മകൻ ബിനുവിനും ഭാര്യ ജിൻസിയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം താമസിക്കുമ്പോഴും തങ്ങൾ കടന്നു വന്ന വഴികളിലെ ദൈവകൃപയെക്കുറിച്ചാണ് ഇവർ വാചാലരാവുന്നത്.

കൊച്ചുമക്കളുടെ മക്കളെ ലാളിക്കുവാനുള്ള സുദുർലഭമായ ഭാഗ്യവും ഇവരെ തേടിയെത്തിയിട്ടുണ്ട്. മകൻ ബിനുവിനും മരുമകൾ ജിൻസിയ്ക്കുമൊപ്പം താമസിക്കുന്ന ഇവർക്ക് മറ്റു മക്കളും മരുമക്കളുമായ പെണ്ണമ്മ (ജോർജ് ചക്കാലത്തൊട്ടിയിൽ), മോളി (ജോസഫ് പുളിക്കമറ്റം), ഡെയ്‌സി (റോയി ഊരിയത്ത്), ലൈസാമ്മ (പരേതനായ ബിജു തുരുത്തിയിൽ), എന്നിവരെല്ലാം ഒരു വിളിപ്പാടകലെയുണ്ടെന്നത് അവരുടെ വാർദ്ധക്യത്തെ ധന്യമാക്കുന്നതായി അവർ പറയുന്നു.

വിവാഹത്തിന്റെ ഏഴരപ്പതിറ്റാണ്ടു പൂർത്തിയാക്കുന്ന ഇവർ രണ്ടുപേരും പുതുതലമുറയ്ക്ക് വഴിവിളക്കാവട്ടെയെന്നും ദൈവാനുഗ്രഹത്തിന്റെ നീർച്ചാലുകൾ അവിരാമം അവരുടെമേൽ ഒഴുകട്ടെയെന്നും ക്‌നാനായ റീജിയൻ ഡയറക്ടറും ഷിക്കാഗോ സെ. തോമസ് സീറോമലബാർ രൂപതാ വികാരിജനറാലുമായ റവ.ഫാ. തോമസ് മുളവനാലും ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫോറോന വികാരി റവ. ഫാ.അബ്രാഹം കളരിയ്ക്കലും ആശംസിച്ചു.

vachakam
vachakam
vachakam

ലിൻസ് താന്നിച്ചുവട്ടിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam