ഊദ്ധശ്വാസം വലിക്കുന്ന ജനാധിപത്യമോ?

FEBRUARY 25, 2026, 1:03 AM

ജനാധിപത്യം ഒരു തൽക്ഷണ മരണത്തിന് പകരം ആഗോളതലത്തിൽ തന്നെ ഗണ്യമായ ഒരു പിന്നോട്ടടിക്കലിന്റെയും സമ്മർദ്ദത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതാണ് എന്നെ ഇങ്ങനെയൊന്നു എഴുതുവാൻ പ്രേരിപ്പിച്ച ഘടകം, കാരണം നന്നായി പ്രവർത്തിക്കുന്ന ജനാധിപത്യത്തിന് അത്യാവശ്യമായ വോട്ടവകാശം, ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ അവകാശമാണ്. ജനാധിപത്യം ഒരു ഭരണരീതി മാത്രമല്ല. അത് ഒരു ശ്വാസമാണ്. ഒരു സമൂഹത്തിന്റെ ആത്മാവിൽ തെളിയുന്ന പ്രകാശമാണ്. വോട്ടുപെട്ടിയിൽ പതിയുന്ന വിരലടയാളങ്ങൾക്കപ്പുറം, മനുഷ്യന്റെ സ്വതന്ത്രമായ ചിന്തകൾക്കും, വാക്കുകൾക്കും, ഭയമില്ലാത്ത

അഭിപ്രായങ്ങൾക്കും നൽകുന്ന ഒരു വിശുദ്ധ വാഗ്ദാനമാണ്. എന്നാൽ, ഈ വാഗ്ദാനം നിസ്സാരമായി മങ്ങിത്തുടങ്ങുമ്പോൾ, ഒരു രാജ്യം നിശബ്ദമായി കരയുന്നു. ആ നിശബ്ദത കേൾക്കാൻ നമ്മൾ പഠിക്കണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന് അഭിമാനത്തോടെ വിളിക്കപ്പെടുന്ന ഇന്ത്യ മഹാരാജ്യം അതിന്റെ ജനാധിപത്യയാത്രയെക്കുറിച്ച് ഇന്ന് പലർക്കും ആശങ്കയുണ്ട്. ഈ ആശങ്ക വെറും രാഷ്ട്രീയവാദികളുടെ ശബ്ദമല്ല; അത് എഴുത്തുകാരുടെ മൗനം, മാധ്യമ പ്രവർത്തകരുടെ വിറയൽ, സാധാരണ പൗരന്മാരുടെ ഒതുങ്ങിയ ശ്വാസം, ചോദ്യം ചെയ്യാനുള്ള അവകാശത്തിന്റെ അരക്ഷിതത്വം.

ജനാധിപത്യം മരിക്കുന്നു എന്നല്ല ചിലർ പറയുന്നത്; അത് മുറിവേറ്റു കിടക്കുന്നു എന്നാണ്. ചിലർക്ക് അത് ഒരു കഠിന വാക്കായിരിക്കും, പക്ഷേ ചിലർക്ക് അത് ദിവസേന അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്. ജനാധിപത്യം മരിക്കുന്നത് ഒരു ദിവസം കൊണ്ടല്ല. അത് പെട്ടെന്ന് തകർന്നു വീഴുന്ന ഒരു ഗോപുരമല്ല. അത് അല്പാല്പമായി പൊളിയുന്ന ഒരു മതിലാണ്. ആദ്യം ചെറിയ പിളർപ്പുകൾ, പിന്നെ ചെറുതായി വീഴുന്ന കല്ലുകൾ, ഒടുവിൽ ഒരുനാൾ തിരിച്ചറിയുമ്പോൾ, മതിൽ തന്നെ ഇല്ലാതാവുന്നു. ഈ തകർച്ചയുടെ ശബ്ദം അധികം കേൾക്കില്ല, കാരണം അത് നിയമങ്ങളുടെ ഭാഷയിൽ, സുരക്ഷയുടെ പേരിൽ, ദേശീയതയുടെ മുദ്രാവാക്യങ്ങളിൽ ഒളിഞ്ഞിരിക്കും.

vachakam
vachakam
vachakam

സ്വാതന്ത്ര്യവാക്യങ്ങൾ ഒരു സമൂഹത്തിന്റെ ഹൃദയമിടിപ്പാണ്. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതെ ഒരു രാജ്യം സാങ്കേതികമായി നിലനിൽക്കാമെങ്കിലും, ആത്മാവിൽ അത് കെട്ടുപോകും. ഒരു എഴുത്തുകാരൻ തന്റെ പേന പിടിക്കുമ്പോൾ പേടിക്കേണ്ടി വരുന്നത്, ഒരു മാധ്യമപ്രവർത്തകൻ സത്യത്തെ ചോദ്യംചെയ്യുമ്പോൾ ഭീഷണിയുടെ നിഴൽ കാണുന്നത്, ഒരു വിദ്യാർത്ഥി ചോദ്യംചെയ്യാൻ മുമ്പ് ചുറ്റും നോക്കേണ്ടി വരുന്നത്, ഇവയൊക്കെ ഒരു സമൂഹത്തിന്റെ നിശബ്ദ അലാറങ്ങളാണ്. അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതിയ സ്ഥാപക പിതാക്കന്മാരിൽ ഒരുവനായ ബെഞ്ചമിൻ ഫ്രാങ്ക്‌ലിന്റെ വാക്കുകൾ ഇവിടെ പ്രസക്തമായിരിക്കുന്നതിനാൽ ഞാനിവിടെ കുറിയ്ക്കട്ടെ.

സംസാര സ്വാതന്ത്ര്യമില്ലാതെ പൊതു സ്വാതന്ത്ര്യം എന്നൊന്നില്ല; അത് ഓരോ മനുഷ്യന്റെയും അവകാശമാണ്, അതിലൂടെ അയാൾ മറ്റൊരാളുടെ അവകാശത്തെ ഉപദ്രവിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല; അത് അനുഭവിക്കേണ്ട ഒരേയൊരു പരിശോധനയും അത് അറിയേണ്ട ഒരേയൊരു അതിരുകളും ഇതാണ്. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും രാജ്യദ്രോഹികൾക്ക് ഭയങ്കരമായ ഒരു കാര്യമായ സംസാര സ്വാതന്ത്ര്യത്തെ കീഴ്‌പ്പെടുത്തിക്കൊണ്ടാണ് ആരംഭിക്കേണ്ടത്. ഒരു രാഷ്ട്രീയ പാർട്ടിയോട് എനിക്ക് ചായ്‌വോ ആരെയും പുകഴ്ത്താനോ, ഇകഴ്ത്താനോ അല്ല എന്റെ ഈ പരിശ്രമം. വ്യത്യസ്ത ശബ്ദങ്ങൾ തമ്മിൽ സംഘർഷമല്ല, വേണ്ടത്.

ഭൂരിപക്ഷത്തിന്റെ ശക്തിക്കൊപ്പം ന്യൂനപക്ഷത്തിന്റെ സുരക്ഷ ഉറപ്പാക്കുക; അധികാരത്തിന്റെ കഠിനതയ്‌ക്കൊപ്പം പൗരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക. ഈ മഹത്തായ സിദ്ധാന്തങ്ങളാണ് ജനാധിപത്യത്തിന്റെ ആത്മാവുള്ള ഒരാൾ ചിന്തിക്കണ്ടത്. വോട്ടവകാശം ഒരു രാഷ്ട്രീയപ്രക്രിയ മാത്രമല്ല; അത് മനുഷ്യന്റെ മാന്യതയുടെ പ്രഖ്യാപനമാണ്. അത് ക്യത്യമായി കാര്യങ്ങൾ അപഗ്രഥിച്ചതിനു ശേഷം വോട്ട് ചെയ്യുക എന്നതാണ്.

vachakam
vachakam
vachakam

മനുഷ്യചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ വൈവിധ്യങ്ങളിലൊന്നായി നില കൊള്ളുന്നു ഇന്ത്യ മഹാരാജ്യം. ജന്മം കൊണ്ട് ഒരു ഭാരതീയൻ എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു. വിശപ്പടക്കുവാൻ തൊഴിൽ തേടി പോകുന്നവർ ഹ്യദയത്തിന്റെ വിശപ്പടക്കുവാൻ തിരികെ നാട്ടിലെത്തുന്ന ഒരു സാധാരണ പ്രവാസിയാണ് ഞാൻ. തെരുവിന്റെ പാട്ടുകാരനായ ബിസ്മില്ലാ ഖാനോടു യുഎസിൽ വന്ന് താമസിക്കുവാൻ ക്ഷണിച്ചപ്പോൾ ഇടുങ്ങിയ തെരുവിലെ ചെറിയ വീടു വിട്ടു പോന്നാൽ ഗംഗയുടെ തീരത്തേയും, ഈ അമ്പലമണികളേയും എനിക്കു അവിടേക്കു കൊണ്ടു വരുവാനാവില്ലല്ലോ എന്ന് പറഞ്ഞാണു നിരസിച്ചത് എന്ന് കേട്ടിട്ടുണ്ട്. നാടിനോടുള്ള ഗ്രഹാതുരമായ ഇഴയടുപ്പം പ്രകടിപ്പിക്കുന്നവരാണു മിക്ക മലയാളികളും.

പിറന്ന മണ്ണിനോടുള്ള കൂറു മറന്നുകളയുന്നത് അക്ഷന്ത്യവ്യമാണല്ലോ. 22 ഔദ്യോഗിക ഭാഷകൾ, നാനൂറ്റിഅമ്പതിലധികം അനൗദ്യോഗിക ഭാഷകൾ കൂടാതെ, ഏകദേശം നൂറിലധികം ആദിവാസി ഭാഷകൾ സംസാരിക്കുന്ന ഒരു രാജ്യം നൂറ്റാണ്ടുകളായി സ്വരുമയോട് ജീവിക്കുന്നു എന്നത് തന്നെ ഒരത്ഭുതമാണ്. ഓരോ ഭാഷയും ഒരു ലോകമാണ്; ഓരോ വാക്കും ഒരു ജനതയുടെ ഓർമ്മയും ആത്മാവും. അതിൽ, വനങ്ങളുടെ മൃദുലതയും നദികളുടെ പുരാതനതയും പകരുന്ന ശബ്ദങ്ങൾ ഈ നാടിന്റെ സംസ്‌കാരഹൃദയത്തിൽ നിശബ്ദമായി തെളിഞ്ഞു നിൽക്കുന്നു. ഇരുപത്തിയെട്ട് സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് രൂപംകൊള്ളുന്ന ഈ മഹത്തായ ഘടന, ഭരണപരമായ ഒരു ക്രമീകരണമെന്നതിലുപരി, ചരിത്രങ്ങളുടെ ഒരു കൂട്ടായ്മയാണ്.

ഓരോ സംസ്ഥാനവും ഒരു സംസ്‌കാരഗാഥ; ഓരോ പ്രദേശവും ഒരു വ്യത്യസ്ത സങ്കൽപ്പം. ആയിരക്കണക്കിന് ജാതിവ്യത്യാസങ്ങളും, ആയിരത്തിലധികം വ്യത്യസ്ത സാമൂഹികഭാഷാപരമായ തിരിച്ചറിവുകളും, ഇവ ഒക്കെ ചേർന്നാണ് ഇന്ത്യ എന്ന ആശയം രൂപംകൊള്ളുന്നത്. ഇത്ഒരു ഏകതയുടെ കഥയല്ല; അനവധി വ്യത്യാസങ്ങൾ പരസ്പരം കൈകോർക്കുന്ന ഒരു സഹവർത്തിത്വത്തിന്റെ മഹാകാവ്യമാണെന്നു ഞാൻ മറക്കുന്നില്ല. വിശ്വാസങ്ങളുടെ രംഗത്ത്, ഈ നാട് ഒരു മഹത്തായ സംഗമം. ഹിന്ദുമതത്തിന്റെ പുരാതന ദാർശനികത, ഇസ്ലാമിന്റെ ആത്മീയ നിശ്ചയം, ക്രിസ്തുമതത്തിന്റെ കരുണപ്രഭ, സിഖ് സമ്പ്രദായത്തിന്റെ ധൈര്യം, ബുദ്ധമതത്തിന്റെ നിശ്ശബ്ദജ്ഞാനം, ജൈനമതത്തിന്റെ അഹിംസാപഥം. ഇങ്ങനെ അനവധി ആത്മീയ പാതകൾ ഒരേ ഭൂമിയിൽ ചേർന്ന് ഒഴുകുന്നു. ഇവിടെ വിശ്വാസം ഒരു സ്വകാര്യ അനുഭവമത്രേ.

vachakam
vachakam
vachakam

ഒരു സംസ്‌കാരസംഭാഷണമാണ്. ഈ സഹവർത്തിത്വം തന്നെയാണ് ഇന്ത്യയുടെ ആത്മീയ സൗന്ദര്യം. ഈ അത്ഭുതകരമായ വൈവിധ്യത്തിനിടയിൽ ജനാധിപത്യം ഒരു ഭരണരീതിയായി മാത്രമല്ല, ഒരു നൈതിക കരാറായാണ് നിലനിന്നത്. ഒരു രാജ്യം എന്നത് വെറും ഭൂപടത്തിലെ അതിരുകളല്ല; അത് അനവധി ശബ്ദങ്ങളുടെ, നിറങ്ങളുടെ, വിശ്വാസങ്ങളുടെ, ഓർമ്മകളുടെ, ഭാഷകളുടെ ഒരു സജീവ സംഗീതമാണ്. ആ സംഗീതത്തിന്റെ പേരാണ് ഇന്ത്യ. ഏകദേശം 79 വർഷത്തെ സ്വാതന്ത്ര്യ ലഭ്യതയ്ക്കു ശേഷം അനേക ഗവൺമെന്റുകൾ വന്നതും പോയതും കണ്ടിട്ടുണ്ട്, പക്ഷേ അവയെല്ലാം തോക്കിൻമുനയിൽ അല്ല ബാലറ്റ് പെട്ടിയിലൂടെ അപ്രത്യക്ഷമായി. ലോകമെമ്പാടും, തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപതികളുടെ ജനാധിപത്യം മരിക്കുകയാണ്.

ജനാധിപത്യത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ഒരു വ്യതിചലിച്ച ഭരണഘടന എന്ന്. അത് എത്ര എളുപ്പത്തിൽ ആൾക്കൂട്ട ഭരണത്തിലേക്കും പിന്നീട് സ്വേച്ഛാധിപത്യത്തിലേക്കും അധഃപതിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതുകൊണ്ടാണ്. ബാലറ്റ് പെട്ടിക്കും ബൂട്ടിനും ഇടയിലുള്ള ദൂരം, നമ്മളേക്കാൾ കുറവാണ്... ലോകത്തിലെ 8.3 ബില്യൺ ജനങ്ങളിൽ 2023ലെ കണക്കനുസരിച്ചു 1.4 ബില്യൺ ജനങ്ങൾ അധിവസിക്കുന്നത് ഇന്ത്യയിലാണ്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെങ്കിലും ഇന്ത്യയിൽ ജനാധിപത്യ സ്വാതന്ത്ര്യങ്ങളിൽ ഇടിവ് നേരിടുന്നുണ്ടെന്ന് നിരവധി പ്രമുഖ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും സൂചികകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ചിലർ ഇതിനെ തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം എന്ന് തരംതിരിക്കുന്നു.

നമ്മുടെ ആഗോള ജനാധിപത്യ മാന്ദ്യത്തിന്റെ മികച്ച മാതൃക ഇന്ത്യയേക്കാൾ വേറൊരു രാജ്യവുമില്ല. സുപ്രീം കോർട്ടിലെ നാല് ജഡ്ജിമാരിൽ ഒരാളായ ജസ്റ്റീസ് ചെലമേശ്വർ ചീഫ് ജസ്റ്റിസിന് ഒരു തുറന്ന കത്ത് എഴുതി, ഏത് സംസ്ഥാനത്തും ജുഡീഷ്യറിയും സർക്കാരും തമ്മിലുള്ള സൗഹൃദം ജനാധിപത്യത്തിന് മരണമണി മുഴക്കുന്നതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ജനാധിപത്യത്തിന്റെ ആരോഗ്യം അളക്കുന്നത് തിരഞ്ഞെടുപ്പുകളാൽ മാത്രം കഴിയില്ല. തിരഞ്ഞെടുപ്പുകൾ നടക്കുന്നു എന്നത് ജനാധിപത്യം ജീവിക്കുന്നു എന്നതിനുള്ള പൂർണ്ണ തെളിവല്ല. തിരഞ്ഞെടുപ്പുകൾ നടക്കുമ്പോഴും, ഭയം നിലനിൽക്കാം. നിയമങ്ങൾ നിലനിൽക്കുമ്പോഴും, നീതി വഴിതെറ്റാം. ഭരണഘടന നിലനിൽക്കുമ്പോഴും, ആത്മാവ് ക്ഷയിക്കാം. ജനാധിപത്യം ഒരു ജീവജാലമാണ്;

അതിന് ആത്മാവും ശ്വാസവുമുണ്ട്. അപ്പോൾത്തന്നെ, ജനാധിപത്യത്തിന്റെ ആണിക്കല്ല് വിദ്യാസമ്പന്നരായ ഓരോ വോട്ടർമാരുടെ അടിത്തറയിലാണെന്ന് തോമസ് ജെഫേഴ്‌സണും, ബുള്ളറ്റിനേക്കാൾ ശക്തമാണ് ബാലറ്റേന്ന് എബ്രഹാം ലിങ്കന്റെയും വാക്കുകൾ പ്രസ്താവനയോഗ്യമാണ്. ഒരു രാജ്യം സ്വതന്ത്രമായി നിലനിൽക്കുന്നതിന്റെ അടിസ്ഥാനം വിമർശനത്തെ സഹിക്കുന്ന ശേഷിയാണ്. വിമർശനം ശത്രുതയല്ല; അത് ആരോഗ്യത്തിന്റെ അടയാളമാണ്. എന്നാൽ വിമർശനം തന്നെ രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുമ്പോൾ, ചോദ്യംചെയ്യൽ തന്നെ കുറ്റമായി മാറുമ്പോൾ, അഭിപ്രായവ്യത്യാസം തന്നെ ഭീഷണിയായി കണക്കാക്കുമ്പോൾ, അവിടെ ഒരു ആത്മീയ പ്രതിസന്ധി രൂപപ്പെടുന്നു. കാരണം ജനാധിപത്യം ഒരേ ശബ്ദത്തിന്റെ സംഗീതമല്ല; അത് അനവധി ശബ്ദങ്ങളുടെ സംഘമേളമാണ്. ഈ അവസ്ഥയിൽ ഏറ്റവും ദുഖകരം എന്താണെന്ന് അറിയാമോ?

ജനാധിപത്യം ക്ഷയിക്കുമ്പോൾ, അതിന്റെ വേദന ഒരുപോലെ എല്ലാവർക്കും അനുഭവപ്പെടുന്നില്ല. ചിലർക്ക് എല്ലാം സാധാരണപോലെ തോന്നാം. ചിലർക്ക് പുരോഗതിയുടെ ദൃശ്യങ്ങൾ മാത്രം കാണാം. എന്നാൽ ചിലരുടെ ജീവിതത്തിൽ സ്വാതന്ത്ര്യത്തിന്റെ ഇടിവ്, അവസരങ്ങളുടെ ചുരുക്കം, ഭയത്തിന്റെ നിഴൽ, ഇവ കഠിന യാഥാർത്ഥ്യങ്ങളാകും. ജനാധിപത്യം ഒരു പോലെ എല്ലാവർക്കും സംരക്ഷണം നൽകാത്തിടത്ത്, അത് തന്റെ അടിസ്ഥാന പ്രതിജ്ഞ തന്നെ നഷ്ടപ്പെടുന്നു.സ്വാതന്ത്ര്യവാക്കുകളുടെ മങ്ങൽ ഒരു സമൂഹത്തിന്റെ സൃഷ്ടിപരത്വത്തെയും ബാധിക്കും.കലാകാരന്മാർ, എഴുത്തുകാർ, ചിന്തകർ, പത്രമാധ്യമങ്ങൾ, ഇവരാണ് ഒരു രാജ്യത്തിന്റെ ആത്മീയ നാഡികൾ. ഇവരുടെ ശബ്ദം ചുരുങ്ങുമ്പോൾ, സമൂഹത്തിന്റെ ഭാവന തന്നെ ചുരുങ്ങുന്നു. ചിന്തയുടെ പരിധി കുറയുന്നു. ഭാവിയുടെ സാധ്യതകൾ മങ്ങുന്നു. കാരണം സ്വതന്ത്രമായ ചിന്തകളാണ് നവീകരണത്തിന്റെയും പുരോഗതിയുടെയും വിത്തുകൾ.

ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി ഭൂരിപക്ഷത്തിൽ അല്ല; ന്യൂനപക്ഷത്തിന്റെ സുരക്ഷയിലാണ്. ഭൂരിപക്ഷം സ്വാഭാവികമായി ശക്തമാണ്. എന്നാൽ ന്യൂനപക്ഷം സുരക്ഷിതമാണോ? ഭയമില്ലാതെ സംസാരിക്കാമോ? തങ്ങളുടെ വിശ്വാസങ്ങളും ആശയങ്ങളും ഭയമില്ലാതെ പ്രകടിപ്പിക്കാമോ? ഈ ചോദ്യങ്ങളാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ പരീക്ഷണം.ഇന്ന് ലോകം മുഴുവൻ ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നു. പല രാജ്യങ്ങളും സമാനമായ വെല്ലുവിളികൾ നേരിടുന്നു. പക്ഷേ ഒരു കാര്യം വ്യക്തമാണ്: ജനാധിപത്യം ഒരു സ്ഥിരമായ സമ്പാദ്യം അല്ല; അത് ദിനംപ്രതി സംരക്ഷിക്കേണ്ട ഒരു ഉത്തരവാദിത്വമാണ്. നിയമങ്ങൾ കൊണ്ടോ സ്ഥാപനങ്ങൾ കൊണ്ടോ മാത്രം അത് നിലനിൽക്കില്ല. പൗരന്മാരുടെ ജാഗ്രത, ധൈര്യം, സത്യത്തോടുള്ള പ്രതിബദ്ധത, ഇവയാണതിനെ ജീവിപ്പിക്കുന്നത്. ഒരു രാജ്യം മഹത്താകുന്നത് അതിന്റെ സാമ്പത്തിക ശക്തിയാൽ മാത്രമല്ല. മനുഷ്യരുടെ മാന്യത, വാക്കുകളുടെ സ്വാതന്ത്ര്യം, നീതിയുടെ വിശ്വാസ്യത, ഇവയാലാണ്.

സ്വാതന്ത്ര്യം മങ്ങിയാലും, വികസനം ഉയർന്നാലും, ആത്മാവിൽ ഒരു ശൂന്യത ഉണ്ടാകും. കാരണം മനുഷ്യൻ വെറും സാമ്പത്തിക ജീവിയല്ല; അവൻ ചിന്തിക്കുന്നവൻ, സ്വപ്നം കാണുന്നവൻ, ചോദ്യംചെയ്യുന്നവൻ. ജനാധിപത്യത്തിന്റെ സൗന്ദര്യം അതിന്റെ പുനർജനനശേഷിയിലാണ്. ചരിത്രം നമ്മെ പഠിപ്പിക്കുന്നത് എന്തെന്നാൽ, സമൂഹങ്ങൾ പലവട്ടം തളർന്നിട്ടും, വീണ്ടും ഉയർന്നിട്ടുണ്ട്. സത്യത്തിന്റെ ശബ്ദം പലവട്ടം മൂടപ്പെട്ടിട്ടും, വീണ്ടും മുഴങ്ങിയിട്ടുണ്ട്. കാരണം സ്വാതന്ത്ര്യത്തിന്റെ ആഗ്രഹം മനുഷ്യന്റെ സ്വഭാവത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു.ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടത് ഒരു ആശയമായി മാത്രം അല്ല; ഒരു നൈതിക ബാധ്യതയായി.അത് ഭരണകൂടത്തിന്റെ മാത്രം ചുമതല അല്ല; ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. സത്യംകേൾക്കാനുള്ള സന്നദ്ധത, വ്യത്യസ്ത അഭിപ്രായങ്ങളെ സഹിക്കുന്ന മനസ്സ്, ഭയമില്ലാതെ ചിന്തിക്കുന്ന ധൈര്യം, ഇവയൊക്കെയാണ് ജനാധിപത്യത്തിന്റെ ജീവൻ.

ഒടുവിൽ, ജനാധിപത്യം ഒരു ഭരണഘടനയുടെ പേജുകളിൽ മാത്രം ജീവിക്കുന്നില്ല. അത് മനുഷ്യരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. അവിടെ അത് മങ്ങിത്തുടങ്ങിയാൽ, ഒരു രാജ്യം നിശബ്ദമായി കരയും. എന്നാൽ അവിടെതന്നെ അത് വീണ്ടും തെളിഞ്ഞാൽ, ഒരു രാജ്യം പുതു ജന്മം നേടും. ജനാധിപത്യത്തിന്റെ ഭാവി ആരുടെയെങ്കിലും കൈകളിൽ മാത്രം അല്ല. അത് ജനങ്ങളുടെ ശ്വാസത്തിൽ, വാക്കുകളിൽ, ജാഗ്രതയിൽ. സ്വാതന്ത്ര്യം ഒരു നാൾ നഷ്ടപ്പെടുമ്പോൾ അതിന്റെ വില മനസ്സിലാക്കേണ്ട അവസ്ഥ വരാതിരിക്കാൻ, ഇന്നുതന്നെ അതിന്റെ മൂല്യം ഓർക്കണം. കാരണം ജനാധിപത്യം മരിക്കുമ്പോൾ ആദ്യം മരിക്കുന്നത് സ്ഥാപനങ്ങൾ അല്ല, മനുഷ്യരുടെ ഭയമില്ലാത്ത ശബ്ദമാണ്. ഈ അത്ഭുതകരമായ വൈവിധ്യത്തിനിടയിൽ ജനാധിപത്യം ഒരു ഭരണരീതിയായി മാത്രമല്ല, ഒരു നൈതിക കരാറായാണ് നിലനിന്നത്. വ്യത്യസ്ത ശബ്ദങ്ങൾ തമ്മിൽ സംഘർഷമല്ല വേണ്ടത്.

എന്നാൽ, ഈ വിശാല സംഗീതത്തിൽ ഇന്ന് ചിലർക്കെങ്കിലും ഒരു മങ്ങലിന്റെ നിഴൽ കാണപ്പെടുന്നു. ജനാധിപത്യം ക്ഷയിക്കുന്നു എന്ന വാക്ക് ചിലർക്കു കടുപ്പമായിരിക്കും; പക്ഷേ ആശങ്കയുടെ ചോദ്യങ്ങൾ ഉയരുന്നു. സ്വതന്ത്ര വാക്കുകളുടെ വിറയൽ, വിമർശനത്തിന്റെ ചുരുക്കം, മാധ്യമങ്ങളുടെ ആത്മ വിശ്വാസത്തിൽ പടരുന്ന അനിശ്ചിതത്വം, എന്നിവ വർദ്ധിക്കുന്നു. ഒരു സമൂഹത്തിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമായത് അതിന്റെ ഭയമില്ലാത്ത ശബ്ദങ്ങളാണ്. ശബ്ദങ്ങൾ മങ്ങുമ്പോൾ, നിശബ്ദതയ്ക്ക് ഒരു ഭാരം ഉണ്ടാകും.

ജനാധിപത്യത്തിന്റെ യഥാർത്ഥ പരീക്ഷണം തിരഞ്ഞെടുപ്പുകളിലെ അക്കങ്ങളിൽ മാത്രം കാണാനാവില്ല. അത് പൗരന്റെ ദൈനംദിന അനുഭവത്തിലാണ്. ഒരാൾക്ക് തന്റെ ആശയം തുറന്നു പറയാനാകുന്നുണ്ടോ? വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ ഭയം നിഴലിക്കുന്നുണ്ടോ? സത്യാന്വേഷണം നടത്തുന്ന മാധ്യമപ്രവർത്തകനു ആത്മവിശ്വാസമുണ്ടോ? കലാകാരന് തന്റെ സൃഷ്ടിയിൽ സ്വാതന്ത്ര്യമുണ്ടോ? ഈ ചെറുചോദ്യങ്ങളാണ് ജനാധിപത്യത്തിന്റെ മഹത്തായ ആരോഗ്യപരിശോധന. ഞാൻ ഒരു സമൂഹത്തെയോ, രാഷ്ട്രീയ പാർട്ടിയേയോ മുൻപിൽ കണ്ടുകൊണ്ടല്ല ഇതെഴുതുന്നത്. തെറ്റുകൾ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്, സംയമനം എല്ലാവർക്കും അനിവാര്യമാണ്. വൈവിധ്യം ഒരു രാജ്യത്തിന്റെ അലങ്കാരം മാത്രമല്ല; അത് ജനാധിപത്യത്തിന്റെ അടിസ്ഥാനവ്യവസ്ഥയാണ്.

അനവധി ഭാഷകളും, സംസ്‌കാരങ്ങളും, വിശ്വാസങ്ങളും ഒത്തുചേരുന്നിടത്ത്, സഹിഷ്ണുതയും സംവാദവും അനിവാര്യമാണ്. അവിടെ ഒരേയൊരു ശബ്ദം മാത്രം ശക്തമാകുമ്പോൾ, ബാക്കിയുള്ളവയുടെ പ്രതിധ്വനി മങ്ങിത്തുടങ്ങാം. ജനാധിപത്യം ഒരു ഏക ഗാനമല്ല; അത് അനവധി സ്വരങ്ങളുടെ സംഘമേളമാണ്. എന്നിരുന്നാലും, പ്രത്യാശയുടെ വാതിൽ ഒരിക്കലും പൂർണ്ണമായി അടഞ്ഞുവെന്നു ഞാൻ കരുതുന്നില്ല. ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, സമൂഹങ്ങൾ പലവട്ടം ആശങ്കകളിലൂടെ കടന്നു പോയിട്ടും, വീണ്ടും സമതുലിതത്വം കണ്ടെത്തിയിട്ടുണ്ടെന്ന്. ജനാധിപത്യം ഒരു സ്ഥിരാവസ്ഥയല്ല; അത് ഒരു തുടർച്ചയായ അഭ്യാസമാണ്. ജാഗ്രതയും പങ്കാളിത്തവും സത്യത്തോടുള്ള പ്രതിബദ്ധതയും, ഒക്കെയാണ് അതിന്റെ ജീവൻ. സാഹിത്യത്തിൽ നോബൽ സമ്മാനം ലഭിച്ച ബംഗാളി കവിയായ ടാഗോറിന്റെ വാക്കുകളോട് എന്റെയീ കുറിമാനം അവസാനിപ്പിക്കട്ടെ.

സ്വാതന്ത്ര്യത്തെ വെറും രാഷ്ട്രീയമോ ബാഹ്യമോ ആയ അവസ്ഥയായി കണ്ടിരുന്നില്ല; മറിച്ച് അത്മനുഷ്യന്റെ അന്തർമനസ്സിലും ആത്മാവിലും വിരിയുന്ന ഒരു ആന്തരിക അനുഭവമായി അദ്ദേഹംവ്യാഖ്യാനിച്ചു. യഥാർത്ഥ സ്വാതന്ത്ര്യം മനസ്സിന്റെയും ആത്മാവിന്റെയും ഉള്ളറകളിൽ തന്നെസ്ഥാപിതമായിരിക്കണം; കാരണം ഭയം, മുൻവിധി, ലോഭം എന്നിവയുടെ ബന്ധനങ്ങളിൽ ഉള്ളിൽകുടുങ്ങിയിരിക്കുന്ന മനുഷ്യന് ലഭിക്കുന്ന ബാഹ്യസ്വാതന്ത്ര്യം നിഷ്ഫലമാണ്.

അതേസമയം, അടിമത്തം മനുഷ്യന് പുറത്തുനിന്ന് നിർബന്ധിതമാകുന്ന വിധിയല്ലെന്നും, ആത്മാവിന്റെ ക്ഷയത്താലും സമൂഹത്തിന്റെ കാഠിന്യത്തിലൂടെയും മനുഷ്യൻ തന്നെ സൃഷ്ടിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ജാതിവ്യവസ്ഥ പോലുള്ള കർശനമായ സാമൂഹിക ഘടനകളും അന്ധമായ ആചാരാനു ഷ്ഠാനങ്ങളും മനുഷ്യന്റെ ആത്മഗൗരവത്തെ മങ്ങിയതാക്കി, അവനെ സ്വയം ചുമത്തിയ അടിമത്ത ത്തിലേക്ക് നയിക്കുന്നുവെന്ന് ടാഗോർ ദാർശനികമായി സൂചിപ്പിച്ചു.

മനു ഫിലിപ്പ്, പുത്തൻകുരിശ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam