തിരുവനന്തപുരം: 2021ൽ ബിജെപിക്കാർ കൊണ്ടുവന്ന കുഴൽപ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടർഭരണം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കോടിക്കണക്കിന് രൂപയാണ് അന്നു ബിജെപി കേരളത്തിൽ വിതരണം ചെയ്തത്.
അതു കൊടുത്ത് ബിജെപി വോട്ടുകൾ സിപിഎമ്മിനു മറിച്ചു. 60ലധികം സീറ്റുകളിലാണ് ബിജെപിയുടെ വോട്ടുമറിഞ്ഞത്. പ്രത്യുപകാരമായി കൊടകര കുഴൽപ്പണക്കേസ് പിണറായി സർക്കാർ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ നടത്തിയ അന്വേഷണത്തിൽ ബിജെപി നേതാക്കൾ കൊടകര കുഴൽപ്പണ കേസിൽ സാക്ഷികളാണ്. ഇവരെ പ്രതി ചേർക്കാതെ പിണറായി സർക്കാർ കേസ് ഇഡിക്കു കൈമാറി. പിണറായി സർക്കാർ പഴുതുകളില്ലാത്ത അന്വേഷണം നടത്തിയിരുന്നെങ്കിൽ ബിജെപി നേതാക്കൾ ഇപ്പോൾ ജയിലിലാകുമായിരുന്നു. ഇഡിക്ക് കേസ് വിട്ടപ്പോഴാണ് തന്നെ ഒരിക്കലും ഈ കേസിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് കെ സുരേന്ദ്രൻ വെല്ലുവിളിച്ചത്.
ബിജെപിക്കാർ ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെ തേച്ചുവെളിപ്പിക്കുന്ന വാഷിംഗ് പൗഡറായി ഇഡി മാറിയിരിക്കുകയാണ്. ഇഡി എത്രമാത്രം രാഷ്ട്രീയവത്കരിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴൽപ്പണക്കേസ് അന്വേഷണം. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ കൂട്ടത്തോടെ കുടുങ്ങേണ്ട കുഴൽപ്പണക്കേസാണ് ഇഡി വെറും സ്ഥലക്കച്ചവടമാക്കി മാറ്റി. ഹവാല ഇടപാടുകാരനായ ധർമരാജൻ പണം നഷ്ടപ്പെട്ട ഉടനേ ഫോൺ ചെയ്തത് കെ സുരേന്ദ്രനേയും ബിജെപിയുടെ സംഘടനാ സെക്രട്ടറി എം ഗണേശനേയുമാണ്.
പൂർണമായും രാഷ്ട്രീയപ്രേരിതമായാണ് ഇഡിയുടെ അന്വേഷണം. പ്രതിപക്ഷ പാർട്ടികളെ ആക്രമിക്കാനുള്ള ആയുധമായാണ് കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിക്കുന്നത്. 2015 മുതൽ 2025 ഫെബ്രുവരി വരെ മോദി ഭരണത്തിൽ രാഷ്ട്രീയനേതാക്കൾക്കെതിരേ എടുത്ത 193 കേസുകളിൽ രണ്ടെണ്ണം മാത്രമാണ് ഇതുവരെ തെളിയിക്കാൻ കഴിഞ്ഞതെന്ന് കേന്ദ്രസർക്കാർ തന്നെ രാജ്യസഭയിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്