കേരളത്തിൽ പ്രീണനം നടത്തുന്ന സംഘ്പരിവാർ രാജ്യത്തുടനീളെ ക്രൈസ്തവരെ ആക്രമിക്കുന്നവർ; വിഡി സതീശൻ

APRIL 5, 2025, 5:19 AM

കൊച്ചി: എന്തുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇന്ത്യ മുന്നണിയും വഖഫ് ബില്ലിനെ എതിർത്തെന്ന് മുൻകൂട്ടി പറഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മതത്തിന്റെ ആചാരത്തിലേക്കും സംസ്‌ക്കാരത്തിലേക്കും സാമൂഹികമായ സംവിധാനത്തിലേക്കും നുഴഞ്ഞു കയറാനുള്ള സംഘ്പരിവാർ ശ്രമത്തിന്റെ ഭാഗമാണ് വഖഫ് ഭേദഗതി. അതിനെ ഞങ്ങൾ ശക്തിയായി എതിർത്തു.

വഖഫിൽ സർക്കാർ നിയന്ത്രണം കൊണ്ടു വരുന്നതിനു വേണ്ടിയുള്ളതായിരുന്നു ഭേദഗതികൾ. അതിനെ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാൻ ചില ശക്തികൾ ശ്രമിച്ചു. മുനമ്പം വിഷയവും വഖഫ് ഭേദഗതിയും തമ്മിൽ ഒരു ബന്ധവുമില്ല. മുനമ്പത്തെ വിഷയം സംസ്ഥാന സർക്കാരിനും സംസ്ഥാന വഖഫ് ബോർഡിനും പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. കേരളത്തിലെ മുഴുവൻ മുസ്ലീം സംഘടനകളും, ക്രൈസ്തവ സംഘടനകളും മുനമ്പത്തെ ജനങ്ങളെ അവിടെ നിന്നും ഇറക്കി വിടരുതെന്നും സ്ഥിരമായ ആവകാശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അത് സംബന്ധിച്ച് ഒരു തർക്കവും രാഷ്ട്രീയ പാർട്ടികൾക്കും മത സംഘടനകൾക്കുമില്ല. 

മുനമ്പത്തിന്റെ മറവിൽ വഖഫ് ബിൽ പാസാക്കാൻ ശ്രമം നടത്തി. വഖഫ് ബിൽ പാസാക്കിയതു കൊണ്ട് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കപ്പെടുമോ? തീരാൻ വഖഫ് ഭേദഗതിക്ക് മുൻകാല പ്രബല്യമില്ല. എന്നിട്ടും ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. രണ്ട് മതങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കി മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള ശ്രമമാണ് നടത്തുന്നത്. 

vachakam
vachakam
vachakam

വഖഫ് ബിൽ പാസായാൽ അതിന് പിന്നാലെ ചർച്ച് ബിൽ വരുമെന്ന് അന്നേ ഞങ്ങൾ മുന്നറിയിപ്പ് നൽകിയതാണ്. മോദി സർക്കാർ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസിന്റെ മുഖപത്രമായ ഓർഗനൈസറിന്റെ വെബ് പോർട്ടലിൽ ഇന്നലെ ഒരു ലേഖനം വന്നിട്ടുണ്ട്. ഇന്ത്യയിൽ കേന്ദ്ര സർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂ ഉടമ കത്തോലിക്കാ സഭയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഏഴ് കോടി ഹെക്ടർ അതായത് 17.29 കോടി ഏക്കർ സ്ഥലത്തിന്റെ ഉടമകളാണ് കത്തോലിക്കാ സഭ. അനധികൃതമായി ബ്രിട്ടീഷുകാരുടെ കാലത്ത് പാട്ടത്തിനെടുത്ത് കൈവശം വച്ചിരിക്കുന്ന ഈ ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നാണ് ആർ.എസ്.എസ് പറഞ്ഞിരിക്കുന്നത്. വഖഫ് ബിൽ പാസാക്കിയ അതേ ദിവസമാണ് ആർ.എസ്.എസ് ഇതു പറഞ്ഞിരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിൽ രത്‌ന കിരീടവുമായി പോകുന്നതിന്റെയും ഈസ്റ്റർ ദിനത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ സന്ദർശിക്കുന്നതിന്റെയും രഹസ്യം മനസിലായല്ലോ. 

ജബൽപൂരിൽ തൃശൂർ ജില്ലയിലെ വൈദികനായ ഫാ. ഡേവിസ് പൊലീസിന് മുന്നിൽ വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. വഖഫ് ബില്ലിന്റെ പേരിൽ ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോഴാണ് ഒഡീഷയിൽ ഫാദർ ജോഷി ജോർജ്ജ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പള്ളിയിലേക്ക് മുന്നൂറോളം പൊലീസ് കയറി വന്ന് അടി തുടങ്ങിയെന്നാണ് ഫാദർ ജോഷി എന്നോട് പറഞ്ഞത്. സഹവികാരിയുടെ തോളെല്ല് ഒടിഞ്ഞു. ക്രൈസ്തവർക്കെതിരെ രാജ്യത്തുടനീളെ വ്യാപക അക്രമം നടത്തുന്നവരാണ് കേരളത്തിൽ ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത്. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് കഴിയുമെന്നാണ് വിശ്വാസം.

മുനമ്പത്ത് നേരത്തെ ഉണ്ടായിരുന്ന ബി.ജെ.പിക്കാർ തന്നെയാണ് വീണ്ടും ബി.ജെ.പിയിൽ ചേർന്നത്. അല്ലാതെ പുതുതായി ആരും ചേർന്നിട്ടില്ല. ഇതൊക്കെ കാമ്പയിന്റെ ഭാഗമാണ്. വഖഫ് ബില്ലിന് പിന്നാലെ ചർച്ച് ബിൽ കൂടി വരുമെന്നത് സഭ നേതൃത്വത്തിനും മനസിലായിട്ടുണ്ട്. എന്തുകൊണ്ടാണ് കോൺഗ്രസും ഇന്ത്യ മുന്നണിയും വഖഫ് ബില്ലിൽ നിലപാട് എടുത്തത് എന്നത് സംബന്ധിച്ച് ബോധ്യപ്പെടുത്തും. ആ നിലപാടിൽ വെള്ളം ചേർക്കില്ല. അത് രാജ്യത്തിന് വേണ്ടി സ്വീകരിച്ച നിലപാടാണ്. ചർച്ച് ബിൽ വന്നാലും എതിർക്കാൻ ഞങ്ങളുണ്ടാകും.  

vachakam
vachakam
vachakam

ആശമാരുടെ ആക്ഷേപം ഗൗരവമായി പരിശോധിക്കും. കമ്മീഷനെ നിയോഗിച്ച് ആശ സമരം അവസാനിപ്പിക്കണമെന്ന നിലപാട് കോൺഗ്രസിനോ യു.ഡി.എഫിനോ ഇല്ല. ആശമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്നും അവർക്ക് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകണമെന്നതുമാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട്. വ്യത്യസ്തമായ അഭിപ്രായം കോൺഗ്രസുമായും യു.ഡി.എഫുമായും ബന്ധപ്പെട്ട ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാർട്ടി ഗൗരവമായി പരിശോധിക്കും. 

ഒരു പ്രത്യയശാസ്ത്രത്തെ കുഴിച്ചു മൂടി മറ്റൊരു പ്രത്യയശാസ്ത്രം രാജ്യത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് എം.കെ രാഘവൻ സമരം ആരംഭിക്കുന്നത്. ഗാന്ധി നിന്ദയുടെ തുടർച്ചയാണ് രാജ്യത്ത് നടക്കുന്നതെല്ലാം. ഒരു സിനിമ എടുത്തതിന്റെ പേരിൽ നിർമ്മാതാവിനെയും സംവിധായകനെയും റെയ്ഡ് ചെയ്യുകയാണ്. സർക്കാരിനെതിരെ പറഞ്ഞാൽ ജയിലിൽ പോകുമെന്ന സന്ദേശമാണ് നൽകുന്നത്. കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ ദേശ വിരുദ്ധനാണെന്നാണ് പറയുന്നത്. ഇതൊക്കെ ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും കാലത്തുണ്ടായിരുന്നതാണ്. അതൊന്നും ഇന്ത്യയിൽ നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam