തിരുവനന്തപുരം: വഖഫ് ബില്ലിനു ശേഷം ഇനി സംഘ് പരിവാര്‍ കണ്ണു വെച്ചിരിക്കുന്നത് കത്തോലിക്കാ സഭയുടെ കൈവശമിരിക്കുന്ന ഭൂസ്വത്താണ് എന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ കത്തോലിക്കാ സഭയുടെ കൈവശം 20,000 കോടി രൂപ വില മതിക്കുന്ന ഏഴു കോടി ഹെക്ടര്‍ സ്ഥലമുണ്ടെന്നും ഇതു പിടിച്ചെടുക്കണ്ടതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും പറയുന്നു.
വാര്‍ത്ത പുറത്തു വന്നതോടു കൂടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശക്തമായി പ്രതികരിച്ചതോടെ ഓര്‍ഗനൈസര്‍ അത് പിന്‍വലിച്ചു. പക്ഷേ അവരുടെ ഉദ്ദേശം അവര്‍ കൃത്യമായി വെളിവാക്കിയിരിക്കുകയാണ്. ആദ്യം മുസ്ലിങ്ങള്‍, പിന്നെ കൃസ്ത്യാനികള്‍. മതന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ടയാണ് ഓര്‍ഗനൈസറിലൂടെ പുറത്തു വന്നിരിക്കുന്നത്. വഖഫ് ബില്‍ വഴി വഖഫ് സ്വത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നു. ഇനി അടുത്ത ഇരകള്‍ കൃസ്ത്യാനികളാണ്. ഇതുകൊണ്ടാണ് ഞങ്ങള്‍ വഖഫ് ബില്ലിനെ ഒന്നിച്ചു നിന്ന് എതിര്‍ത്തത്.
വഖഫ് ബില്ലിനെതിരെ ഇന്ത്യയിലെ മുഴുവന്‍ പ്രതിപക്ഷകക്ഷികളേയും ഒന്നിച്ച് അണി നിരത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള കോണ്‍ഗ്രസിന്റ പോരാട്ടം തുടരും.
കേരളത്തില്‍ ബിജെപി പച്ചയായ വര്‍ഗീയത വിതയ്ക്കാനുള്ള ശ്രമമാണ്. പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി മുനമ്പത്തു ഇതു തുടങ്ങി വെച്ചിരിക്കുന്നു. ഇത്തരം വര്‍ഗീയ വിഷത്തെ ചെറുക്കാന്‍ കേരളത്തിലെ മതേതര വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കണം. വഖഫ് ബില്‍ മൂലം മുനമ്പത്തെ വിഷയം പരിഹരിക്കപ്പെടില്ല. കാരണം വഖഫ് ബില്ലിന് മുന്‍കാല പ്രാബല്യമില്ല.
ജബല്പൂരില് ക്രിസ്ത്യന്‍ വൈദികരെ സംഘ് പരിവാര്‍ സംഘടനകള്‍ ആക്രമിച്ചു. പോലീസിനു മുന്നില്‍ വെച്ചു നടന്ന അതിക്രമത്തിനു പോലും എഫ്ഐആര്‍ ഇടാന്‍ അവര്‍ തയ്യാറിയില്ല. ഒടുവില്‍ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എഫ്ഐആര്‍ പോലും രണ്ടു മൂന്നു ദിവസത്തിനു ശേഷം ഇടുന്നത്. പക്ഷേ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല. അതേ സംഘ് പരിവാര്‍ സംഘടനകള്‍ കേരളത്തില്‍ ക്രൈസ്തവരെ താലോലിക്കാന്‍ ശ്രമിക്കുന്നതിനു പിന്നിലുള്ള പൊള്ളത്തരം തിരിച്ചറിയണം.
ആശാവര്‍ക്കര്‍മാരുടെ പ്രശ്നം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു അവസാനിപ്പിക്കാത്തത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. മന്ത്രി ചര്‍ച്ച നടത്തിയതില്‍ കാര്യമാ യാതൊരു പുരോഗതിയുമില്ല. മുഖ്യമന്ത്രി അവരെ വിളിച്ചു തര്‍ച്ച നടത്തി പ്രശ്നം അവസാനിപ്പിക്കണം. ഇപ്പോള്‍ കാണിക്കുന്നത് കടുത്ത ധാര്‍ഷ്ട്യമാണ്. കടുത്ത ധിക്കാരമാണ്. ഈ വിഷയത്തില്‍ ഐഎന്ടിയുസിഎടുത്ത നിലപാടിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ ആശാവര്‍ക്കര്‍മാര്‍ എടുത്ത നിലപാടിനോടാണ് അനുഭാവം. ഐഎന്‍ടിയുസി പ്രസിഡന്റ് സമരത്തിന് എതിരായി നിലപാട് എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം അന്വേഷഷിക്കും. അതിനോട് കോണ്‍ഗ്രസ് യോജിക്കുന്നില്ല. അതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കും. ഈ വിഷയത്തില്‍ കമ്മിഷന് വെയ്ക്കണം എന്ന് ആശാവര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിട്ടില്ല. കമ്മിഷന് വെക്കുന്നത് കബളിപ്പിക്കാനാണ്. 55 ദിവസത്തെ സമരം കഴിഞ്ഞു. കമ്മിഷന് വെച്ച്് ഇനിയും നാലുമാസം കൂടി വൈകിപ്പിക്കണ്ട ആവശ്യമില്ല. ഇതു ഉടനടി തീരുമാനമെടുക്കണ്ട കാര്യമാണ്.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാണ്. കേന്ദ്രമന്ത്രിക്ക് മാധ്യമങ്ങളോട് ഉത്തരവാദിത്തമുണ്ട്. സിനിമാനടന് ഉത്തരവാദിത്തമുണ്ടാകേണ്ട കാര്യമില്ല. പക്ഷേ മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്തമുണ്ടായേ പറ്റു. മാധ്യമപ്രവര്‍ത്തകരോട് സൗമ്യതയോടെ പെരുമാറുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും സുരേഷ് ഗോപിക്ക് ഉത്തവാദിത്തമുണ്ട്. അത് മറക്കരുത്. ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. അത് നിര്‍വഹിക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്