എഴുതാത്ത പുസ്തകവും സാത്താന്റെ വേലകളും

NOVEMBER 20, 2024, 12:30 PM

അബ്‌സേർഡ് തിയേറ്റർ അഥവാ അസംബന്ധ നാടകം എന്നറിയപ്പെട്ട ഒരു നാടക പ്രസ്ഥാനം കഴിഞ്ഞ നൂറ്റാണ്ടിലെ അമ്പതുകളിൽ യൂറോപ്പിലും അമേരിക്കയിലും പ്രചാരം നേടിയിരുന്നു. രണ്ടു പതിറ്റാണ്ടുകാലം ലോക നാടകവേദിയിൽ വലിയ സ്വാധീനം ചെലുത്തിയ പ്രസ്ഥാനം. അസംബന്ധ നാടകത്തിന്റെ വേദിയിൽ കാര്യമായി ഒന്നും സംഭവിക്കുന്നില്ല. നാടകം എവിടെ തുടങ്ങിയോ അവിടെ അവസാനിക്കുന്നു.

കഥാപാത്രങ്ങൾ പലരും വരും, പോകും; അവർ പലതും പറയും. അവരുടെ വാക്കുകൾക്ക് പലപ്പോഴും പരസ്പരം ഒരു ബന്ധവുമില്ല. പലർക്കും പരസ്പരം അറിയുക പോലുമില്ല. രംഗവേദിയിൽ അവർ അവിചാരിതമായി കണ്ടുമുട്ടുന്നു; എന്തൊക്കെയോ സംഭവിക്കുന്നു; എന്തൊക്കെയോ പറയുന്നു. വന്നപോലെ പോകുന്നു.  ജീവിതത്തിന്റെ അസംബന്ധ സ്വഭാവം പ്രകടിപ്പിക്കുന്ന ഈ നാടകരീതിക്ക് ഉദാഹരണം സാമുവൽ ബക്കറ്റിന്റെ വെയ്റ്റിംഗ് ഫോർ ഗോദോ എന്ന നാടകമാണ്.

അമ്പതുകളുടെ തുടക്കത്തിൽ, രണ്ടാം ലോകമഹായുദ്ധാനന്തരം ലോകം ഒരു ധാർമിക പ്രതിസന്ധിയിൽ നിൽക്കുന്ന കാലത്തെഴുതിയ ഈ നാടകത്തിൽ ഒരു തെരുവോരത്ത് രണ്ടു കഥാപാത്രങ്ങൾ കണ്ടുമുട്ടുന്നു. അവർ ആരെയോ കാത്തിരിക്കുകയാണ്. ഇടയ്ക്കിടെ പലതും പരസ്പരം പറയുന്നു; അപരനോടല്ലാതെയും പലതും പറയുന്നു. അവസാനം തിരശീല വീഴുന്നു. നാടകം അവസാനിക്കുന്നു; കാത്തിരിപ്പ് തുടരുന്നു. അക്കാലത്തെ പ്രശസ്തമായ  മറ്റൊരു നാടകത്തിന്റെ പേര് ആറു കഥാപാത്രങ്ങൾ എഴുത്തുകാരനെ തേടുന്നു എന്നായിരുന്നു. പിരാന്തലോയുടെ തീർത്തും അസംബന്ധ നാടകം. എന്നാൽ ചുറ്റിലുമുള്ള ലോകയാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന രചന.

vachakam
vachakam
vachakam

ഏതാണ്ട് ഇങ്ങനെയൊരു അസംബന്ധ നാടകമാണ് കേരളത്തിൽ നിലവിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഇ.പി. ജയരാജൻ ആത്മകഥയുടെ കഥയും. താൻ ഒരു ആത്മകഥ രചിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ജയരാജൻ കുറേക്കാലമായി പറയുന്നുണ്ട്. എന്തിനങ്ങനെയൊരു കഥ എഴുതുന്നു എന്നദ്ദേഹം ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. ആത്മകഥ ആരെഴുതണം, ആർക്കു പാടില്ല എന്നൊന്നും പ്രത്യേകിച്ച് നിയമമൊന്നുമില്ലല്ലോ. അതിനാൽ തനിക്കൊരു ആത്മാവുണ്ടെന്നും അതിനു പറയാൻ ഒരു കഥയുണ്ടെന്നും കരുതുന്ന ആർക്കും ആത്മകഥ എഴുതാം. ആവശ്യമുള്ളവർക്ക് വാങ്ങി വായിക്കാം. കോപ്പികൾ ചെലവാകാതെ ബാക്കിവന്നാൽ ആക്രിക്കാർക്ക് കൊടുത്തു മുതൽ കൂട്ടാം. കയ്യിൽ പൂത്ത കാശും തൊലിയ്ക്ക് നല്ല കട്ടിയും ഉള്ള ആർക്കും ആത്മകഥ എഴുതാനോ എഴുതിക്കാനോ അച്ചടിക്കാനോ തൂക്കിവിൽക്കാനോ ഒന്നിനും ഒരു പ്രയാസവുമില്ല.

അങ്ങനെ ജയരാജനും ആത്മകഥ എഴുതാൻ തുടങ്ങി. എഴുപത്തഞ്ചു വയസ്സ് തികയാൻ ഇനി മാസങ്ങൾ മാത്രം ബാക്കി. അതിനാൽ ഓർത്തെടുക്കാനും വാർത്തെടുക്കാനും കഥകൾ പലതും കാണാമറയത്തുണ്ട്. ജയരാജൻ സഖാവിന് എഴുത്തു നേരത്തെ ശീലമുള്ള ഏർപ്പാടല്ല. അടി, തട, ഇടി, വെട്ട്, വെടി, കൊടി എന്നിങ്ങനെ ആധുനിക രാഷ്ട്രീയ കലാവിദ്യകളിൽ അത്യന്തം ജ്ഞാനിയായ കണ്ണൂർ നേതാവാണ് അദ്ദേഹം. കൃഷ്ണപിള്ളയുടെ കാലം മുതലേ നാട്ടുകാർക്ക് പരിചയമുള്ള പഴയ കമ്മ്യൂണിസ്റ്റ് രീതികൾ മാറണം എന്ന് ആഗ്രഹിക്കുന്ന പുരോഗമന ചിന്തകൻ. അതിനാൽ കട്ടൻ ചായയും പരിപ്പുവടയും കഴിച്ചു, കക്ഷത്തു ഒരു ഡയറിയും വെച്ച് കൊടും വെയിലിൽ നാട്ടിലിറങ്ങി പിരിവെടുത്തും ജാഥ വിളിച്ചും നാട്ടുകാരുടെ കാര്യങ്ങളിൽ ഇടപെട്ടും നടത്തുന്ന പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനരീതി മാറണം എന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും അത് പരസ്യമായി പറയുകയും ചെയ്ത നേതാവാണ്.

സത്യത്തിൽ ത്വാത്തികമായി നോക്കിയാൽ പുതിയ കാലത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ആചാര്യൻ എന്നദ്ദേഹത്തെ വിളിക്കുന്നതിൽ തെറ്റില്ല. കാരണം ലോകം മാറിയിരിക്കുന്നു. ലോകരും മാറി. അതനുസരിച്ചു രാഷ്ട്രീയവും മാറുന്നുണ്ട്. അല്ലെങ്കിൽ മാറണം. പഴയ ശീലങ്ങൾ പോകണം. പുതിയ രീതികൾ നടപ്പിൽ വരണം. ലോകത്തു മാറ്റമില്ലാത്തതായി മാറ്റമല്ലാതെ മറ്റൊന്നുമില്ല എന്നാണല്ലോ മാർക്‌സിന്റെ തന്നെ പ്രമാണം. അതിനാൽ കമ്മ്യൂണിസ്റ്റ് രീതിയിലും മാറ്റം വരണം എന്ന് ജയരാജൻ സഖാവ് പ്രഖ്യാപിച്ചു. അതനുസരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനശൈലി അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. കർഷകത്തൊഴിലാളി സമരം ഉദ്ഘാടനം ചെയ്യാൻ വയലോരത്ത് മെഴ്‌സിഡസ് കാറിൽ എത്തിയത് അതിനു ഒരു ഉദാഹരണം മാത്രം.

vachakam
vachakam
vachakam

ഇതൊക്കെ കണക്കിലെടുക്കുമ്പോൾ അദ്ദേഹം ആത്മകഥ നേരത്തെ എഴുതേണ്ടതായിരുന്നു എന്ന് ആരും തലകുലുക്കി സമ്മതിക്കും. എന്നാൽ കമ്മ്യൂണിസ്റ്റ് ആചാര്യന്മാർ ആരും അങ്ങനെ ആത്മകഥ എഴുതി സമയം മെനക്കെടുത്തുന്ന പതിവുള്ള കൂട്ടരല്ല. മാർക്‌സ് മുതൽ ലെനിൻ, സ്റ്റാലിൻ, മാവോ എന്നിങ്ങനെ ലോകത്തെ എണ്ണംപറഞ്ഞ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരിൽ ആരും സ്വന്തം ആത്മകഥ എഴുതി അച്ചടിപ്പിച്ചിട്ടില്ല. അവരുടെ കഥ മറ്റുള്ളവർ എഴുതുന്ന രീതിയാണ് നിലവിലുള്ളത്. അതിനെ ജീവചരിത്രം എന്ന് പറയുന്നു. ആനയെ കണ്ട കുരുടൻ പറഞ്ഞ കഥ പോലെയാണ് ഇത്തരം ജീവചരിത്രങ്ങൾ പലതും. ഒരാൾ കണ്ട വ്യക്തിയെയല്ല മറ്റൊരാൾ കാണുന്നത്. സ്റ്റാലിൻ മഹാദുഷ്ടൻ എന്ന് ചില ജീവചരിത്രകാരന്മാർ. എന്നാൽ അദ്ദേഹം ലോകരക്ഷകൻ എന്നു വേറെ ചിലർ. ലെനിനെക്കുറിച്ചും മാവോയെക്കുറിച്ചും ഇങ്ങനെ പലരും പലതാണ് പറയുന്നത്. അതിൽ ആരു പറയുന്നത് ശരി, ആരു തെറ്റ് എന്നൊന്നും ആർക്കും പറയാൻ കഴിയില്ല. ഓരോരുത്തർക്കും വേണ്ടത് എടുക്കാം. അത്രമാത്രം.

തങ്ങളുടെ ജീവിതവും പ്രവർത്തനവും സംബന്ധിച്ചു വായനക്കാർക്കും നാട്ടുകാർക്കും അങ്ങനെയൊരു കൺഫ്യൂഷൻ വരുന്നത് ഒഴിവാക്കുക എന്ന ചിന്ത കൂടി ഉള്ളതുകൊണ്ടാവണം ഇക്കാലത്ത് പല കമ്യൂണിസ്റ്റ് നേതാക്കളും ആത്മകഥ എഴുതി പ്രസിദ്ധീകരിക്കുന്നുണ്ട്. ഒരുപക്ഷേ തങ്ങളുടെ കാലം കഴിഞ്ഞാൽ ഒരാളും തങ്ങളെ ഓർക്കാൻ ഇടയില്ല എന്ന ഭയവും അങ്ങനെ ജീവിതകാലത്ത് തന്നെ ആത്മകഥ ഇറക്കാൻ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നുമുണ്ടാവും. ജയരാജൻ എന്താണ് ചിന്തിച്ചത് എന്ന് അദ്ദേഹത്തിനു മാത്രമേ അറിയാവൂ. ഏതായാലും അദ്ദേഹം ആത്മകഥ എഴുതാൻ തുടങ്ങി എന്ന കാര്യം നാട്ടുകാർക്ക് നേരത്തെ അറിയാൻ കഴിഞ്ഞ കാര്യമാണ്.
എന്നാൽ ആത്മകഥ എഴുത്തുകാരൻ അറിയാതെ ഒരുനാൾ കൂടു പൊട്ടിച്ചു സ്വയം പുറത്തുവരുന്ന അനുഭവം ജയരാജനു മാത്രം ഉള്ളതാണ്.

സാധാരണ പക്ഷികളും പാമ്പുകളും ഒക്കെ സമയമായാൽ മുട്ടയുടെ തോടു പൊട്ടിച്ചു പുറത്തുവരും. അതു പ്രകൃതി നിയമമാണ്. എന്നാൽ ഇന്നേവരെ ഒരു പുസ്തകവും അങ്ങനെ സ്വയം കൂടുപൊട്ടിച്ചു ഇറങ്ങിയതായി കേട്ടുകേൾവി പോലുമില്ല. എന്നാൽ ജയരാജന്റെ ആത്മകഥയുടെ കാര്യത്തിൽ അതാണ് സംഭവിച്ചത്. ഉപതിരഞ്ഞെടുപ്പു വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ ആത്മകഥ വാട്ട്‌സ്ആപ്പ് വഴി പുറത്തിറങ്ങി നാട്ടുകാരുടെ ഫോണുകളിൽ കുടിയേറി! ജയരാജൻ പോലും വിവരം അറിയുന്നത് സ്വന്തം ആത്മകഥ തുടലു പൊട്ടിച്ചു നാട്ടിലിറങ്ങി നാട്ടുകാരുടെ നേരെ കുരച്ചുചാടുന്ന വാർത്ത കേട്ടാണ്.

vachakam
vachakam
vachakam

എങ്ങനെ സംഗതി കൂട്ടിൽ നിന്നും ചാടി പുറത്തിറങ്ങി എന്ന് പുള്ളിക്കാരന് ഇനിയും പിടികിട്ടിയിട്ടില്ല. അതിനാൽ ആത്മകഥ ചാടിപ്പോയ വിഷയം സംബന്ധിച്ചു അന്വേഷണം വേണം എന്ന് അദ്ദേഹം പോലീസ് ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്. പോലീസ് ഇനി ആത്മകഥയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം. തെളിവുകൾ ശേഖരിക്കണം. മഹസ്സറുകൾ തയ്യാറാക്കണം. അതൊക്കെ കഴിഞ്ഞാലേ എങ്ങനെ സംഗതി ചാടിപ്പോയി എന്നറിയാൻ കഴിയുകയുള്ളൂ.

അതിനേക്കാൾ രസകരമായ സംഗതി ചാടിപ്പോയ ആത്മകഥ ഒറിജിനല്ല, മറിച്ചു വ്യാജനാണ് എന്ന ആരോപണമാണ്. ജയരാജൻ തന്നെ പറയുന്നത് ഇറങ്ങിയ കഥ താൻ എഴുതിയതല്ല;തന്റെ ആത്മകഥ ഇങ്ങനെയല്ല എന്നാണ്. അപ്പോൾ ഏതോ വ്യാജൻ ജയരാജന്റെ വ്യാജ ആത്മകഥയാണോ ഇറങ്ങിയത്? അതോ നമ്മൾ കാണുന്ന ജയരാജൻ വ്യാജനും ഒറിജിനൽ കാണാമറയത്തിരിക്കുന്ന മറ്റൊരു ജയരാജനും ആണെന്നു വരുമോ? ശിവ ശിവ, ഇതൊരു അത്യന്താധുനിക അപസർപ്പക കഥ പോലെയോ ശ്രീശങ്കരന്റെ മായാവാദത്തിലെ രജ്ജുസർപ്പ ഭ്രാന്തി (അതായതു പാമ്പിനെ കണ്ടാൽ കയറെന്നും കയറു കണ്ടാൽ പാമ്പെന്നും തോന്നുന്ന അവസ്ഥ) പോലെയോ ഒക്കെ അനുഭവപ്പെടുന്നു. ഏതു സത്യം, ഏതു  മായാജാലം എന്നറിയാത്ത അവസ്ഥയെ ദാർശനിക വ്യഥ എന്നാണ് ചിന്തകന്മാർ പണ്ടുമുതൽ വിശേഷിപ്പിക്കുന്നത്.

ജയരാജൻ സഖാവിന്റെ ദാർശനിക വ്യഥയുടെ പരിണാമഗുപ്തി ഇനിയും അറിയാൻ ഇരിക്കുന്നതേയുള്ളൂ. പണ്ടൊക്കെ ഇത്തരം ദാർശനിക പ്രശ്‌നങ്ങൾ ദന്തഗോപുരങ്ങളിൽ കഴിയുന്ന ചിന്തകരുടെ മാത്രം പ്രശ്‌നമായിരുന്നു. ബുദ്ധനും ക്രിസ്തുവും മുതൽ നമ്മുടെ നാരായണഗുരു വരെ ധാരാളം ആചാര്യന്മാർ സത്യമെന്ത്, മായയെന്ത് എന്നറിയാൻ കാലങ്ങളോളം തപസ്സിൽ ഏർപ്പെട്ടിട്ടുണ്ട്. ഇടയ്ക്കവരെ കുഴപ്പത്തിൽ ചാടിക്കാൻ സാത്താന്റെ ഇടപെടലും ഉണ്ടായിട്ടുണ്ട്. കാട്ടിൽ ഭർത്താവിനോടു കൂടി സ്വസ്ഥമായി കഴിഞ്ഞ സീതയെ കുഴപ്പത്തിൽ ചാടിച്ച മാരീചനെപ്പോലെയുള്ള ചില ദുഷ്ടാത്മാക്കൾ.

എന്തെല്ലാം പുകിലാണ് അതിന്റെ പിന്നാലെ ഉണ്ടായത്! രാമായണം തന്നെ രചിക്കപ്പെട്ടത് അതിന്റെ പേരിലല്ലേ? ഇപ്പോൾ കമ്മ്യൂണിസ്റ്റും തികഞ്ഞ ഭൗതികവാദിയും മഹാത്മാവുമായ ജയരാജനും അത്തരമൊരു പരീക്ഷണത്തിനു വിധേയനാവുകയാണോ? സാത്താന്റെ വേലത്തരങ്ങൾ ആർക്കാണ് തിരിച്ചറിയാൻ കഴിയുന്നത്? ദൈവമേ, വിശ്വാസിയല്ലെങ്കിലും ഈ ആത്മാവിനെ കാത്തോളണമേ എന്നു മാത്രമാണ് ഇതെഴുതുന്ന ആളുടെ പ്രാർത്ഥന.

എൻ.പി. ചെക്കുട്ടി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam