ഡൽഹി : തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു പുനരന്വേഷണം നേരിടണമെന്നും ഒരു വർഷത്തിനകത്ത് വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിൽ പിഴവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്ന കേസിലാണ് കോടതി ഉത്തരവ്. പ്രതി വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി.
ആന്റണി രാജു അടക്കം പ്രതികൾ അടുത്ത മാസം 20ന് വിചാരണ കോടതിയിൽ ഹാജരാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അന്ന് ജൂനിയർ അഭിഭാഷകനായ ആൻറണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസിൽ രണ്ടാം പ്രതിയായ ആൻറണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. കേസിൽ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു ഹർജി സമർപ്പിച്ചത്. കേസിൽ വാദം കേൾക്കുന്നിതിനിടെ സത്യം കണ്ടെത്താൻ ഏതറ്റംവരെയും പോകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
1990 ഏപ്രിൽ 4-നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്നും മാറ്റി പകരം മറ്റൊന്ന് വെച്ചുവെന്നാണ് കേസ്. കേസിൽ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്