യു.ഡി.എഫ് മന്ത്രിസഭയിലെ വകുപ്പും മന്ത്രിമാരും ധാരണയായി: സതീശന് ധനകാര്യം, ചെന്നിത്തലയ്ക്ക് ആഭ്യന്തരം; സത്യപ്രതിജ്ഞ തിങ്കളാഴ്ച

MAY 16, 2026, 8:48 PM

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിലും മന്ത്രിമാരുടെ കാര്യത്തിലും ഏകദേശ ധാരണയായി. കോണ്‍ഗ്രസ് നേതാക്കളുടെ ആഭ്യന്തര കൂടിയാലോചനകള്‍ക്കും ഘടകകക്ഷി നേതാക്കളുമായി ശനിയാഴ്ച മുഴുവന്‍ നീണ്ടുനിന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ശേഷമാണ് അന്തിമ ഫോര്‍മുല രൂപപ്പെട്ടത്.

തിങ്കളാഴ്ച മുഴുവന്‍ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച രാവിലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറും. എ.ഐ.സി.സി അനുമതി ലഭിച്ചാലുടന്‍ ഉച്ചയോടെ ഗവര്‍ണര്‍ക്ക് പട്ടിക സമര്‍പ്പിക്കും.

ധാരണയായ പ്രധാന വകുപ്പുകളും മന്ത്രിമാരും:

രമേശ് ചെന്നിത്തല: ആഭ്യന്തരവും വിജിലന്‍സും

വി.ഡി സതീശന്‍: ധനവകുപ്പ്, തുറമുഖം

സണ്ണി ജോസഫ്: റവന്യൂ വകുപ്പ്

എം. ലിജു: എക്‌സൈസ് വകുപ്പ്

സി.പി. ജോണ്‍ (സി.എം.പി): ഗതാഗതം

മറ്റ് വകുപ്പുകള്‍:


ആരോഗ്യവകുപ്പ് കെ. മുരളീധരന് നല്‍കാന്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. പൊതുമരാമത്ത് വകുപ്പിനായി ലീഗും കേരള കോണ്‍ഗ്രസും (ജോസഫ്) അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിന് കൃഷി വകുപ്പാണ് നിലവില്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. ആര്‍.എസ്.പി ആവശ്യപ്പെട്ടിരിക്കുന്നത് ജലവിഭവ വകുപ്പാണ്.

കക്ഷി നിലയും മന്ത്രിസ്ഥാനങ്ങളും:

കോണ്‍ഗ്രസ്: മുഖ്യമന്ത്രിക്ക് പുറമെ 12 മന്ത്രിമാരും സ്പീക്കര്‍, ചീഫ് വിപ്പ് പദവികളും കോണ്‍ഗ്രസിനായിരിക്കും. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, പി.സി വിഷ്ണുനാഥ്, എം. ലിജു എന്നിവരുടെ മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്. ക്രിസ്ത്യന്‍ പ്രാതിനിധ്യത്തില്‍ സണ്ണി ജോസഫിന് പുറമെ റോജി എം. ജോണ്‍, ചാണ്ടി ഉമ്മന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരെയും വി.ടി ബല്‍റാമിനെയും പരിഗണിക്കുന്നുണ്ട്.

മുസ്ലിം ലീഗ്: അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ലീഗിന് ഉറപ്പിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ക്ക് പുറമെ പാറക്കല്‍ അബ്ദുള്ള, പി.കെ ബഷീര്‍, കെ.എം ഷാജി, വി.ഇ അബ്ദുള്‍ ഗഫൂര്‍, എ.കെ.എം അഷ്‌റഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് പരിഗണനയിലുള്ളത്. എം.കെ മുനീറിന് പ്രത്യേക പദവി നല്‍കും. തിങ്കളാഴ്ചയോടെ ലീഗ് പട്ടികയില്‍ അന്തിമ തീരുമാനമാകും.

കേരള കോണ്‍ഗ്രസ് (ജോസഫ്): ഏഴ് എം.എല്‍.എമാരുള്ള ജോസഫ് ഗ്രൂപ്പ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു മന്ത്രിസ്ഥാനവും (മോന്‍സ് ജോസഫ്) ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്.

മറ്റ് ഘടകകക്ഷികള്‍: ആര്‍.എസ്.പിയില്‍ നിന്ന് ഷിബു ബേബി ജോണ്‍ മന്ത്രിയാകും. സി.എം.പി നേതാവ് സി.പി ജോണിന് അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം ലഭിക്കും. ഒറ്റ അംഗം മാത്രമുള്ള കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബും കെ.ഡി.പി നേതാവ് മാണി സി. കാപ്പനും മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍ പങ്കുവെക്കും. എന്നാല്‍ ടേം വ്യവസ്ഥയില്‍ കാപ്പന് അതൃപ്തിയുണ്ട്.

തര്‍ക്കങ്ങളും മാനദണ്ഡങ്ങളും:

മന്ത്രിസഭാ രൂപീകരണത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കങ്ങള്‍ ബാക്കിയുണ്ട്. സ്വന്തം ക്യാമ്പില്‍ നിന്നുള്ള ഐ.സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെ ഉള്‍പ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ശക്തമായി ആവശ്യപ്പെടുന്നു.

ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ദിഖ്, അന്‍വര്‍ സാദത്ത് എന്നിവരില്‍ ഒരാള്‍ക്ക് കൂടി സാധ്യതയുണ്ട്. ലീഗ് ക്വാട്ടയില്‍ എറണാകുളത്ത് നിന്ന് വി.ഇ അബ്ദുള്‍ ഗഫൂര്‍ വന്നാല്‍ അന്‍വര്‍ സാദത്തിന്റെ സാധ്യത മങ്ങുകയും ഷാനിമോള്‍ക്ക് വഴിതുറക്കുകയും ചെയ്യും. സ്പീക്കര്‍, ചീഫ് വിപ്പ് പദവികള്‍ നിശ്ചയിക്കുന്നതിന് അനുസരിച്ചാകും കോണ്‍ഗ്രസിന്റെ ബാക്കി മന്ത്രിമാരെ തീരുമാനിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam