കോഴിക്കോട്: സിപിഎമ്മിനെതിരെ വീണ്ടും രൂക്ഷ വിമർശവുമായി സമസ്ത മുഖപത്രം 'സുപ്രഭാതം'. സിപിഎമ്മിന്റെ മുസ്‌ലിം വിരുദ്ധതയും വെറുപ്പുമാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കുറ്റപ്പെടുത്തലുണ്ട്.
വർഗ രാഷ്ട്രീയം വിട്ട് സിപിഎം അവസരത്തിനൊത്ത് വർഗീയ രാഷ്ട്രീയത്തെ ഉപയോഗിക്കുകയാണെന്ന് പത്രത്തിന്റെ മുഖപ്രസംഗത്തിൽ വിമർശിച്ചു.
'സംഘ്പരിവാറിന് മണ്ണൊരുക്കുന്നുവോ സിപിഎം' എന്ന തലക്കെട്ടിലാണ് 'സുപ്രഭാതം' മുഖപ്രസംഗം. വർഗീയരാഷ്ട്രീയത്തിന്റെ സാധ്യതകളിലേക്ക് സിപിഎം ചുവടുമാറ്റിത്തുടങ്ങിയത് 1980കളുടെ പകുതിയോടെയാണ്. ഷാബാനു കേസിന്റെ ചുവടുപിടിച്ച് മുസ്‌ലിം വ്യക്തിനിയമത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു തുടക്കം.
സംഘ്പരിവാർ ബാബരി മസ്ജിദ് തകർക്കുകയും മുസ്‌ലിം മനസുകളിൽ ഭീതിയും അരക്ഷിതബോധവും രൂപപ്പെടുകയും മുസ്‌ലിം ലീഗിൽ ഭിന്നിപ്പുണ്ടാകുകയുമൊക്കെ ചെയ്ത രാഷ്ട്രീയ സാഹചര്യം സിപിഎം ഉപയോഗിക്കാൻ ശ്രമിച്ചു.
സംഘ്പരിവാർ ഭീഷണിയെ നേരിടാനുള്ള ഏക ശക്തി തങ്ങളാണെന്ന പ്രചാരണം നടത്തി. മുസ്‌ലിം വോട്ടിനു വേണ്ടി കൈവിട്ട കളികളും പാർട്ടി നടത്തിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
പിണറായി സർക്കാർ അധികാരമേറ്റ ശേഷം ന്യൂനപക്ഷ വിരുദ്ധ നടപടികളുണ്ടായി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ കൂടിക്കാഴ്ച നടത്തി. സിപിഎം-സംഘ്പരിവാർ ചങ്ങാത്തമാണ് തൃശൂരിൽ ബിജെപിയുടെ വിജയത്തിന് കളമൊരുക്കിയത്. പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ മുസ്‌ലിം വിരോധം പ്രചരിപ്പിക്കുകയും ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുകയുമാണ് സിപിഎം നേതാക്കൾ ചെയ്യുന്നതെന്നും മുഖപ്രസംഗത്തിൽ വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്