തൃശൂർ: കേരളത്തിലെ സർക്കാർ ആശുപത്രിയിൽ അതിസമ്പന്നർ പോലും ചികിത്സിക്കാൻ മോഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ചികിത്സാരംഗത്തെ മികവിനെ ചൂണ്ടിക്കാട്ടാനാണ് ഈ ഉദാഹരണം പറഞ്ഞത്.
സമ്പന്നനായ ഒരു വ്യക്തി ഇക്കാര്യം നേരിട്ട് പറഞ്ഞതായും മുഖ്യമന്ത്രി ചേലക്കര ദേശമംഗലത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു.
സർക്കാർ ആശുപത്രിയിൽ ചികിത്സക്ക് പോകാൻ കൊതിയുണ്ടെന്നാണ് ഒരു സമ്പന്നൻ പറഞ്ഞത്. സ്വകാര്യ ആശുപത്രിയിൽ പണം നൽകി മികച്ച ചികിത്സ നടത്താൻ കെൽപ്പുള്ളയാളാണ് ആ സമ്പന്നൻ. സർക്കാർ ആശുപത്രികളിൽ എന്തെല്ലാം സൗകര്യങ്ങളാണ്.
പോകാൻ നല്ല ആഗ്രഹവുമുണ്ട്. എന്നാൽ സർക്കാർ ആശുപത്രിയിൽ പോയാൽ പിശുക്കനാണെന്ന് ആൾക്കാർ കരുതും. ഈ ഒറ്റക്കാരണം കൊണ്ടാണ് പോകാത്തതെന്നും അയാൾ പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറയുകയും ചെയ്തു. വിഴിഞ്ഞം, ഗെയിൽ, ദേശീയ പാത തുടങ്ങിയവ എൽഡിഎഫ് സർക്കാരിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാവസായിക രംഗത്ത് വലിയ കുതിച്ച് ചാട്ടം ഉണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞു. തനത് വളർച്ചാ നിരക്കിൽ മൂന്ന് ഇരട്ടി വളർച്ച ഉണ്ടാക്കാൻ സാധിച്ചു. ക്ഷേമ പെൻഷൻ കുടിശ്ശിക സമയ ബന്ധിതമായി കൊടുത്ത് തീർക്കും. ക്ഷേമ പെൻഷന്റെ 98 ശതമാനവും നൽകുന്നത് സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങൾക്കും എൽഡിഎഫ് സർക്കാരിനോട് ഒടുങ്ങാത്ത പകയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയെങ്കിലും എൽഡിഎഫ് ഒഴിഞ്ഞുപോകണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. പരിഹാസ്യമായ കഥകൾക്കെല്ലാം തങ്ങൾ വിചാരിച്ചാൽ വിശ്വാസ്യത സൃഷ്ടിക്കാൻ സാധിക്കുമെന്ന നിലയിൽ വലിയ പ്രചാരണം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്