തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ വ്യവസ്ഥകളില്‍ വിപ്ലവകരമായ മാറ്റവുമായി വി.ഡി സതീശന്‍ സര്‍ക്കാര്‍. ഇനി മുതല്‍ പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന് അര്‍ഹത നേടാന്‍ കുറഞ്ഞത് നാല് വര്‍ഷത്തെ തുടര്‍ച്ചയായ സര്‍വീസ് നിര്‍ബന്ധമാക്കി. നിലവിലുണ്ടായിരുന്ന രണ്ട് വര്‍ഷത്തെ സര്‍വീസ് പരിധിയാണ് പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇത് സംബന്ധിച്ച കര്‍ശന നിര്‍ദേശം മുഖ്യമന്ത്രി വി.ഡി. സതീശന്‍ മന്ത്രിമാര്‍ക്ക് കൈമാറി.
ഭരണത്തിന്റെ ഭൂരിഭാഗം കാലവും സര്‍വീസില്‍ ഇരിക്കുന്നവര്‍ക്ക് മാത്രം പെന്‍ഷന്‍ ആനുകൂല്യം നല്‍കിയാല്‍ മതിയെന്ന നയപരമായ തീരുമാനത്തിന്റെ ഭാഗമായാണിത്. മുന്‍ കാലങ്ങളില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള സ്റ്റാഫുകളെ മാറ്റി പുതിയ ആളുകളെ നിയമിക്കുന്ന രീതി വ്യാപകമായിരുന്നു. ഒരു ഭരണകാലയളവില്‍ തന്നെ രണ്ട് ബാച്ചുകളിലായി നിരവധി പേര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുന്ന ഈ 'രാഷ്ട്രീയ തന്ത്രം' പുതിയ തീരുമാനത്തോടെ ഇല്ലാതാകും.
രണ്ട് വര്‍ഷത്തിന് മുകളിലുള്ളത് 3 വര്‍ഷമായി കണക്കാക്കി പെന്‍ഷന്‍ നല്‍കിയിരുന്നു. പുതിയ തീരുമാനത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കില്ല. നിലവില്‍ 4 വര്‍ഷത്തില്‍ കുറഞ്ഞ സര്‍വീസില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അത് തുടരും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രീതി ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണുള്ളത്. ഈ സമ്പ്രദായത്തെ സുപ്രീംകോടതിയും സിഎജിയും മുന്‍പ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ശമ്പള പരിഷ്‌കരണ കമ്മിഷന്‍ സര്‍വീസ് കാലാവധി നാല് വര്‍ഷമാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും മുന്‍ സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ തയ്യാറായിരുന്നില്ല.
നിലവില്‍ രാഷ്ട്രീയമായി നിയമിക്കപ്പെടുന്ന പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് കുറഞ്ഞത് 4,750 രൂപയാണ് മിനിമം പെന്‍ഷന്‍ ലഭിക്കുന്നത്. ഓരോ സര്‍ക്കാരിലും ഏതാണ്ട് നാനൂറോളം പേരാണ് ഇത്തരത്തില്‍ രാഷ്ട്രീയമായി നിയമിക്കപ്പെടാറുള്ളത്. വളരെ ചെറുപ്പത്തില്‍ തന്നെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറി, കുറഞ്ഞ കാലം കൊണ്ട് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ വാങ്ങുന്ന രീതിക്കെതിരെ പൊതുസമൂഹത്തില്‍ വലിയ പ്രതിഷേധം നിലനിന്നിരുന്നു. 1994 ല്‍ കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്താണ് മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുന്നത്. ഇതിന് 1982 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിരുന്നു. ഇതിനാണ് ഇപ്പോള്‍ സതീശന്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
