അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് നവവധുവിന് ദാരുണാന്ത്യം; ഭര്‍ത്താവുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്

MAY 8, 2026, 10:08 PM

തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാറിടിച്ച് ഭര്‍ത്താവിനൊപ്പം നടന്ന് പോയ നവവധുവിന് ദാരുണാന്ത്യം. രണ്ട് കാറുകളും സ്‌കൂട്ടറും ഇടിച്ചുതെറിപ്പിച്ച് നഗരത്തെ നടുക്കിയ അപകട പരമ്പരയില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഒരു മരണവും ആറ് പേര്‍ക്ക് ഗുരുതര പരിക്കും ഏല്‍ക്കുകയായിരുന്നു.

നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് ചിറ്റൂര്‍ പൊല്‍പ്പുള്ളി കമ്പിളിച്ചുങ്കം വേര്‍ക്കോലിയില്‍ നൗഷിജയാണ് (24) കവടിയാര്‍-കുറവന്‍കോണം റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് ആഷിക് സാനു ഉള്‍പ്പെടെയുള്ളവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു നഗരത്തെ നടുക്കിയ അപകട പരമ്പര.

കഴിഞ്ഞ മാസം വിവാഹം കഴിഞ്ഞ നൗഷിജയും ആഷിക്കും മധുവിധു ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു. കുറവന്‍കോണം ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച കാര്‍ പിന്നെയും മുന്നോട്ടുപോയി, രണ്ട് ബൈക്കുകളിലും രണ്ട് കാറുകളിലും ഇടിച്ച് നില്‍ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൗഷിജ ഉള്‍പ്പെടെയുള്ളവര്‍ 20 മിനിറ്റോളമാണ് ചോരയില്‍ കുളിച്ച് റോഡിലും നടപ്പാതയിലുമായി കിടന്നത്. അപകടത്തെത്തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് കാരണം ആംബുലന്‍സും പൊലീസും സ്ഥലത്തെത്താനും വൈകി.

ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതിയാണ് തന്റെ കാറില്‍ പരിക്കേറ്റ നൗഷിജയെയും ആഷിക്കിനെയും പട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ആഷിക്കിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

അപകടത്തില്‍ പരിക്കേറ്റ ആഷിക്കിന്റെ ബന്ധു അസ്മ (22), കായംകുളം സ്വദേശി നിധീഷ്, കഴക്കൂട്ടം സ്വദേശി സുനില്‍കുമാര്‍, കൊല്‍ക്കത്ത സ്വദേശിയും കവടിയാറിലെ ബ്യൂട്ടിക്കിലെ ജീവനക്കാരനുമായ അലി അക്ബര്‍ എന്നിവര്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചിരുന്ന കുറവന്‍കോണം സീസണ്‍ സമ്മര്‍ ബ്ലിസ് ഫ്ളാറ്റിലെ താമസക്കാരന്‍ മോഹന്‍ തോമസ് (77) പൊലീസിന് മൊഴി നല്‍കിയത്. ഇയാള്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷം പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും. ആഷിക്കും നൗഷിജയും വെള്ളിയാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് എത്തിയത്. ഇവരുടെ ബന്ധുവായ അസ്മ തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയാണ്. അസ്മയെ കണ്ടതിന് ശേഷം മൂവരും നടപ്പാതയിലൂടെ നടന്നുവരുമ്പോഴായിരുന്നു വാഹനം ഇടിച്ചുതെറിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam