തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പേഴ്സണൽ സ്റ്റാഫിൽ കൂട്ടരാജി. പേഴ്സണൽ അസിസ്റ്റന്റ് വിമലിന് പിന്നാലെ ഡ്രൈവർ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എംഎൽഎയുമായുള്ള ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.
രമ്യ ഹരിദാസിന്റെ പേഴ്സണൽ സ്റ്റാഫിൽ മൂന്ന് അംഗങ്ങളാണുണ്ടായിരുന്നത്. ഇതിൽ പിഎ വിമലും ഡ്രൈവർ കുഞ്ഞുമുഹമ്മദുമാണ് രാജിവെച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്ന വിമൽ ഡെപ്യൂട്ടേഷൻ വഴിയാണ് പേഴ്സണൽ അസിസ്റ്റന്റായി എത്തിയത്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനാ നേതാവ് കൂടിയാണ് വിമൽ.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമൽ രാജിക്കത്ത് നൽകിയതെന്നാണ് വിവരം. എന്നാൽ, ജോലിഭാരത്തെ തുടർന്നാണ് പിഎ രാജിവെച്ചതെന്നായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ തുടർച്ചയായ രാജിയിൽ പാർട്ടി നേതൃത്വം വിശദീകരണം തേടിയേക്കും.
ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിന് പിന്നാലെയാണ് കൂട്ടരാജി. സംഭവത്തിൽ രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എംഎൽഎ ഗുരുതരമായ വീഴ്ച വരുത്തിയെന്നും പക്വതയോടെ ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
തനിക്കെതിരെ അപവാദപ്രചാരണം ഉണ്ടായപ്പോൾ കെപിസിസിക്ക് പരാതി നൽകുന്നതിന് പകരം അനാവശ്യമായി വിവാദം സൃഷ്ടിച്ചെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടി അധ്യക്ഷൻ രമ്യ ഹരിദാസിന് താക്കീത് നൽകി. സെപ്റ്റംബർ നാലിനാണ് ചിറയിൻകീഴിൽ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
