തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗവും അക്രമങ്ങളും അനിയന്ത്രീതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, രാഷ്ട്രീയ വിയോജിപ്പു മറന്ന് ഒന്നിച്ച് പ്രതിരോധം തീര്‍ക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. നിയമസഭയില്‍ മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ അടിയന്തരപ്രമേയ നോട്ടീസില്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കാമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. സാമൂഹിക വിപത്തിനെതിരേ ഒന്നിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ നടപടികളിലെ വീഴ്ചയും വിയോജിപ്പും ചര്‍ച്ചയില്‍ പ്രകടിപ്പിച്ചെങ്കിലും ലഹരിക്കെതിരേ കര്‍മപദ്ധതി തയ്യാറാക്കി സര്‍ക്കാരിറങ്ങിയാല്‍ ഒപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഉറപ്പ് നല്‍കി. കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്ന് മാത്രമല്ല, അതിന്റെ രീതി പോലും മാറിക്കൊണ്ടിരിക്കുകയാണെന്ന ആശങ്ക പ്രതിപക്ഷ നേതാവ് പങ്കുവെച്ചു. മുന്‍പ് ഇതേ വിഷയത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ തങ്ങള്‍ പിന്തുണച്ചതാണ്. അതിനാല്‍ അങ്ങോട്ടും ഇങ്ങോട്ടും പിന്തുണച്ച് മതിയാക്കിപ്പോകാനുള്ളതല്ല ഈ പ്രശ്‌നമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
ലഹരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കര്‍മപദ്ധതിയുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഉണ്ടെന്നും അത് എന്തൊക്കെയാണെന്നും മുഖ്യമന്ത്രി വിശദമായി അവതരിപ്പിച്ചു. മൂന്നുമണിക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവില്‍, ഭരണപരമായ ഇടപെടല്‍ കാര്യക്ഷമമാക്കില്ലേയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന്, അതിലും ഉറപ്പുനല്‍കിയാണ് മുഖ്യമന്ത്രി മറുപടി അവസാനിപ്പിച്ചത്.
കുടുംബ ബന്ധത്തിലെ ശൈഥില്യം, പരസ്പരം മിണ്ടാന്‍ സമയംകിട്ടാത്ത രക്ഷിതാക്കള്‍, കുട്ടികളുടെ മാനസികാവസ്ഥയില്‍ വന്ന മാറ്റം, ഡിജിറ്റല്‍ അടിമത്തം, സമൂഹികമാധ്യമങ്ങളുടെ ഉപയോഗം, സാങ്കേതിക അറിവ്, കുട്ടികളെ വഴിതെറ്റിക്കുന്ന രീതി ഇങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
താമരശേരിയിലെ വിദ്യാര്‍ഥിയുടെ കൊലപാതകത്തെക്കുറിച്ച് വൈകാരികമായി പറഞ്ഞാണ്, സ്ഥലം എം.എല്‍.എ. എം.കെ മുനീര്‍ തുടങ്ങിയത്. മുന്‍പ് നമുക്ക് സഹപാഠികളായിരുന്നില്ല, സഹോദരര്‍ ആയിരുന്നു. ഇന്ന് സഹപാഠികള്‍ ശത്രുക്കളാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങളായ 11 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍
* എല്ലാവരും ചേര്‍ന്നുള്ള പ്രചാരണം എങ്ങനെവേണമെന്ന് പരിശോധിക്കാന്‍ സാമൂഹിക ശാസ്ത്രജ്ഞരും ആത്മീയനേതാക്കളും മറ്റു സമൂഹ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് യോഗം ചേരും
* രാസലഹരി എത്തുന്നത് മറ്റ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങള്‍ വഴിയാണ്. തടയാന്‍ ജനകീയ ഇടപെടല്‍ ഉണ്ടാകണം. വിവരങ്ങള്‍ 9497927797 എന്ന നമ്പറില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. വിവരം നല്‍കിയതാരെന്ന് പുറത്തുവരില്ല
* കുട്ടികള്‍ അരുതാത്ത വഴികളിലൂടെ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണം. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ രൂപവത്കരിക്കും
* പൊലീസും റെസിഡന്‍സ് അസോസിയേഷനും മാസത്തില്‍ ഒരു തവണയെങ്കിലും യോഗം ചേരണം.
* സ്‌കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് അടക്കമുള്ള യൂണിറ്റുകള്‍ ശക്തിപ്പെടുത്തി ഇത്തരം കാര്യങ്ങള്‍ക്കു കൂടി ഉപയോഗപ്പെടുത്തണം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്