ഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തേക്ക് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ചിന് നേതൃത്വം നൽകിയ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പൊളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. “ഏകാധിപത്യ നടപടികൾ അനുവദിക്കില്ല” എന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
സിപിഎം നേതാക്കളായ ബൃന്ദ കാരാട്ട്, വിജു കൃഷ്ണൻ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് തടയാൻ പ്രവർത്തകർ മനുഷ്യ മതിൽ തീർത്തെങ്കിലും, പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കി.
പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ പൊലീസ് വലിച്ചിഴച്ച് മാറ്റിയതായും റിപ്പോർട്ടുണ്ട്. പിന്നീട് പ്രതിഷേധത്തിൽ പങ്കെടുത്ത പ്രധാന നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു.
സിഎംആർഎൽ-മാസപ്പടി കേസിൽ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയുൾപ്പെടെ 12 ഇടങ്ങളിൽ ഇഡി നടത്തിയ റെയ്ഡിനെതിരെയാണ് സിപിഎം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
തിരുവനന്തപുരത്തും പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ഇഷ്ടിക ഉൾപ്പെടെ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലുകൾ തകർത്തതായും, സംഭവത്തിൽ ഡ്രൈവർക്കു പരിക്കേറ്റതായും വിവരമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
