കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തളിപ്പറമ്പിലെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനമുയർന്നു.
ജനങ്ങൾക്കിടയിൽ ഒട്ടും സ്വീകാര്യതയില്ലാത്ത നേതാവാണ് സ്ഥാനാർത്ഥിയായിരുന്ന പി.കെ. ശ്യാമളയെന്നും, തോൽവി മുൻകൂട്ടി കണ്ട് സ്ഥാനാർത്ഥിയെ മാറ്റാൻ ആവശ്യപ്പെട്ടിട്ടും നേതൃത്വം തയ്യാറായില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ഭാര്യ കൂടിയായ പി.കെ. ശ്യാമളയുടെയും ശരീരഭാഷ ഒന്നാണെന്നും, ഇതേ ധാർഷ്ട്യത്തോടെയുള്ള ശൈലിയാണ് ഗോവിന്ദന്റെ എംഎൽഎ ഓഫീസിലെ ജീവനക്കാർ പുലർത്തുന്നതെന്നും യോഗത്തിൽ വിമർശനമുയർന്നു.
ഇത്തരം ജനവിരുദ്ധമായ ഇടപെടലുകൾ വോട്ട് കൂട്ടാനല്ല, മറിച്ച് വലിയ തോതിൽ വോട്ട് ചോരാനാണ് കാരണമായതെന്ന് ഏരിയാ കമ്മിറ്റി വിലയിരുത്തി. കൂടാതെ, മണ്ഡലത്തിൽ നടത്തിയ 'ഹാപ്പിനസ് ഫെസ്റ്റിവൽ' സംഘാടനത്തിലെ വീഴ്ചകൾ ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കിയെന്നും വിമർശനമുണ്ട്.
വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ തോല്‍ക്കുമെന്ന് പി കെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. വോട്ടെടുപ്പിന് മുമ്പ് തന്നെ തോല്‍ക്കുമെന്ന് പാര്‍ട്ടിക്ക് അറിയാമായിരുന്നില്ലേ എന്ന് ശ്യാമള ചോദിച്ചു.
പാര്‍ട്ടിക്ക് അറിയാമായിരുന്നിട്ടും തന്നെ പറ്റിച്ച് സ്ഥാനാര്‍ഥിയാക്കിയെന്ന് ശ്യാമള പറഞ്ഞതായും എം വി ഗോവിന്ദന്‍ വെളിപ്പെടുത്തിയിരുന്നു. തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ടി കെ ഗോവിന്ദനോടാണ് പി കെ ശ്യാമള ടീച്ചര്‍ പരാജയപ്പെട്ടത്. ടി കെ ഗോവിന്ദന്‍ 12,551 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ പി കെ ശ്യാമളയ്ക്ക് 78,788 വോട്ടാണ് ലഭിച്ചത്. 91,339 വോട്ട് ടി കെ ഗോവിന്ദന് ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
