ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ 'സേവാതീര്‍ത്ഥ്' ഓഫീസില്‍ രാവിലെ 11:15 നാണ് നിര്‍ണായക കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം 2:30 ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് ധനകാര്യ വകുപ്പിന്റെ ചുമതല കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെന്ന നിലയില്‍ ധന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. നാളെ ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട ശേഷമാകും മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുക.
കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളും വിവിധ വികസന പദ്ധതികളും കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. സംസ്ഥാനത്തിന് ആവശ്യമായ കേന്ദ്ര സഹായം ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രധാന ലക്ഷ്യം. കേരളത്തിലെ റെയില്‍വേ വികസനം, മെട്രോ റെയില്‍ പദ്ധതികളുടെ വിപുലീകരണം, തുറമുഖ വികസന പദ്ധതികള്‍ക്ക് ആവശ്യമായ കേന്ദ്ര അനുമതികളും സഹായങ്ങളും, കേരളം ഏറെക്കാലമായി ആവശ്യപ്പെടുന്ന എയിംസ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ചര്‍ച്ച ഉണ്ടാകും.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രിയുടെ രണ്ടാമത്തെ ഡല്‍ഹി സന്ദര്‍ശനമാണിത്. കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെത്തിയ വി.ഡി സതീശന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നല്‍കിയ ശക്തമായ പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, പാര്‍ട്ടി സംഘടനാ കാര്യങ്ങളും അന്ന് ചര്‍ച്ച ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ ഭരണപരമായ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഔദ്യോഗിക സന്ദര്‍ശനമാണെങ്കിലും, ദേശീയ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യവും കല്‍പ്പിക്കപ്പെടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
