തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിനെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (പിആർഡി) ചുമതലയിൽനിന്ന് മാറ്റി.
പ്രസ് സെക്രട്ടറി സ്ഥാനത്തുനിന്നു മനോജിനെ മാറ്റണമെന്ന അഭിപ്രായമുണ്ടായെങ്കിലും പിആർഡി ചുമതലയിൽ നിന്നു മാത്രമേ മാറ്റിയിട്ടുള്ളൂ. അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനും മീഡിയ സെക്രട്ടറി പ്രഭാവർമയ്ക്കുമാണ് ഇനി പിആർഡി ചുമതല.
മുഖ്യമന്ത്രിയുടെ ഓഫിസും മാധ്യമങ്ങളുമായുള്ള ബന്ധം ഇത്രയും വഷളായ ഘട്ടം മുൻപുണ്ടായിട്ടില്ലെന്ന വിമർശനവുമുയർന്നു. പാർട്ടി മുഖപത്രത്തിന്റെ റസിഡന്റ് എഡിറ്റർ ആയിരിക്കെയാണു മനോജ് പ്രസ് സെക്രട്ടറി സ്ഥാനത്തെത്തിയത്. മനോജ് പത്രത്തിലേക്കു മടങ്ങുമെന്നും സൂചനയുണ്ട്.
പിആർഡി കരാറുകൾ നിരന്തരം മനോജിന്റെ മകന്റെ സ്ഥാപനം ഉൾപ്പെടെ ‘വേണ്ടപ്പെട്ടവർ’ക്കു ലഭിക്കുന്നതു വാർത്തയായിരുന്നു. പിആർഡി പരസ്യ കരാറുകളിലും ഡോക്യുമെന്ററി നിർമാണത്തിലും ഇടപെടലുണ്ടെന്നും ആരോപണമുയർന്നു. പിആർഡി ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലും സ്ഥലംമാറ്റത്തിലുമൊക്കെ ഇവരുടെ ഇടപെടലുണ്ടായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിലെ 2 പിആർഡി ഡപ്യൂട്ടി ഡയറക്ടർമാർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവരുടെ പ്രവർത്തനം നിയന്ത്രിക്കാൻ തീരുമാനിച്ചു. എന്റെ കേരളം, കേരളീയം, നവകേരള സദസ്സ് എന്നീ പരിപാടികളുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതോടെയാണു മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരെ നിരീക്ഷിക്കാൻ തുടങ്ങിയത്.
സർക്കാരിന്റെ നാലാം വാർഷികപരിപാടികൾ ഉടൻ നടക്കുന്നതും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്നതും കണക്കിലെടുത്ത് അഴിച്ചുപണി അത്യാവശ്യമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസിനോടു പാർട്ടി നേതൃത്വം നിർദേശിച്ചെന്നാണു സൂചന. പ്രസ് സെക്രട്ടറി മനോജ് മാധ്യമങ്ങൾക്കെതിരെ മോശമായ വിമർശനം നടത്തിയതും പാർട്ടി നേതൃത്വത്തിൽ അതൃപ്തിയുണ്ടാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്