തൃശ്ശൂർ: കോടികളുടെ തട്ടിപ്പുനടന്ന കരുവന്നൂർ സഹകരണബാങ്കില്‍ തട്ടിപ്പിനിരയായ സ്ത്രീ നല്‍കിയ പരാതിയില്‍ മുൻ മാനേജരെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി ഉത്തരവ്.
മുൻ മാനേജരും കരുവന്നൂർ തട്ടിപ്പുകേസില്‍ പ്രധാന പ്രതിയുമായ മാപ്രാണം മുത്രത്തിപ്പറമ്ബില്‍ ബിജു കരീമിനെതിരേ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.
മൂർക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. 334 കോടിയുടെ തട്ടിപ്പ് നടന്നെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയ കരുവന്നൂർ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസില്‍ പ്രധാന പ്രതിയാണ് ബിജു കരീം. തട്ടിപ്പുമായി ബന്ധപ്പെട്ട് ജോലിയില്‍നിന്ന് പിരിച്ചു വിട്ടിരുന്നു. ഇ.ഡി. രജിസ്റ്റർ ചെയ്ത കേസില്‍ മാപ്പുസാക്ഷിയാണ്.
ജയ്ഷയുടെ ഭർത്താവ് ഗൗതമൻ 2013 ഡിസംബർ ഏഴിന് കരുവന്നൂർ ബാങ്കില്‍നിന്ന് അഞ്ചു ലക്ഷം വായ്പയെടുത്തു. പിന്നീടിത് അടച്ചു തീർത്തു. കുറച്ചു പണം സ്ഥിരനിക്ഷേപമിടുകയും ചെയ്തു. 2018 ജൂണ്‍ 24-ന് ഗൗതമൻ മരിച്ചു.
2022-ല്‍ ജയ്ഷയുടെ വീട്ടിലെത്തിയ കരുവന്നൂർ ബാങ്കിലെ ഉദ്യോഗസ്ഥൻ ഗൗതമന്റെ പേരില്‍ ബാങ്കില്‍ 35 ലക്ഷത്തിന്റെ വായ്പാ കുടിശ്ശികയുണ്ടെന്നും അടച്ചു തീർക്കണമെന്നും ആവശ്യപ്പെട്ടു. 2013, 2015, 2016 വർഷങ്ങളിലായി 35 ലക്ഷത്തിന്റെ വായ്പയെടുത്തെന്നാണ് ബാങ്കുകാർ പറഞ്ഞത്. ഇത് വ്യാജ വായ്പയാണെന്ന് കാണിച്ച് പോലീസിലും ക്രൈംബ്രാഞ്ചിലും ബാങ്കിലും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
ഇക്കാലത്ത് ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമാണ് വ്യാജരേഖകള്‍ വെച്ച് വായ്പയെടുത്തതെന്ന് സംശയിക്കുന്നതായി കാണിച്ചാണ് പരാതി നല്‍കിയത്. ഇത് പോലീസും ബാങ്കും അവഗണിച്ചതോടെയാണ് കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്