ദില്ലി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ലോക്‌സഭയിലും നിയമസഭകളിലും 33% സംവരണം നടപ്പാക്കും. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉറച്ച തീരുമാനമാണിതെന്ന് അമിത് ഷാ പറഞ്ഞു.
ഭരണഘടന ദിനത്തോടനുബന്ധിച്ചുള്ള പ്രസംഗത്തിലാണ് അമിത്ഷായുടെ പ്രഖ്യാപനം. മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടി സ്ത്രീകൾക്ക് അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ വനിതാ സംവരണം നടപ്പാക്കുന്നതിന് കോൺഗ്രസ് തടസ്സം നിൽക്കുകയാണെന്നും, കോൺഗ്രസിനോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കോ വനിതാ സംവരണം നടപ്പാക്കുന്നത് തടയാൻ കഴിയില്ലെന്നും അമിത്ഷാ വ്യക്തമാക്കി. നവംബർ 30-ന് ലോക്‌സഭയും ഡിസംബർ 2-ന് രാജ്യസഭയും ചേരാനിരിക്കെ, ഏപ്രിലിൽ ആവശ്യമായ ഭരണഘടനാ ഭേദഗതികൾക്ക് ലഭിക്കാതെ പോയ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇത്തവണ ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
പുതിയ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെടുത്താതെ സംവരണം ഉടൻ നടപ്പാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ, സീറ്റുകളുടെ എണ്ണം കൂട്ടുന്നത് എംപിമാരുടെയും അവർ പ്രതിനിധീകരിക്കുന്ന ജനസംഖ്യയുടെയും അനുപാതം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ബിജെപിയുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
