ഹൈദരാബാദ്: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയും പ്രക്ഷോഭങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും ഡല്‍ഹിയില്‍ സംഘടിപ്പിച്ചത് വോട്ട് സംരക്ഷണ റാലിയല്ല, മറിച്ച് രാജ്യത്തേക്ക് കടന്നുകയറിയ അനധികൃത നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നാണ് അമിത് ഷായുടെ ആരോപണം.
ബിജെപിയുടെ രാജ്യവ്യാപക പ്രചാരണ പരിപാടിയായ 'ലോകതന്ത്ര ബച്ചാവോ, അരാജക്താ ഹട്ടാവോ' (ജനാധിപത്യം സംരക്ഷിക്കൂ, അരാജകത്വം അകറ്റൂ) എന്ന പേരില്‍ ഹൈദരാബാദില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വോട്ടര്‍ പട്ടികയില്‍ നിന്നും ഭാരത മണ്ണില്‍ നിന്നും എല്ലാ അനധികൃത നുഴഞ്ഞുകയറ്റക്കാരെയും ബിജെപി പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിലും വോട്ടവകാശത്തിലും ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് അധികാരമുള്ളത്. വോട്ടര്‍ പട്ടികയിലെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടികളെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാര്‍ അവരുടെ വോട്ട് ബാങ്കിന്റെ ഭാഗമായതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടര്‍ പട്ടികയില്‍ നിന്ന് 13 കോടി വോട്ടുകള്‍ നീക്കം ചെയ്‌തെന്ന രാഹുല്‍ ഗാന്ധിയുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഒഴിവാക്കപ്പെട്ടവരില്‍ 6.5 കോടി ആളുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറിയവരും, 2.5 കോടി പേര്‍ മരിച്ചവരും, 1 കോടി പേര്‍ ഇരട്ട വോട്ടുകളുള്ളവരുമാണ്. ബാക്കിയുള്ള 3 കോടി വോട്ടുകള്‍ നിലവിലില്ലാത്ത വ്യാജ വിലാസക്കാരും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടേതുമാണ്. ഇത്തരം അനധികൃത വോട്ടുകള്‍ നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി എന്തിനാണ് ഇത്രയേറെ ആഗ്രഹിക്കുന്നതെന്നും അമിത് ഷാ ചോദ്യം ഉയര്‍ത്തി.
പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു. രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും യഥാര്‍ത്ഥ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്നും, അതിന് കോണ്‍ഗ്രസ് നടത്തുന്ന മോക്ക് പാര്‍ലമെന്റുകള്‍ മാത്രമേ ശരണമുള്ളൂ എന്നും അമിത് ഷാ പറഞ്ഞു. വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും, ധൈര്യമുണ്ടെങ്കില്‍ ഒരു പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത് ചര്‍ച്ച നടത്താന്‍ രാഹുല്‍ ഗാന്ധിയെ അമിത് ഷാ വെല്ലുവിളിക്കുകയും ചെയ്തു.
ഇവിഎമ്മില്‍ ക്രമക്കേടുണ്ടെങ്കില്‍ തെലങ്കാനയില്‍ രേവന്ത് റെഡ്ഡി എങ്ങനെ മുഖ്യമന്ത്രിയായി എന്നും കേരളം, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പ്രതിപക്ഷം എങ്ങനെ അധികാരത്തില്‍ വന്നെന്നും അദ്ദേഹം ചോദിച്ചു. 10 വര്‍ഷത്തെ ഭരണകാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ കോണ്‍ഗ്രസ് ഇന്ന് വെന്റിലേറ്ററിലാണെന്നും, ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരെയുള്ള പോരാട്ടം ബിജെപി തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
