ചെന്നൈ: ശരീരം തളര്‍ന്ന് വീല്‍ചെയറിലായ എഴുപത്തൊന്നുക്കാരിയായ അമ്മയെ സ്വന്തം മകന്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലുള്ള മനവൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് നാടിനെയാകെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ശരീരത്തില്‍ വേദനാജനകമായ മുഴകള്‍ രൂപപ്പെടുന്ന ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന അപൂര്‍വ്വ അസുഖബാധിതയായിരുന്നു എസ്. പദ്മാവതി (71). രോഗവും വാര്‍ദ്ധക്യവും തളര്‍ത്തിയ അവരെ പരിചരിക്കാനും സംരക്ഷിക്കാനും മടിച്ചാണ് ഇളയ മകനായ പാര്‍ഥസാരഥി (44) പെറ്റമ്മയോട് ഈ ക്രൂരത കാട്ടിയത്.
ആശുപത്രി കിടക്കയിലെ ദിവസങ്ങള്‍ക്ക് ശേഷം, ഓഗസ്റ്റ് 16 നായിരുന്നു പദ്മാവതി വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അമ്മയെ മനവൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പാര്‍ഥസാരഥി കൂട്ടിക്കൊണ്ടുപോയി. പ്ലാറ്റ്ഫോമിലേക്കുള്ള പടവുകള്‍ കയറാന്‍ അപരിചിതരായ യാത്രക്കാരുടെ സഹായം തേടുമ്പോഴും, താന്‍ നടന്നു കയറുന്നത് സ്വന്തം മരണത്തിലേക്ക് ആണെന്ന് ആ അമ്മ അറിഞ്ഞിരുന്നില്ല.
സന്ധ്യയ്ക്ക് ഏഴുമണിയോടെ സ്റ്റോപ്പില്ലാത്ത യേലഗിരി എക്‌സ്പ്രസ് പാഞ്ഞെത്തിയ നിമിഷം, തണലാകേണ്ട മകന്റെ കൈകള്‍ അമ്മയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ പ്രാണന്‍ അവിടെ പൊലിഞ്ഞു. ആരും കാണാതെ ഇരുട്ടിലേക്ക് ഓടിമറയാമെന്ന് പാര്‍ഥസാരഥി കരുതിയെങ്കിലും, റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകള്‍ ഈ ക്രൂരത കൃത്യമായി പകര്‍ത്തിയിരുന്നു. പൊലീസിന്റെ തിരച്ചിലിനൊടുവില്‍ ഇയാള്‍ പിടിയിലായി.
2007 ല്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം ലഭിച്ചിരുന്ന തുച്ഛമായ 15000 രൂപ പെന്‍ഷന്‍ തുകയായിരുന്നു പദ്മാവതിയുടെ ഏക ആശ്രയം. മൂന്ന് മക്കളില്‍ ഇളയ മകന്റെ കൂടെ ആയിരുന്നു പദ്മാവതി താമസിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
