ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച് സുപ്രീം കോടതി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയിലാണ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്.
സാഹചര്യത്തിനനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെങ്കിലും ഒരുകാരണവശാലും പൂർണമായി നിരോധിക്കരുതെന്ന് കോടതി നിർദേശിച്ചു. നിയമവ്യവസ്ഥ പൂർണമായി തകരാറിലാകാത്തിടത്തോളം മെട്രോ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്നും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.
ജീവനും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണെന്നും പൗരന്മാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഈ അവകാശം ഒരുപോലെ ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ തെരുവുകളിലുണ്ടായിരുന്നവരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും നിർദേശിച്ചു.
ക്രമസമാധാനം നടപ്പാക്കുന്നതിന്റെ പേരിൽ പൊലീസിന് പരിധിവിട്ടു പ്രവർത്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കേണ്ടിവന്ന സാഹചര്യം എന്താണെന്നും അതിനായി സ്വീകരിച്ച നടപടികൾ ഏതൊക്കെയാണെന്നും വിശദീകരിക്കാനും ആവശ്യപ്പെട്ടു.
സംഭവത്തിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. ക്രമസമാധാന നടപടികൾ സ്വീകരിച്ച ഡൽഹി പൊലീസിനോടും മെട്രോ സർവീസുകൾ നിയന്ത്രിച്ച ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോടും റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
