ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ നിന്ന് വിയന്നയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ 900 അടി താഴ്ചയിലേക്ക് പൊടുന്നനെ വീണതായി റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വന്‍ ദുരന്തമുണ്ടായതിന് ഏതാനും ദിവസങ്ങള്‍ക്കകമാണ് ഈ സംഭവം. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പൈലറ്റുമാരെയും മാറ്റി നിര്‍ത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു.
ബോയിംഗ് 777 വിമാനമായ എഐ187 ജൂണ്‍ 14 ന് പുലര്‍ച്ചെ 2.56 നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. പറന്നുയര്‍ന്നതിന് ശേഷം വിമാനം പൊനുന്നനെ അന്തരീക്ഷത്തില്‍ 900 അടി താഴേക്ക് പതിക്കുകയായിരുന്നു. തുടര്‍ച്ചയായി വിമാനത്തിന് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. പൈലറ്റുമാരുടെ പരിശ്രമത്തിന് ശേഷം വിമാനം പഴയ ഉയരത്തിലേക്ക് തിരിച്ചെത്തി. ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും നീണ്ട പറക്കലിന് ശേഷം വിയന്നയില്‍ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്തു.
വിമാനം സ്ഥിരപ്പെടുത്താന്‍ പൈലറ്റുമാര്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചുവെന്നും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയെ അവഗണിച്ച് സുരക്ഷിതമായി യാത്ര തുടര്‍ന്നതായും എയര്‍ ഇന്ത്യ പറഞ്ഞു.
'പൈലറ്റിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന്, ചട്ടങ്ങള്‍ക്കനുസൃതമായി ഇക്കാര്യം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് (ഡിജിസിഎ) വെളിപ്പെടുത്തി. തുടര്‍ന്ന്, വിമാനത്തിന്റെ റെക്കോര്‍ഡറുകളില്‍ നിന്ന് ഡാറ്റ ലഭിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഫലം വരുന്നതുവരെ പൈലറ്റുമാരെ പുറത്താക്കിയിരിക്കുന്നു,' എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
ഡിജിസിഎ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുകയും എയര്‍ ഇന്ത്യയുടെ സുരക്ഷാ മേധാവിയെ വിശദീകരണത്തിനായി വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 242 യാത്രക്കാരും ജീവനക്കാരുമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് ഏകദേശം 38 മണിക്കൂറിന് ശേഷമാണ് ഈ ആശങ്കപ്പെടുത്തുന്ന സംഭവം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്