ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. സ്കൂളുകളും കോളേജുകളും പഠനത്തിനായുള്ള ഇടങ്ങളാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള വേദിയല്ലെന്നും വ്യക്തമാക്കിയുള്ള സർക്കുലറാണ് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്മോഹൻ പുറത്തിറക്കിയത്.
പുതിയ നിർദേശപ്രകാരം ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലേക്കും ക്ലാസ് മുറികളിലേക്കും പ്രവേശനം അനുവദിക്കൂ. രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
സ്കൂളുകൾ പഠനത്തിനുള്ള സ്ഥലമാണെന്നും ആരെയും അമിതമായി പുകഴ്ത്താനുള്ള വേദിയല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ക്ലാസ് മുറികളിലും സ്കൂൾ പരിസരങ്ങളിലും രാഷ്ട്രീയ നേതാക്കളുടെ ജന്മദിനാഘോഷങ്ങൾ നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും വിദ്യാഭ്യാസപരമായ പ്രസക്തിയും രാഷ്ട്രീയ നിഷ്പക്ഷതയും പാലിച്ചായിരിക്കണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് പൂർണമായും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.
സ്കൂൾ വിദ്യാർത്ഥികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റിനിർത്താൻ രക്ഷിതാക്കളും രാഷ്ട്രീയ നേതാക്കളും പാർട്ടി ഭേദമന്യേ സഹകരിക്കണമെന്നും മന്ത്രി എ. രാജ്മോഹൻ അഭ്യർഥിച്ചു.
അടുത്തിടെ വ്യവസായ മന്ത്രി എസ്. കീർത്തന സർക്കാർ സ്കൂൾ സന്ദർശിച്ചപ്പോൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ വിമർശിച്ചതും വിവാദമായിരുന്നു. വിരുധുനഗറിലെ ഒരു സർക്കാർ ഗേൾസ് ഹൈസ്കൂളിൽ നടത്തിയ സന്ദർശനത്തിനിടെ കുട്ടികൾക്ക് ഇംഗ്ലീഷിൽ മറുപടി നൽകാൻ കഴിയാത്തതിന് മുൻ സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെയാണ് മന്ത്രി കുറ്റപ്പെടുത്തിയിരുന്നത്. ഇതിനെതിരെ വിദ്യാർത്ഥികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ വിമർശനം ഉന്നയിച്ചു.
അതേസമയം, ടിവികെ പ്രവർത്തകർ ഒരു സ്കൂളിൽ കയറി ക്ലാസ് തടസ്സപ്പെടുത്തിയ സംഭവവും വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി വിജയിയുടെ ചിത്രം കൈയിൽ പിടിച്ച് ക്ലാസ് മുറിയിലെത്തിയ പ്രവർത്തകർ ചിത്രത്തിലുള്ളത് ആരാണെന്ന് വിദ്യാർത്ഥികളോട് ചോദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
