സൂറിച്ച്/ദുബായ്/വാഷിംഗ്ടണ്‍: നാല് മാസത്തോളമായി തുടരുന്ന യുഎസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്ന നിര്‍ണായക സമാധാന ചര്‍ച്ചകള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ തുടക്കമായി. ഇരുരാജ്യങ്ങളും തമ്മില്‍ 60 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായിട്ടുണ്ടെങ്കിലും, ആഗോള എണ്ണ വിപണിയുടെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചകളെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.
ശനിയാഴ്ച ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പ്രഖ്യാപിച്ചിരുന്നു. ലബനനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ യുഎസ് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇറാന്റെ ഈ നീക്കം. എന്നാല്‍ ഇറാന്റെ വാദങ്ങള്‍ യുഎസ് സൈന്യം പൂര്‍ണ്ണമായി തള്ളി. ശനിയാഴ്ച മാത്രം 1.7 കോടിയിലധികം ബാരല്‍ എണ്ണയുമായി 55 ചരക്കുകപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോയിട്ടുണ്ടെന്നും ഈ മേഖലയിലെ വാണിജ്യ ഗതാഗതത്തിന്റെ സുരക്ഷ യുഎസ് സൈന്യം ഉറപ്പാക്കുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കാലയളവിലോ അതിനുശേഷമോ കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് യാതൊരുവിധ നികുതിയും ഈടാക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍, മിഡില്‍ ഈസ്റ്റിന് നല്‍കുന്ന സുരക്ഷാ സേവനങ്ങള്‍ മുന്‍നിര്‍ത്തി യുഎസ് നികുതി ഏര്‍പ്പെടുത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന നിര്‍ണായകമായ ഈ സമാധാന ചര്‍ച്ചകള്‍ക്ക് ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധി സംഘങ്ങളാണ് നേതൃത്വം നല്‍കുന്നത്. അമേരിക്കന്‍ സംഘത്തെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആണ് നയിക്കുന്നത്. ട്രംപിന്റെ പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫ്, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും പ്രമുഖ നയതന്ത്രജ്ഞനുമായ ജാറെഡ് കുഷ്‌നര്‍ എന്നിവരും യുഎസ് സംഘത്തിലുണ്ട്. അതേസമയം, ഇറാന്റെ ചീഫ് നെഗോഷ്യേറ്ററായ മുഹമ്മദ് ബഖര്‍ ഖാലിബാഫിന്റെ നേതൃത്വത്തിലാണ് ഇറാന്‍ സംഘം എത്തിയിരിക്കുന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിക്ക് പുറമെ രാജ്യത്തെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും സെന്‍ട്രല്‍ ബാങ്ക്, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നതതല പ്രതിനിധികളും ഇറാന്‍ സംഘത്തിന്റെ ഭാഗമാണ്.
ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അവിടുത്തെ സാഹചര്യം ഇപ്പോഴും സങ്കീര്‍ണ്ണമായി തുടരുകയാണ്. ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഹിസ്ബുള്ള തങ്ങള്‍ക്കുനേരെ 50-ലധികം റോക്കറ്റുകള്‍ തൊടുത്തതായും അതിനുള്ള തിരിച്ചടിയാണ് നല്‍കിയതെന്നുമാണ് ഇസ്രായേലിന്റെ പ്രതികരണം. അതേസമയം, ഈ ചര്‍ച്ചകളില്‍ തങ്ങള്‍ ഭാഗമല്ലെന്നും പിടിച്ചെടുത്ത ലെബനന്‍ പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആഗോള ഊര്‍ജ്ജ വിപണിയെയും മിഡില്‍ ഈസ്റ്റിന്റെ ഭാവിയെയും നിര്‍ണ്ണയിക്കുന്ന ഈ സമാധാന ചര്‍ച്ചകളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പുരോഗതിയുണ്ടാകുമെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രത്യാശ പ്രകടിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
