കെയ്‌റോ: രാജ്യാന്തര ഉച്ചകോടി ഇന്ന് ഈജിപ്തില്‍ നടക്കും. ഗാസ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഇരുപത് ഇന പദ്ധതി ചര്‍ച്ച ചെയ്യാനാണ് ഉച്ചകോടി ചേരുന്നത്.
ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖില്‍ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുടെയും അധ്യക്ഷതയില്‍ ഇരുപതോളം ലോക നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. എന്നാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ പ്രതിനിധികളാരും എത്തില്ല. ഇസ്രയേലില്‍ നിന്ന് ആരെയും അയയ്ക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് ഷോഷ് ബെഡ്രോസിയന്‍ എഎഫ്പിയോടു പ്രതികരിച്ചു. നെതന്യാഹു എത്തുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെയാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.
ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍, തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ മെലോനി, സ്‌പെയിന്‍ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേല്‍, പാലസ്തീന്‍ ജനതകളുടെ ന്യായമായ ആവശ്യങ്ങളെ ബഹുമാനിച്ചുകൊണ്ടുള്ള തുടര്‍ ചര്‍ച്ചകളുമായി സമാധാന വഴിയില്‍ എല്ലാവരും ധൈര്യപൂര്‍വം മുന്നോട്ടു നീങ്ങണമെന്ന് ഉച്ചകോടിക്ക് ആശംസ നേര്‍ന്നുകൊണ്ടു ലിയോ മാര്‍പാപ്പ പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ കര്‍മപദ്ധതിക്കൊപ്പം പശ്ചിമേഷ്യയില്‍ സുസ്ഥിരമായ സമാധാനം പുലര്‍ന്നു കാണുന്നതിനു വേണ്ട നടപടികളും ഉച്ചകോടി സമഗ്രമായി ചര്‍ച്ചചെയ്യും. അതേസമയം, ഗാസ സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയും ശനിയാഴ്ചയാണ് ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്