ന്യൂയോര്‍ക്ക്: ഭൂമിയുടെ അവസാനം കരുതിയതിനേക്കാള്‍ നേരത്തെ ആയിരിക്കുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍. നാസയുടെ ശാസ്ത്രജ്ഞരും ജപ്പാനിലെ ടോഹോ സര്‍വകലാശാലയിലെ ഗവേഷകരും ചേര്‍ന്ന് നടത്തിയ 'ദി ഫ്യൂച്ചര്‍ ലൈഫ് സ്പാന്‍ ഓഫ് എര്‍ത്ത്സ് ഓക്സിജനേറ്റഡ് അറ്റ്മോസ്ഫിയര്‍' എന്ന പഠനത്തിലാണ് ഇങ്ങനെ ഒരു നിരീക്ഷണം.
സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് ഈ ഗവേഷകര്‍ ഭൂമിയുടെ ഭാവി എങ്ങനെ ആയിരിക്കുമെന്ന് ആവിഷ്‌കരിച്ചത്. ഏകദേശം നൂറ് കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂമിയുടെ അന്തരീക്ഷം വാസയോഗ്യമല്ലാതാവുമെന്ന് ഇവരുടെ ഗവേഷണ മോഡലുകള്‍ പറയുന്നു. നേരത്തെ കരുതിയതിനേക്കാള്‍ കുറഞ്ഞ കാലയളവാണിത്. പ്രായം കൂടുംതോറും സൂര്യന്‍ കൂടുതല്‍ ചൂടും വികിരണങ്ങളും പുറത്തുവിടുമെന്നും തത്ഫലമായി ഭൂമി ചുട്ടുപൊള്ളുന്ന ജീവനില്ലാത്ത ഇടമായി മാറുമെന്നമാണ് പഠനം പറയുന്നത്. ഈ പഠനമനുസരിച്ച് സമുദ്രങ്ങള്‍ വരണ്ടുണങ്ങും, ഓക്സിജന്‍ ഇല്ലാതാവും, സൂക്ഷ്മജീവികള്‍ക്ക് പോലും അതിജീവിക്കാനാകാതെ വരും എന്നാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
മുന്‍കാല കണക്കുകള്‍ പ്രകാരം, ഭൂമിയുടെ ജൈവമണ്ഡലത്തിന് ഏകദേശം 200 കോടി വര്‍ഷത്തെ ആയുസ്സാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍, 400,000-ലധികം കമ്പ്യൂട്ടര്‍ മോഡലുകളെ അടിസ്ഥാനമാക്കിയ പുതിയ സിമുലേഷനുകള്‍, നമ്മുടെ ഗ്രഹത്തിന്റെ ആയുസ്സ് ഇത്രയും ദീര്‍ഘമല്ലെന്ന് സൂചിപ്പിക്കുന്നു. സൂര്യന്റെ വര്‍ധിച്ചുവരുന്ന പ്രകാശ തീവ്രതയാണ് ഭൂമിയുടെ ജൈവ മണ്ഡലത്തിന്റെ ആയുസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. ഈ കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍, വിദൂര ഭാവിയില്‍ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് ക്രമേണ കുറയാന്‍ തുടങ്ങുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ കസുമി ഒസാക്കി വ്യക്തമാക്കി.
ഭൂമിയിലെ ജീവന്‍ ഒറ്റയടിക്ക് ഇല്ലാതാകില്ല. പകരം, ഓക്സിജന്റെ അളവ് പതുക്കെ കുറഞ്ഞ്, സൂക്ഷ്മജീവികള്‍ മാത്രം അവശേഷിക്കുന്ന അവസ്ഥയിലേക്ക് എത്തും. ഒടുവില്‍, സൂക്ഷ്മജീവികളും പൂര്‍ണമായി അപ്രത്യക്ഷമാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ ദീര്‍ഘകാല പ്രക്രിയയുടെ പ്രാരംഭ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ ദൃശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. സൗര കൊടുങ്കാറ്റുകളും കൊറോണല്‍ മാസ് ഇജക്ഷനുകളും ഉള്‍പ്പെടെയുള്ള സൗര പ്രവര്‍ത്തനങ്ങളുടെ വര്‍ധന ഭൂമിയുടെ കാന്തികക്ഷേത്രത്തെയും അന്തരീക്ഷത്തെയും ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
