സിംഗപ്പൂരിൽ അനുസരണക്കേട് കാണിക്കുന്ന വിദ്യാർത്ഥികളെ ചില സാഹചര്യങ്ങളിൽ ചൂരൽകൊണ്ട് അടിച്ച് ശിക്ഷിക്കാൻ അധ്യാപകർക്ക് അനുമതിയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ഡെസ്മണ്ട് ലീ സ്ഥിരീകരിച്ചു.
പുതിയ ആന്റി-ബുള്ളിയിംഗ് നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പാർലമെന്റിൽ മറുപടി പറയുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം 9 വയസുള്ള കുട്ടികളെ പോലും ചൂരൽകൊണ്ട് ശിക്ഷിക്കുന്നതിന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. “മറ്റെല്ലാ നടപടികളും പര്യാപ്തമാകാത്ത ഗുരുതര സാഹചര്യങ്ങളിൽ മാത്രമാണ് സ്കൂളുകൾ ചൂരൽ ശിക്ഷ ഉപയോഗിക്കുന്നത്” എന്നാണ് ഡെസ്മണ്ട് ലീ പറഞ്ഞത്.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉദാഹരണത്തിന്, സ്കൂൾ പ്രിൻസിപ്പലിന്റെ അനുമതിയോടെയാണ് ശിക്ഷ നൽകുക. കൂടാതെ, അധികാരപ്പെടുത്തിയ അധ്യാപകർക്ക് മാത്രമേ അത് ചെയ്യാനാകൂ. 2027 മുതൽ സിംഗപ്പൂരിലെ സ്കൂളുകളിൽ പുതിയ ചട്ടക്കൂട് നടപ്പിലാക്കാനാണ് പദ്ധതി.
ശിക്ഷ നൽകുന്നതിന് മുമ്പ് വിദ്യാർത്ഥിയുടെ പ്രായപക്വത, ചെയ്ത തെറ്റിന്റെ ഗൗരവം, ചൂരൽ ശിക്ഷ കുട്ടിയെ തന്റെ തെറ്റ് മനസിലാക്കാൻ സഹായിക്കുമോയെന്നത് തുടങ്ങിയ കാര്യങ്ങൾ സ്കൂളുകൾ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
കുട്ടികൾക്ക് വ്യക്തമായ അതിരുകളും കർശനമായ ശിക്ഷാനടപടികളും ഉണ്ടായാൽ അവർ നല്ല തീരുമാനങ്ങൾ എടുക്കാൻ പഠിക്കുമെന്നാണ് പഠനങ്ങൾ കാണിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് ബുള്ളിയിംഗ് കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പ്രകാരം, ആൺകുട്ടികൾക്ക് മാത്രമാണ് ചൂരൽ ശിക്ഷ അനുവദിച്ചിരിക്കുന്നത്. അതും അവസാന മാർഗമായി, ഗുരുതര കുറ്റങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ചട്ടം.
കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്കൂളുകളിലെ ശാരീരിക ശിക്ഷ വളരെ കുറവായിട്ടുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം, ലോകത്ത് നാലിലൊന്ന് മുതൽ പകുതി വരെ കുട്ടികൾ സ്കൂളുകളിൽ ഇപ്പോഴും ശാരീരിക ശിക്ഷ നേരിടുന്നുണ്ട്.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാം എന്നും അത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കാമെന്നും 2025 ഓഗസ്റ്റിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
