ബ്രിട്ടീഷ് ഹാസ്യനടനും അഭിനേതാവുമായ റസ്സൽ ബ്രാൻഡിനെതിരെ ബലാത്സംഗ കുറ്റവും ലൈംഗിക പീഡന കുറ്റവും ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി വ്യക്തമാക്കി ലണ്ടൻ പൊലീസ്. ഇയാൾക്കെതിരെ കൂടുതൽ സ്ത്രീകൾ പരാതിയുമായി മുന്നോട്ട് വന്നതിനെ തുടർന്ന് ആണ് നടപടി ഉണ്ടായത്.
ബ്രാൻഡിനെതിരെയുള്ള പുതിയ കുറ്റങ്ങൾ ഏപ്രിലിൽ ചുമത്തിയ കേസുകൾക്ക് പുറമേയുള്ളവയാണെന്നും, പുതുതായി പരാതി ഉന്നയിച്ച രണ്ട് സ്ത്രീകളുമായി ബന്ധപ്പെട്ടവയാണെന്നും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ചൊവ്വാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, തന്റെ സാഹചര്യം സംബന്ധിച്ച സത്യം ആളുകൾ മനസ്സിലാക്കണം എന്ന ആഗ്രഹം ബ്രാൻഡ് പ്രകടിപ്പിച്ചു. “എന്റെ മനസ്സറിയാതെ ഞാൻ ചെയ്ത പാപങ്ങളുടെ വർഷങ്ങളിൽ ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അവർ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ ആരാണെന്നതിന്റെ പൂർണ്ണ സത്യം വ്യക്തമായി വെളിപ്പെടട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു” എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
എന്നാൽ പുതിയ കേസിനെ കുറിച്ച് അദ്ദേഹമോ അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളോ പ്രതികരിക്കാൻ തയാറായില്ല.
2023 സെപ്റ്റംബറിലാണ് ദി സൺഡേ ടൈംസ് പത്രവും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ ചാനൽ 4 ഉം നാല് സ്ത്രീകൾ ബ്രാൻഡിനെതിരെ ബലാത്സംഗവും ആക്രമണവും ആരോപിച്ചുവെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പൊലീസ് പുറത്തു വിട്ട വാർത്താക്കുറിപ്പ് പ്രകാരം, ഇയാൾക്കെതിരെ ആരോപിക്കപ്പെടുന്ന സംഭവങ്ങൾ 1999 മുതൽ 2005 വരെ നടന്നവയാണ്. ഇതുമായി ബന്ധപ്പെട്ട്, ബ്രാൻഡിനെതിരെ രണ്ട് ബലാത്സംഗ കേസുകളും, ഒരു അശ്ലീല ആക്രമണക്കേസും, രണ്ട് ലൈംഗിക പീഡന കേസുകളും ചുമത്തിയിരുന്നു. എല്ലാ കുറ്റങ്ങളും അദ്ദേഹം മേയ് മാസത്തിൽ നിഷേധിച്ചു. ഏപ്രിൽ 4-ന് എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ പ്രസ്താവനയിൽ, താൻ സമ്മതമില്ലാത്ത ലൈംഗിക പ്രവർത്തനങ്ങളിൽ ഒരിക്കലും ഏർപ്പെട്ടിട്ടില്ല എന്ന് ബ്രാൻഡ് പറഞ്ഞു.
പുതിയ കേസുകൾ ചേർന്നതോടെ, ആകെ ആറു സ്ത്രീകൾ റസ്സൽ ബ്രാൻഡിനെതിരെ പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ് എന്നും പോലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
