ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവില വർധനവും വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കും ഇന്ത്യൻ രൂപയെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് തള്ളിയിട്ടു.
തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 50 പൈസ ഇടിഞ്ഞ് 94.03 (പ്രൊവിഷണൽ) എന്ന റെക്കോർഡ് താഴ്ചയിലെത്തി. രൂപയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂല്യം 94 കടക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ഡോളർ കരുത്താർജ്ജിച്ചതും ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ വൻ ഇടിവുമാണ് രൂപയ്ക്ക് തിരിച്ചടിയായതെന്ന് ഫോറെക്സ് വ്യാപാരികൾ നിരീക്ഷിക്കുന്നു.
വെള്ളിയാഴ്ച 93.53 എന്ന നിലയിലായിരുന്ന രൂപ, തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 93.84-ലേക്ക് താഴ്ന്നിരുന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും നില മെച്ചപ്പെടുത്താൻ കഴിയാതെ വന്നതോടെയാണ് 94 എന്ന മനഃശാസ്ത്രപരമായ പരിധി രൂപ മറികടന്നത്.
പടിഞ്ഞാറൻ ഏഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഭ്യന്തര വിപണിയിലെ തളർച്ചയുമാണ് രൂപയെ ഇത്രയധികം ദുർബലമാക്കിയതെന്ന് മിറേ അസറ്റ് ഷെയർഖാനിലെ റിസർച്ച് അനലിസ്റ്റ് അനുജ് ചൗധരി പറഞ്ഞു.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (FPI) വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതും എണ്ണവിലയിലെ വർധനവും രൂപയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു. വരും ദിവസങ്ങളിൽ രൂപ 93.60 മുതൽ 94.40 വരെയുള്ള പരിധിയിൽ വ്യാപാരം തുടരാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
