ലൂവ്ര്‍ മ്യൂസിയത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത രണ്ട് പുരുഷന്മാര്‍ മോഷണത്തിൽ ഭാഗികമായി അവരുടെ പങ്ക് സമ്മതിച്ചു എന്ന് വ്യക്തമാക്കി അധികാരികള്‍. പവര്‍ ടൂളുകള്‍ ഉപയോഗിച്ച് അവർ മ്യൂസിയത്തിലെ അപ്പോളോൺ ഗാലറിയിലേക്ക് കയറി ഫ്രഞ്ച് രാജകീയാഭരണങ്ങളില്‍ ചിലത് മോഷ്ടിച്ചതായി ആണ് സംശയിക്കുന്നത്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകൾ സന്ദര്‍ശിക്കുന്ന മ്യൂസിയമായ ലൂവ്രില്‍ നിന്ന് ഒക്ടോബര്‍ 19-ന് ആണ് 4 കള്ളന്മാര്‍ പകല്‍ വെളിച്ചത്തില്‍ കയറി ഏകദേശം €88 മില്യണ്‍ (₹760 കോടി) വിലവരുന്ന വസ്തുക്കള്‍ മോഷ്ടിച്ചത്.
അതേസമയം മോഷണത്തിൽ കാണാതായ ആഭരണങ്ങള്‍ ഇതുവരെ വീണ്ടെടുത്തിട്ടില്ലെന്നും, സിസിടിവിയില്‍ കണ്ട നാലുപേർ അല്ലാതെ മറ്റുള്ളവര്‍ക്കും ഈ സംഘവുമായി ബന്ധമുണ്ടാകാമെന്നും പാരീസ് പ്രോസിക്യൂട്ടര്‍ ലോറ ബേക്ക്വോ അറിയിച്ചു.
അറസ്റ്റിലായ രണ്ട് പുരുഷന്മാരും മുപ്പതുകളിലുള്ളവരാണ്. ഇരുവര്‍ക്കും മുമ്പ് ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നെന്നും, അന്വേഷണത്തില്‍ കണ്ടെത്തിയ DNA തെളിവുകളിലൂടെ ഇവരെ തിരിച്ചറിഞ്ഞതാണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഒരു പ്രതിയെ അല്‍ജീരിയയിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്. എന്നാൽ മറ്റൊരാള്‍ ഫ്രാന്‍സില്‍ നിന്നു പോകാന്‍ ശ്രമിച്ചിട്ടില്ലെന്നും, അതിനെക്കുറിച്ച് മുൻപ് പുറത്തു വന്ന വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്നും ബേക്ക്വോ വ്യക്തമാക്കി.
അതേസമയം തട്ടിപ്പിന് മ്യൂസിയത്തിനുള്ളിലെ ജീവനക്കാരന്‍മാര്‍ക്ക് പങ്കില്ലെന്നതിനുള്ള തെളിവുകളൊന്നും നിലവില്‍ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. “ആഭരണങ്ങള്‍ കണ്ടെത്തുകയും വീണ്ടും ലൂവ്രിലേക്കും രാജ്യത്തേക്കും തിരിച്ചെത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു” എന്നും അവര്‍ പറഞ്ഞു.
നപോളിയന്‍ മൂന്നാമന്റെ ഭാര്യയായ എംപ്രസ് യൂജീനിയയുടെ കിരീടം കള്ളന്‍മാര്‍ രക്ഷപ്പെടുന്നതിനിടെ താഴെ വീണു. അതിന് ഉണ്ടായ നാശനഷ്ടം ഇപ്പോഴും വിലയിരുത്തുകയാണ്. ഞായറാഴ്ച അറസ്റ്റുകള്‍ നടന്നപ്പോള്‍, കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തേ പുറത്തുവന്നതിനെ പ്രോസിക്യൂട്ടര്‍ വിമര്‍ശിച്ചു. അത് ആഭരണങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്കും പ്രതികളെ പിടികൂടാനുള്ള അന്വേഷണത്തിനും തടസ്സമായി എന്ന് അവര്‍ പറഞ്ഞു.
സംഭവത്തിന് ശേഷം ഫ്രാന്‍സിലെ സാംസ്കാരിക സ്ഥാപനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കവര്‍ച്ചയ്ക്ക് ശേഷം ലൂവ്ര്‍ മ്യൂസിയം അതിലെ വിലപ്പെട്ട ആഭരണങ്ങള്‍ ഫ്രാന്‍സ് ബാങ്കിലേക്ക് മാറ്റി, അവയെ പാരീസിലെ ആസ്ഥാനം നിലനില്‍ക്കുന്ന ഭൂമിയടിയിലെ 26 മീറ്റര്‍ (85 അടി) ആഴത്തിലുള്ള സുരക്ഷിത ട്രഷറിയില്‍ സൂക്ഷിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
