ഗാസ നഗരത്തിലെ മുഴുവൻ ജനങ്ങളോടും ഒഴിയാൻ ഇസ്രായേൽ ഉത്തരവിട്ടിരിക്കുകയാണ്. ഗാസാ പട്ടണത്തിന്റെ വടക്കൻ ഭാഗം പിടിച്ചടക്കാനാണ് ഇസ്രായേൽ സേന തയ്യാറാകുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തുടർച്ചയായ ഇസ്രായേൽ വ്യോമാക്രമണങ്ങൾ കെട്ടിടങ്ങളെ തകർക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നഗരത്തിന്റെ 40% പ്രദേശത്ത് പ്രവർത്തനാത്മക നിയന്ത്രണം നേടിയതായി സൈന്യം വ്യക്തമാക്കുന്നു. ഭൂസേനകൾ "ഹമാസിന്റെ അവസാനത്തെ പ്രധാന കോട്ട" പിടിച്ചടക്കാൻ ഒരുങ്ങുന്നതായും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതിനോടകം പ്രഖ്യാപിച്ചിരുന്നു.
നെതന്യാഹുവിന്റെ കണക്കു പ്രകാരം ഏകദേശം 1 ലക്ഷം പേർ ആണ് നഗരം വിട്ടത്. എന്നാൽ ഇനിയും ഏകദേശം 10 ലക്ഷം പേർ ഗാസയിൽ കുടുങ്ങിക്കിടക്കുകയാണ്. പലരും കൂടാരങ്ങളിലും അഭയകേന്ദ്രങ്ങളിലും കഴിയുന്നു.
അതേസമയം ഇവരിൽ പലരും "പോകാൻ തയ്യാറല്ല, പോകാൻ കഴിയുന്നില്ല" എന്നും പ്രതികരിച്ചു. അമ്മാർ സുക്കർ എന്ന താമസക്കാരൻ, വീട്ടിനടുത്തുള്ള ടവർ ബ്ലോക്കിൽ ആക്രമണം നടന്നതിന് ശേഷം പറഞ്ഞു:"നെതന്യാഹു, നിങ്ങൾക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും, ഞങ്ങൾ പോകുന്നില്ല. ഹമാസിലേക്കാണ് നിങ്ങൾക്ക് പോകേണ്ടത്, അവരെ നേരിടൂ. ഞങ്ങൾ കുറ്റക്കാരല്ല. ഇവിടെ അടക്കം ചെയ്യേണ്ടിവന്നാലും, ഞങ്ങൾ പോകുന്നില്ല. ഇതാണ് എന്റെ നാട്".
സൈന്യം ആക്രമണം തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ഒഴിയാൻ സമയം തന്നുവെന്നും, തിരിച്ചെത്തിയപ്പോൾ കൂടാരങ്ങളും ഭക്ഷണവും എല്ലാം ഇല്ലാതായിരുന്നുവെന്നും പോകാൻ ഞങ്ങളുടെ കൈയിൽ പണമില്ലെന്നും യാത്രചെലവ് 1,500 ഷെക്കലാണെന്നും ഭക്ഷണം വാങ്ങാനും കഴിയുന്നില്ലെന്നും വയൽ ഷബാൻ എന്ന മറ്റൊരു താമസക്കാരൻ പ്രതികരിച്ചു.
അതേസമയം ഇസ്രായേൽ സൈന്യം പോകാൻ ജനങ്ങളോട് പറയുമ്പോൾ "സുരക്ഷിത മേഖലകളിൽ ധാരാളം ഭക്ഷണം, വെള്ളം, അഭയം" ഉണ്ടെന്ന് ഉറപ്പ് തരുന്നു. എന്നാൽ സഹായ സംഘടനകൾ പറയുന്നത് അനുസരിച്ചു അവർക്ക് അയക്കുന്ന തെക്കൻ മേഖലകൾ ഇപ്പോൾ തന്നെ ആളുകളാൽ നിറഞ്ഞിരിക്കുകയാണ്, ഭക്ഷണവും മരുന്നും ഇല്ലാതെയാണ് അവർ അവിടെ കഴിയുന്നത് എന്നാണ് അവർ വ്യക്തമാക്കുന്നത്.
"ഗാസയിലെ ഒരു സ്ഥലവും ഇത്തരത്തിലുള്ള വലിയ ജനസംഖ്യയെ സ്വീകരിക്കാൻ സജ്ജമല്ല. ഇത്തരമൊരു ഒഴിപ്പിക്കൽ പദ്ധതി 'പ്രായോഗികമല്ല' എന്നാണ് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി (ICRC) പറഞ്ഞത്. ഇസ്രായേൽ സൈന്യം ഇപ്പോൾ റഫാഹിനു സമീപം (30 കിലോമീറ്റർ തെക്ക്) പുതിയ സഹായ വിതരണ കേന്ദ്രം നിർമ്മിക്കുകയാണ്. ആയിരക്കണക്കിന് പുതിയ കൂടാരങ്ങളും സ്ഥാപിക്കുന്നതായും, ഈജിപ്തിൽ നിന്ന് പുതിയ വെള്ള പൈപ്പ്‌ലൈനും കൊണ്ടുവരുന്നതായും സൈന്യം അറിയിച്ചു.
അതേസമയം BBC റിപ്പോർട്ടർമാർക്ക് ഡിസംബർ 2023 മുതൽ ഗാസയിൽ പ്രവേശനം ലഭിച്ചിട്ടില്ല. ഇപ്പോൾ ആദ്യമായി, സൈനിക അനുമതിയോടെ, പുതിയ സഹായ കേന്ദ്രം സന്ദർശിക്കാൻ കഴിഞ്ഞു. എന്നാൽ സ്വതന്ത്ര റിപ്പോർട്ടുകൾ തയ്യാറാക്കാൻ മാധ്യമങ്ങൾക്കു ഗാസയിലേക്ക് പോകാൻ ഇസ്രായേൽ അനുവാദം നൽകുന്നില്ല.
റഫാഹ് നഗരത്തിന്റെ പഴയ അതിർത്തിയിലൂടെ കടന്നുപോകുമ്പോൾ തകർന്ന കെട്ടിടങ്ങളും, പൊടിഞ്ഞ വീടുകളും മാത്രമാണ് ശേഷിച്ചിരിക്കുന്നത്. നഗരം മരുഭൂമിയായി മാറി. ജീവിതം പൂർണ്ണമായും ഇല്ലാതായി. പുതിയ സഹായ കേന്ദ്രത്തിനായി മണിമേടങ്ങളും കോൺക്രീറ്റ് മതിലുകളും പണിതിട്ടുണ്ട്.
"സുരക്ഷിതവും വേഗതയേറിയതുമായ വഴി ഒരുക്കുകയാണ് ലക്ഷ്യം. ആളുകൾക്ക് വളരെ കുറച്ച് ദൂരം മാത്രമേ നടക്കേണ്ടി വരൂ. കൊള്ളകളില്ലെന്ന് 100% ഉറപ്പ് നൽകാം" എന്നാണ് ഇസ്രായേൽ സൈനിക വക്താവ് ലഫ്. കേണൽ നദവ് ഷോഷാനി വ്യക്തമാക്കുന്നത്.
എന്നാൽ ഐക്യരാഷ്ട്രസഭ പറയുന്നത് അനുസരിച്ചു മേയ് മുതൽ ഇസ്രായേൽ പിന്തുണയോടെ പ്രവർത്തിക്കുന്ന Gaza Humanitarian Foundation (GHF) സഹായകേന്ദ്രങ്ങളിൽ ഭക്ഷണം നേടാൻ ശ്രമിക്കവെ 1,100-ത്തിലധികം പേർ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ.
"ഹമാസിനെ തോൽപ്പിക്കാൻ ഇനി ഒരു വലിയ ആക്രമണം മാത്രം ആണ് ബാക്കി. അതിന് ശേഷം മാത്രമേ യഥാർത്ഥ വിജയം സാധ്യമാകൂ എന്നാണ് നെതന്യാഹു ഇപ്പോൾ വീണ്ടും പറഞ്ഞത്.
എന്നാൽ, ഗാസ നഗരത്തിൽ ഏകദേശം 10 ലക്ഷം പേർ കുടുങ്ങിക്കിടക്കുമ്പോൾ, ഹമാസിന്റെ സങ്കീർണ്ണ തുരങ്കങ്ങളിലും വീഥികളിലും പോരാട്ടം നടത്തുന്നത് വളരെ അപകടകരമായ കാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
