ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണസഖ്യത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു. തീവ്ര യാഥാസ്ഥിതിക പാര്‍ട്ടിയായ ഷാസ് സര്‍ക്കാര്‍ വിട്ടതോടെയാണ് നെതന്യാഹു സര്‍ക്കാര്‍ ന്യൂനപക്ഷമായി ചുരുങ്ങിയത്. സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാട് മാറ്റിയാണ് ഷാസ് സഖ്യം വിട്ടത്.
കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. ഷാസിന്റെ 11 അംഗങ്ങള്‍ രാജി വെച്ചതോടെ നെതന്യാഹു സര്‍ക്കാരിന്റെ അംഗബലം 50 ആയി കുറഞ്ഞു.
നിര്‍ബന്ധിത സൈനിക സേവനത്തിന് മതപരമായ കാരണങ്ങളാല്‍ യാഥാസ്ഥിതികരായ ജൂത പുരുഷന്മാര്‍ക്ക് നല്‍കിവരുന്ന ഇളവുകള്‍ കുറയ്ക്കുന്ന ഒരു നിര്‍ദ്ദിഷ്ട നിയമത്തെച്ചൊല്ലിയാണ് ഷാസ് ഉടക്കിപ്പിരിഞ്ഞിരിക്കുന്നത്. മറ്റൊരു തീവ്ര യാഥാസ്ഥിതിക പാര്‍ട്ടിയായ യുണൈറ്റഡ് തോറ ജൂഡായിസം പാര്‍ട്ടിയും ഇതേ വിഷയത്തില്‍ ഈ ആഴ്ചയുടെ ആദ്യം ഭരണസഖ്യം വിട്ടിരുന്നു.
മുന്നണി വിട്ടെങ്കിലും ചില നിയമങ്ങളില്‍ ഭരണമുന്നണിക്കൊപ്പം വോട്ട് ചെയ്യുമെന്ന് ഷാസ് പറഞ്ഞു. ന്യൂനപക്ഷമായെങ്കിലും നെതന്യാഹു സര്‍ക്കാരിന് തുടര്‍ന്നും ഭരിക്കാന്‍ പുറത്തുനിന്നുള്ള ഈ പിന്തുണ മതിയാവും. അതിനാല്‍ നേരത്തെയുള്ള തെരഞ്ഞെടുപ്പിന് ഈ മുന്നണി വിടല്‍ കാരണമാവില്ല.
എന്നിരുന്നാലും ഒരു ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുന്നത് നെതന്യാഹുവിന് വലിയ വെല്ലുവിളിയാകും. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെ എതിര്‍ക്കുന്ന തീവ്ര വലതുപക്ഷ സഖ്യകക്ഷികളില്‍ നിന്ന് നെതന്യാഹുവിന് ഇനി കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്