അസ്താന: കസാഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എംഎസ് 29 പേടകത്തില്‍ ഇന്ത്യന്‍ വംശജനായ നാസ ബഹിരാകാശ യാത്രികന്‍ അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു. റഷ്യന്‍ ബഹിരാകാശ യാത്രികരായ പ്യോട്ടര്‍ ദുബ്രോവ്, അന്നാ കി കിന എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. അനില്‍ മേനോന്റെ ആദ്യ ബഹിരാകാശ ദൗത്യമാണിത്.
ഏകദേശം എട്ട് മാസം നീണ്ടുനില്‍ക്കുന്ന ദൗത്യ പൂര്‍ത്തീകരണത്തിന് ശേഷം 2027 ഏപ്രിലില്‍ സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ഇവര്‍, നിലവില്‍ അവിടെ ശാസ്ത്ര പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എക്‌സ്‌പെഡിഷന്‍ 74 സംഘത്തോടൊപ്പം ചേരും. നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, റോസ്‌കോസ്‌മോസ് എന്നിവയുടെ പ്രതിനിധികളായ ഒന്‍പത് പേരാണ് നിലവില്‍ നിലയത്തിലുള്ളത്.
എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ദ്ധനായ അനില്‍ മേനോന്‍, മനുഷ്യന്റെ ബഹിരാകാശ യാത്രാ വികസനത്തിനും ഭൂമിയിലെ ചികിത്സാ രംഗത്തിനും ഒരുപോലെ സഹായകരമാകുന്ന രീതിയിലുള്ള ഗവേഷണങ്ങള്‍ക്കാണ് ദൗത്യത്തില്‍ നേതൃത്വം നല്‍കുന്നത്. ബഹിരാകാശത്തെ സൂക്ഷ്മഗുരുത്വാകര്‍ഷണ അന്തരീക്ഷത്തില്‍ രക്തയോട്ടത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, അര്‍ദ്ധചാലക ക്രിസ്റ്റലുകളുടെ നിര്‍മ്മാണം, കൃത്രിമബുദ്ധിയും ഓഗ്മെന്റഡ് റിയാലിറ്റിയും അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ എന്നിവ അദ്ദേഹം പരീക്ഷണവിധേയമാക്കും.
ചാന്ദ്ര അടിത്തറ നിര്‍മ്മാണത്തിനും തുടര്‍ന്നുള്ള ചൊവ്വാ ദൗത്യങ്ങള്‍ക്കും മുന്നോടിയായുള്ള നിര്‍ണായക ചുവടുവെപ്പാണ് ഈ എട്ട് മാസത്തെ ദൗത്യമെന്ന് അനില്‍ മേനോന്‍ വ്യക്തമാക്കി. മുന്‍പ് അപേക്ഷ നിരസിക്കപ്പെട്ടിരുന്നെങ്കിലും 2021-ല്‍ നാസയുടെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു അദ്ദേഹം. അനില്‍ മേനോന്റെ ഭാര്യ അന്നാ മേനോനും നാസയിലെ ബഹിരാകാശ യാത്രികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
