ടെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിൻ്റെ മകൻ മൊജ്തബ ഹുസൈനി ഖമേനിയെ തിരഞ്ഞെടുത്തു. ഫെബ്രുവരി 28-ന് നടന്ന അമേരിക്കൻ-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് പുതിയ നേതൃത്വത്തെ അസംബ്ലി ഓഫ് എക്സ്പെർട്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇസ്രായേൽ മാധ്യമങ്ങളാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. ഖമേനിയുടെ വിയോഗത്തിന് ശേഷം അസംബ്ലി ഓഫ് എക്സ്പെർട്സ് കെട്ടിടത്തിന് നേരെയും ആക്രമണങ്ങൾ ഉണ്ടായെങ്കിലും, അതീവ രഹസ്യമായി നടന്ന കൂടിയാലോചനകൾക്കൊടുവിലാണ് പുതിയ നേതാവിനെ നിശ്ചയിച്ചത്.
36 വർഷം ഇറാനെ നയിച്ച അലി ഖമേനിയുടെ അന്ത്യം ടെഹ്റാനിലെ അദ്ദേഹത്തിൻ്റെ വസതിക്ക് നേരെയുണ്ടായ കനത്ത മിസൈൽ ആക്രമണത്തിലാണ് സംഭവിച്ചത്. ഖമേനിക്കൊപ്പം മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമേനിയുടെ പത്നി മൻസൂറെ ഖൊജസ്തേ ബാഗർസാദെയും പിന്നീട് മരണത്തിന് കീഴടങ്ങി.
ഖമേനിയുടെ മൃതദേഹം വിശുദ്ധ നഗരമായ മഷാദിലാകും സംസ്കരിക്കുക. ഇതിന് മുന്നോടിയായി ടെഹ്റാനിൽ വൻ യാത്രയയപ്പ് ചടങ്ങുകൾ സംഘടിപ്പിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചിട്ടുണ്ട്. എന്നാൽ സംസ്കാര ചടങ്ങുകളുടെ കൃത്യമായ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് കടുത്ത ഭരണപ്രതിസന്ധി നിലനിന്നിരുന്നു. പിൻഗാമിയെ മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ, ആയത്തുള്ള അലിരേസ അറാഫി, പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്‌സെനി എജെ എന്നിവരടങ്ങിയ മൂന്നംഗ താൽക്കാലിക സമിതിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭരണം നിയന്ത്രിച്ചിരുന്നത്.
ഇറാൻ്റെ ആണവ പരീക്ഷണങ്ങൾ പുനരാരംഭിച്ചുവെന്നാരോപിച്ച് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന സൈനിക നീക്കത്തിൽ ഇതുവരെ 700-ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
