സോൾ: തൻ്റെ കൗമാരക്കാരിയായ മകളെ വീണ്ടും പൊതുവേദിയിൽ കൊണ്ടുവന്ന് ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉൻ. ഇതോടെ ലോകശ്രദ്ധ വീണ്ടും ഉത്തരകൊറിയയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ഈ നീക്കം, രാജ്യത്തിൻ്റെ പിൻഗാമിയായി മകൾ വരാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിൻ്റെ 80-ാം വാർഷികം ആഘോഷിക്കുന്ന ചൈനയുടെ കൂറ്റൻ സൈനിക പരേഡിൽ പങ്കെടുക്കാൻ കിം ചൈനയിലെത്തിയപ്പോഴാണ് മകളെയും കൊണ്ടുവന്നത്.
ഉത്തരകൊറിയയുടെ ഭരണത്തിൻ കീഴിൽ, കിം ജോങ് ഉന്നിന്റെ മക്കളുടെ വിവരങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. 2022-ൽ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ വേളയിൽ പിതാവിനൊപ്പം പ്രത്യക്ഷപ്പെട്ടതുവരെ ലോകത്തിന് അവളെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. പേരോ പ്രായമോ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ ദക്ഷിണ കൊറിയൻ ഇന്റലിജൻസ് ഏജൻസികൾ വിശ്വസിക്കുന്നത് അവൾക്ക് 13 വയസ്സുണ്ടെന്നും, മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരൻ ഡെന്നിസ് റോഡ്മാൻ ‘ജു എ’ എന്ന് വിശേഷിപ്പിച്ച അതേ കുട്ടിയുമാണ് അവളെന്നുമാണ്. 2013-ൽ കിമ്മിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചപ്പോഴാണ് റോഡ്മാൻ ഈ കുട്ടിയെക്കുറിച്ച് പരാമർശിച്ചത്.
ദക്ഷിണ കൊറിയയുടെ ഇന്റലിജൻസ് ഏജൻസി ജു എയെ കിം ജോങ് ഉന്നിന്റെ ഏറ്റവും സാധ്യതയുള്ള പിൻഗാമിയായി കണക്കാക്കുന്നു. പുരുഷാധിപത്യ രാജവംശത്തിൽ ഒരു സ്ത്രീക്ക് പരമോന്നത സ്ഥാനത്തെത്താൻ കഴിയുമോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ടെങ്കിലും, ഈ നീക്കങ്ങൾ ഒരു പിൻഗാമിയെ വാർത്തെടുക്കുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമാകാനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുന്നുണ്ട്.
പോങ്‌യാങ്ങിൽ തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കിയ കിം ജു എ ആദ്യമായാണ് ഒരു രാജ്യാന്തര പരിപാടിയിൽ പങ്കെടുക്കുന്നതും. കിമ്മിന്‍റെ ഭാര്യ കൈകാര്യം ചെയ്തിരുന്ന ഔദ്യോഗിക ഉത്തരവാദിത്തങ്ങളും മകൾക്ക് കൈമാറി എന്നാണ് വിവരം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉത്തരകൊറിയ കിം കുടുംബത്തിന്റെ ഏകാധിപത്യത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്