ജെറുസലേം: ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അടിയന്തരമായി പുനരാരംഭിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. അതേസമയം തന്നെ ഗാസ നഗരം പിടിച്ചെടുക്കാനും ഹമാസിനെ നശിപ്പിക്കാനുമുള്ള സൈന്യത്തിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
'ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹമാസിനെ പരാജയപ്പെടുത്താനുമുള്ള ഐഡിഎഫിന്റെ പദ്ധതികള്‍ക്ക് ഞാന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അതേ സമയം, നമ്മുടെ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനും ഇസ്രായേലിന് സ്വീകാര്യമായ വ്യവസ്ഥകള്‍ക്ക് വിധേയമായി യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്' നെതന്യാഹു പറഞ്ഞു.
ഹമാസിന്റെ അവസാന ശക്തികേന്ദ്രമായ ഗാസ നഗരം പിടിച്ചെടുക്കാന്‍ ഏകദേശം 60,000 റിസര്‍വ് സൈനികരെ വിളിക്കാനുള്ള പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ചര്‍ച്ചകള്‍ക്കുള്ള ആഹ്വാനങ്ങള്‍ വരുന്നത്.
ഈ ആഴ്ച ആദ്യം ഹമാസ് പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചതിനുശേഷം മധ്യസ്ഥര്‍ ഇസ്രായേലിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു. പുതിയ കരാറില്‍ ബന്ദികളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുന്നത് ഉള്‍പ്പെടുന്നു. അതേസമയം ഏതൊരു കരാറിലും എല്ലാ ബന്ദികളെയും ഒരേസമയം മോചിപ്പിക്കണമെന്ന് ഇസ്രായേല്‍ നിര്‍ബന്ധം പിടിച്ചിട്ടുണ്ടെന്ന് പലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
