കോപ്പൻഹേഗൻ: ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, യുഎസ് സൈനിക നീക്കം തടയാൻ ഗ്രീൻലാൻഡിലെ വിമാനത്താവള റൺവേകൾ സ്ഫോടനത്തിലൂടെ തകർക്കാൻ ഡെന്മാർക്ക് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയതിന് പിന്നാലെ ഗ്രീൻലാൻഡും താൻ സ്വന്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് ഡാനിഷ് സൈന്യം അതീവ രഹസ്യമായി 'ഓപ്പറേഷൻ ആർട്ടിക് എൻഡുറൻസ്' എന്ന പേരിൽ പ്രതിരോധ പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ദ ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ യുദ്ധവിമാനങ്ങൾ ഗ്രീൻലാൻഡിൽ ഇറങ്ങുന്നത് തടയാൻ റൺവേകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നതായിരുന്നു പദ്ധതിയുടെ പ്രധാന ഭാഗം. സാധാരണ സൈനിക പരിശീലനങ്ങളിൽ നിന്ന് വ്യത്യസ്തമായി വൻതോതിൽ സ്ഫോടകവസ്തുക്കളും ഗ്രീൻലാൻഡിലെ സ്വയംഭരണ പ്രദേശത്തേക്ക് എത്തിച്ചിരുന്നു.
നാറ്റോയുടെ സംയുക്ത പരിശീലനം എന്ന വ്യാജേന ഡാനിഷ് സൈന്യത്തിനൊപ്പം ഫ്രഞ്ച്, ജർമ്മൻ, സ്വീഡിഷ് സൈനികരും ഈ നീക്കത്തിൽ പങ്കാളികളായി. ഡാനിഷ് എഫ്-35 യുദ്ധവിമാനങ്ങളും ഫ്രഞ്ച് നാവികസേനയുടെ കപ്പലുകളും വടക്കൻ അറ്റ്ലാന്റിക് മേഖലയിൽ നിലയുറപ്പിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
1940-ലെ നാസി അധിനിവേശത്തിന് ശേഷം ഡെന്മാർക്ക് നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായാണ് പ്രതിരോധ വകുപ്പ് ഇതിനെ വിലയിരുത്തിയത്. അമേരിക്കയുമായി നേരിട്ടൊരു യുദ്ധത്തിൽ വിജയിക്കാൻ കഴിയില്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും, രാജ്യം ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഡാനിഷ് സർക്കാർ.
എന്നാൽ ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ, സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ട്രംപ് ഭീഷണിയിൽ നിന്ന് പിന്മാറുകയായിരുന്നു. ഗ്രീൻലാൻഡ് വിഷയത്തിൽ നാറ്റോയുമായി ഒരു 'ധാരണാപത്രത്തിൽ' എത്തിയതായി ട്രംപ് പ്രഖ്യാപിച്ചതോടെയാണ് ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധിക്ക് താൽക്കാലിക ശമനമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
