കീവ്: ശനിയാഴ്ച പുലർച്ചെ ഉക്രെയ്നിലുടനീളം റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവ് ഉൾപ്പെടെ അഞ്ച് പ്രവിശ്യകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അറിയിച്ചു.
430 ഡ്രോണുകളും 68 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും ഉക്രെയ്ൻ വ്യോമപ്രതിരോധ സേന തകർത്തെങ്കിലും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും സ്കൂളുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
കീവ് മേഖലയിലാണ് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കീവിന് പുറമെ സുമി, ഖാർകിവ്, ഡിനിപ്രോ, മൈക്കോളൈവ് എന്നിവിടങ്ങളിലും റഷ്യൻ ആക്രമണമുണ്ടായി.
ഊർജ്ജ നിലയങ്ങൾ തകർന്നതിനെത്തുടർന്ന് ആറ് പ്രവിശ്യകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. മധ്യേഷ്യയിലെ (ഇറാൻ) യുദ്ധ സാഹചര്യം മുതലെടുത്ത് യൂറോപ്പിൽ കൂടുതൽ നാശമുണ്ടാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് സെലൻസ്‌കി എക്‌സിൽ കുറിച്ചു. അത്യാധുനിക വ്യോമപ്രതിരോധ ആയുധങ്ങൾ നൽകി സഹായിക്കണമെന്ന് അദ്ദേഹം സഖ്യകക്ഷികളോട് അഭ്യർത്ഥിച്ചു.
ആക്രമണത്തെത്തുടർന്ന് അതിർത്തി രാജ്യമായ പോളണ്ട് തങ്ങളുടെ വ്യോമാതിർത്തി സംരക്ഷിക്കാൻ യുദ്ധവിമാനങ്ങൾ വിന്യസിച്ചെങ്കിലും അതിർത്തി ലംഘനങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുദ്ധം നാല് വർഷം പിന്നിടുമ്പോഴും യുക്രെയ്നിലെ ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
