ബെയ്‌റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്ത് ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രമായ റൗഷെ മേഖലയിലെ റമദ ഹോട്ടൽ കെട്ടിടത്തിലെ ഒരു അപ്പാർട്ട്‌മെന്റിന് നേരെയാണ് ഞായറാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്.
ഇറാന്റെ റെവല്യൂഷണറി ഗാർഡിന് (IRGC) കീഴിലുള്ള ഖുദ്‌സ് ഫോഴ്‌സിന്റെ ഉന്നത കമാൻഡർമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. സംഘർഷം പുനരാരംഭിച്ച ശേഷം ഇതാദ്യമായാണ് ബെയ്‌റൂട്ട് നഗരത്തിന്റെ മധ്യഭാഗത്ത് ഇസ്രായേൽ ബോംബാക്രമണം നടത്തുന്നത്.
ഇസ്രായേലിനെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഖുദ്‌സ് ഫോഴ്‌സിന്റെ ലെബനൻ വിഭാഗം കമാൻഡർമാരാണ് ഹോട്ടലിൽ ഉണ്ടായിരുന്നതെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. എന്നാൽ ഇവരുടെ പേരുകൾ സൈന്യം വെളിപ്പെടുത്തിയിട്ടില്ല.
ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റതായും ഇതിൽ കുട്ടികളും ഉൾപ്പെടുമെന്നും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദക്ഷിണ ലെബനനിലെ യുദ്ധഭൂമിയിൽ നിന്ന് പലായനം ചെയ്ത് എത്തിയ സാധാരണക്കാരാണ് ഈ ഹോട്ടലിലും പരിസരത്തും താമസിച്ചിരുന്നത്. പുലർച്ചെ 3:30-ഓടെ നടന്ന സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ലെബനനിലുള്ള ഇറാൻ ഉദ്യോഗസ്ഥരോട് ഉടൻ രാജ്യം വിടണമെന്ന് ഇസ്രായേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വാരങ്ങളിൽ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ദാവൂദ് അലി സാദെ ഉൾപ്പെടെയുള്ള പ്രമുഖരെ ഇസ്രായേൽ വധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഗുഹകളിൽ ഒളിപ്പിച്ച 'കൊതുക് പട'; ഹോർമുസ് കടലിടുക്കിനെ വിറപ്പിക്കാൻ ഇറാന്റെ ചെറിയ ബോട്ടുകൾ;
യുദ്ധത്തിനും അടിച്ചമർത്തലുകൾക്കും പിന്നാലെ ഇറാനിൽ ആശങ്ക വർദ്ധിക്കുന്നു; ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ കടുക്കുമെന്ന് ഭീതി
ഹോർമുസ് കടലിടുക്കിൽ വെടിവെപ്പിന് മുൻപ് ഏതാനും കപ്പലുകൾ കടന്നുപോയി; കപ്പൽ ട്രാക്കിംഗ് വിവരങ്ങൾ
ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ച് ഇറാൻ; 'ബ്ലാക്ക് മെയിലിംഗ്' അനുവദിക്കില്ലെന്ന് ട്രംപിന്റെ മുന്നറിയിപ്പ്