മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഫുജൈറയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തം. ശനിയാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഫുജൈറ തുറമുഖത്തെ എണ്ണ വിതരണ നടപടികൾ ഭാഗികമായി നിർത്തിവെച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ആകാശത്തുവെച്ച് ഡ്രോൺ തകർത്തപ്പോഴുണ്ടായ അവശിഷ്ടങ്ങൾ വീണാണ് തീപിടുത്തമുണ്ടായതെന്നും ആർക്കും പരിക്കേറ്റില്ലെന്നും എമിറേറ്റ്സ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായിലെ സാമ്പത്തിക കേന്ദ്രത്തിന് സമീപം കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
വീണുകിടക്കുന്ന വസ്തുക്കളിൽ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്നും ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NCEMA) ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് എയർ കാനഡ തങ്ങളുടെ ടൊറന്റോ-ദുബായ് വിമാന സർവീസുകൾ മെയ് 1 വരെ റദ്ദാക്കി.
സുരക്ഷിതമായ ആകാശപാത ഉറപ്പാക്കിയ ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കൂ എന്ന് എയർലൈൻ വ്യക്തമാക്കി. ഇതിനിടെ അയൽരാജ്യമായ ബഹ്‌റൈനിലും ഇറാനിയൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ധന ടാങ്കുകൾക്ക് തീപിടിക്കുകയും വ്യോമാക്രമണ മുന്നറിയിപ്പായ സൈറണുകൾ മുഴങ്ങുകയും ചെയ്തു. അമേരിക്ക-ഇറാൻ യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ അതീവ ജാഗ്രതയാണ് തുടരുന്നത്.
രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയതിനും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും കർശന നടപടികളാണ് യുഎഇ സ്വീകരിക്കുന്നത്. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ദൃശ്യങ്ങളും എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ സ്ഫോടന ദൃശ്യങ്ങളും പ്രചരിപ്പിച്ചതിന് പത്ത് പേരെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് അയച്ചു.
അബുദാബിയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും സംഭവസ്ഥലത്തെ ലൊക്കേഷനുകൾ പങ്കുവെച്ചതിനും വിദേശികളടക്കം 45 പേരെ പോലീസ് പിടികൂടി. ഇറാനിയൻ മിസൈലുകളുടെ ദൃശ്യങ്ങൾ പകർത്തിയതിന് 60 വയസ്സുകാരനായ ബ്രിട്ടീഷ് പൗരനെതിരെയും സൈബർ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
